
സർവീസിലിരിക്കെ മരിക്കുന്ന ഉദ്യോഗസ്ഥരുടെ ആശ്രിതർക്ക് സർക്കാർ ജോലി നൽകുന്ന ആശ്രിതനിയമന വ്യവസ്ഥയിൽ റവന്യൂവകുപ്പിൽ നടക്കുന്നത് അനുപാതം തെറ്റിച്ചുള്ള നിയമനം; റവന്യൂ വകുപ്പിൽ ആശ്രിതനിയമനം വഴിയെത്തിയത് 13 ശതമാനത്തിലേറെപ്പേർ
ആലപ്പുഴ: സർവീസിലിരിക്കെ മരിക്കുന്ന ഉദ്യോഗസ്ഥരുടെ ആശ്രിതർക്ക് സർക്കാർ ജോലി നൽകുന്ന ആശ്രിതനിയമന വ്യവസ്ഥയിൽ റവന്യൂവകുപ്പിൽ നടക്കുന്നത് അനുപാതം തെറ്റിച്ചുള്ള നിയമനം. എല്ലാവരും റവന്യൂവകുപ്പിലേക്ക് വരാൻ ആഗ്രഹിക്കുന്നതാണ് പ്രശ്നം. ഓരോ വകുപ്പിലും അഞ്ചുശതമാനം വീതം ഒഴിവാണ് ആശ്രിത നിയമനത്തിനായി സംവരണം ചെയ്തിട്ടുള്ളത്.
റവന്യൂ വകുപ്പിലെ സംസ്ഥാനതല കണക്കു പരിശോധിച്ചാൽ ആശ്രിതനിയമനം വഴിയെത്തിയത് 13 ശതമാനത്തിലേറെപ്പേരാണെന്ന് കാണാം. ഇത് 37 ശതമാനം വരെ എത്തിയ ജില്ലയുമുണ്ട്. കഴിഞ്ഞദിവസം റവന്യൂമന്ത്രി നിയമസഭയിൽ പറഞ്ഞ കണക്കു ക്രോഡീകരിച്ചപ്പോഴാണ് ഇത് വ്യക്തമായത്.
മറ്റു വകുപ്പുകളിൽ മരിക്കുന്ന ഉദ്യോഗസ്ഥരുടെ ആശ്രിതരും റവന്യൂവകുപ്പിൽ കയറിപ്പറ്റാൻ പല മാർഗങ്ങളും സ്വീകരിക്കുന്നുണ്ട്. മധ്യകേരളത്തിലെ ഒരു ജില്ലയിൽ ആകെയുള്ള ആറു ഡെപ്യൂട്ടി കളക്ടർമാരും ആശ്രിതനിയമനത്തിലൂടെ സർവീസിൽ കയറിയവരാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

സബോഡിനേറ്റ് സർവീസിലോ ലാസ്റ്റ് ഗ്രേഡ് സർവീസിലോ പാർട്ട് ടൈം കണ്ടിൻജന്റ് സർവീസിലോ നേരിട്ടു നിയമനം നടത്തുന്ന ഏറ്റവും താഴത്തെ തസ്തികയിലാകണം ആശ്രിതനിയമനമെന്നാണു നിയമം. ടൈപ്പിസ്റ്റ്, എൽഡി ക്ലാർക്ക് വിഭാഗങ്ങളിലേക്കു നിയമിക്കുന്നത് മരിച്ച ജീവനക്കാരന്റെ ബന്ധപ്പെട്ട വകുപ്പിൽത്തന്നെയാകണമെന്നും നിബന്ധനയുണ്ട്.
റവന്യൂവകുപ്പിലെ ആകെ ഉദ്യോഗസ്ഥരുടെ എണ്ണവും ആശ്രിതനിയമനം ലഭിച്ചവരുടെ എണ്ണവും സംബന്ധിച്ച് നിയമസഭയിൽ സി.ആർ. മഹേഷ് എംഎൽഎയുടെ ചോദ്യത്തിനുള്ള മറുപടിയിലാണ് ആശ്രിതനിയമന വിവരം പുറത്തുവന്നത്. പാലക്കാട് ജില്ലയിലെ ഉയർന്ന തസ്‌തികയിലുള്ള ആശ്രിതനിയമനക്കാരുടെ കാര്യം മറുപടിയിൽ വ്യക്തമാക്കിയിട്ടില്ല. അവിടെ 37 ശതമാനം ആശ്രിതനിയമനക്കാരുണ്ട്.
അഞ്ച് ശതമാനത്തിലധികം ആശ്രിതനിയമനം നടത്തുന്നത് നേരിട്ട് നിയമനം ലഭിച്ചെത്തിയവരുടെ സ്ഥാനക്കയറ്റ സാധ്യത കുറയ്ക്കും. ആശ്രിത നിയമന വ്യവസ്ഥയിൽ കാലോചിതമാറ്റം കൊണ്ടുവരണം എന്ന് ആവശ്യപ്പെട്ട് ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പിനും ചീഫ് സെക്രട്ടറിക്കും 2023-ൽ നിവേദനം നൽകിയിരുന്നു.
ഇതേക്കുറിച്ച് വിവരാവകാശപ്രകാരം പിന്നീട് ചോദിച്ചപ്പോൾ അവ്യക്തമായ മറുപടിയാണ് കിട്ടിയത് – ചന്ദ്രദാസ് കേശവപിള്ള, സാമൂഹിക പ്രവർത്തകൻ (ആശ്രിതനിയമന വ്യവസ്ഥയിൽ രണ്ട് പ്രധാന ഭേദഗതിക്ക് കാരണക്കാരനായ ആൾ).