വീണ്ടും യുവ ഡൽഹി..! ഇത്തവണ വീഴ്ത്തിയത് തലയുടെ ചെന്നൈയെ; ഐ.പി.എല്ലിന്റെ പതിമൂന്നാം പതിപ്പിൽ വീണ്ടും ഡൽഹി ഒന്നാം സ്ഥാനത്ത്

തേർഡ് ഐ സ്‌പോട്‌സ്

ദുബായ്: ഐ.പി.എല്ലിലെ ഇത്തവണത്തെ ഏറ്റവും മികച്ച ടീം ഏതാണെന്ന ചോദ്യത്തിന് യുവാക്കളെ കുത്തി നിറച്ച ടീം ഡൽഹി തന്നെയാണ് എന്ന് ഒറ്റ ഉത്തരം. ആ ഉത്തരം ശരിയാണ് എന്നു വീണ്ടും വീണ്ടും തെളിയിച്ചിരിക്കുകയാണ് ഡൽഹി ക്യാപിറ്റൽസിന്റെ പോരാട്ടവീര്യം. ശിഖർ ധവാന്റെ സെഞ്ച്വറിക്കരുത്തിൽ തലയുടെ ചെന്നൈ ടീമിനെയാണ് ഇപ്പോൾ ഡൽഹി വീഴ്ത്തിയത്.

ചെന്നൈ സൂപ്പർ കിങ്സിന് എതിരെ അഞ്ച് വിക്കറ്റ് ജയം. ശിഖർ ധവാന്റെ തകർപ്പൻ സെഞ്ചുറി(102)യും അവസാന ഓവറിൽ അഞ്ച് പന്തിൽ 21 റൺസെടുത്ത അക്സർ പട്ടേലിന്റെ മിന്നൽ പ്രകടനവും, കളി ഡൽഹിയുടെ വരുതിയിലാക്കി. രവീന്ദ്ര ജഡേജ അവസാന ഓവർ ഗംഭീരമായി തുടങ്ങിയെങ്കിലും അവസാന നാല് പന്തിലെ മൂന്നു സിക്സറുകൾ ചെന്നൈയുടെ ഹൃദയം തകർത്തു. 19.5 ഓവറിൽ ക്യാപിറ്റൽസ് അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 185 റൺസെടുത്തു. ചെന്നൈക്ക് ഇത് സീസണിലെ മറ്റൊരു വലിയ പരാജയം കൂടിയാണ്. മികച്ച ടോട്ടൽ പടുത്തുയർത്തിയിട്ടും ധോണിക്കും കൂട്ടർക്കും ശ്രേയസ് അയ്യരിനും ടീമിനും മുന്നിൽ തല കുനിക്കേണ്ടി വന്നു.

ഫാഫ് ഡുപ്ലേസി (58 റൺസ്), ഷെയ്ൻ വാട്സൻ (36 റൺസ്), അമ്ബാട്ടി റായുഡു (പുറത്താകാതെ 45 റൺസ്), രവീന്ദ്ര ജഡേജ (പുറത്താകാതെ 33 റൺസ്) എന്നിവരുടെ ബാറ്റിങ് മികവിൽ ചെന്നൈ 20 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 179 റൺസെടുത്തു. അവസാന 5 ഓവറിൽ 67 റൺസാണ് ചെന്നൈ അടിച്ചുകൂട്ടിയത്. ടോസ് നേടിയ ചെന്നൈ സൂപ്പർ കിങ്സ് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. സ്‌കോർ ബോർഡ് തുറക്കും മുൻപേ ചെന്നൈയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. തുഷാർ ദേശ്പാണ്ഡെ എറിഞ്ഞ ആദ്യ ഓവറിലെ മൂന്നാം പന്തിൽ ആന്റിച്ച് നോർജെ ക്യാച്ചെടുത്ത് സാം കറൻ (പൂജ്യം) മടങ്ങി. തുടർന്നെത്തിയ ഷെയ്ൻ വാട്സനുമായി ചേർന്ന് ഫാഫ് ഡുപ്ലേസി സ്‌കോർ ഉയർത്തി.

ഒൻപതാം ഓവറിൽ ചെന്നൈ സ്‌കോർ 50 കടന്നു. 12 ാം ഓവറിൽ ഫാഫ് ഡുപ്ലേസി അർധശതകം തികച്ചു. 39 പന്തിൽ 2 സിക്സും 5 ഫോറും ഉൾപ്പെടെയാണ് ഡുപ്ലേസി അർധസെഞ്ചുറി നേടിയത്. തൊട്ടടുത്ത പന്തിൽ ഷെയ്ൻ വാട്സനെ (28 പന്തിൽ ആറു ഫോറുൾപ്പെടെ 36 റൺസ്) ആന്റിച്ച് നോർജെ ബൗൾഡാക്കി. നിർണായകമായ 87 റൺസ് കൂട്ടുകെട്ടാണ് ഡുപ്ലേസി വാട്സൻ സഖ്യം പടുത്തുയർത്തിയത്. 14 ാം ഓവറിൽ ചെന്നൈ സ്‌കോർ 100 കടന്നു.

ഇരുടീമുകളും ഈ സീസണിലെ ആദ്യഘട്ടത്തിൽ ഏറ്റുമുട്ടിയപ്പോൾ ഡൽഹി 44 റൺസിനു ചെന്നൈയെ പരാജയപ്പെടുത്തിയിരുന്നു.എട്ടു മത്സരങ്ങളിൽ നിന്നു ആറു ജയങ്ങളുമായി പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ള ഡൽഹി ഇന്നത്തെ ജയത്തോടെ മുംബൈയെ മറികടന്ന് വീണ്ടും ഒന്നാമതെത്തി. അതേസമയം, എട്ടു മത്സരങ്ങളിൽ നിന്ന് മൂന്നു ജയങ്ങളുമായി ആറാം സ്ഥാനത്തുള്ള ചെന്നൈയ്ക്ക് ഇതു ജീവന്മരണ പോരാട്ടമായിരുന്നു. കഴിഞ്ഞ മൽസരത്തിൽ ഡൽഹി 13 റൺസിനു രാജസ്ഥാനെ പരാജയപ്പെടുത്തിയപ്പോൾ ഹൈദരാബാദിനെ 20 റൺസിനാണ് ചെന്നൈ പരാജയപ്പെടുത്തിയത്.