ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിന്റെ മരണത്തിൽ ഗുരുതര ആരോപണവുമായി കുടുംബം; അധ്യാപകർ ക്രൂരമായി ഉപദ്രവിച്ചെന്ന് കുടുംബം

Spread the love

കണ്ണൂരില്‍ അഞ്ചരക്കണ്ടി മെഡിക്കല്‍ കോളേജിലെ ഒന്നാംവര്‍ഷ ബിഡിഎസ് വിദ്യാര്‍ത്ഥി കെട്ടിടത്തില്‍ നിന്ന് ചാടി മരിച്ച സംഭവത്തില്‍ ഗുരുതര ആരോപണവുമായി കുടുംബം. വകുപ്പ് മേധാവിയുടെ മാനസിക പീഡനമാണ് നിതിന്‍ രാജിന്റെ (22) മരണത്തിന് കാരണമെന്നാണ് കുടുംബത്തിന്റെ ആരോപണം. ജാതിയുടെയും നിറത്തിന്റെയും അടിസ്ഥാനത്തില്‍ എച്ച്ഒഡി അധിക്ഷേപിച്ചിരുന്നതായി നിതിന്റെ പിതാവ് രാജന്‍ ആരോപിച്ചു. കുട്ടിയെ പുഴുത്ത പട്ടി എന്നാണ് വകുപ്പ് മേധാവി വിളിച്ചിരുന്നതെന്ന് അമ്മ ലത പറഞ്ഞു. സീനിയേഴ്‌സിന്റെ ഭാഗത്തുനിന്നും റാഗിംഗ് ഉണ്ടായെന്നും വെളിപ്പെടുത്തലുണ്ട്. തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിയാണ് മരിച്ച നിതിന്‍ രാജ്.

video
play-sharp-fill

ഡെന്റൽ അനാട്ടമി വിഭാഗം മേധാവിയും അധ്യാപകരും നിതിനെ ക്രൂരമായി ഉപദ്രവിച്ചെന്നാണ് കുടുംബത്തിന്റെ ആരോപണം. നിതിനെ മാനസികമായി തളർത്തി. ജാതി പറഞ്ഞും സാമ്പത്തികം പറഞ്ഞും അധിക്ഷേപിച്ചു. എച്ച്ഒഡിക്ക് എതിരെ നിതിൻ പരാതി നൽകിയതിൽ വൈരാഗ്യം ഉണ്ടായിരുന്നു. നിതിൻ ആത്മഹത്യ ചെയ്യില്ലെന്നും കുടുംബം ആവർത്തിച്ചു. അതേസമയം ഇന്ന് അവധിക്ക് നാട്ടിൽ വരാനിരിക്കെയാണ് നിതിന്റെ മരണം. ഇന്നലെ കോളേജ് കെട്ടിടത്തിൽ നിന്ന് വീണ നിലയിലാണ് നിതിനെ കണ്ടെത്തിയത്. നിതിൻ മെറിറ്റ് സീറ്റിൽ ആണ് ഈ വർഷം അഡ്മിഷൻ എടുത്തത്. പെയിന്റിംഗ് തൊഴിലാളിയായ രാജന്റെയും ലതയുടെയും മകനാണ് നിതിൻ.