ഡൽഹി കലാപത്തിനു പിന്നിൽ സീതാറാം യെച്ചൂരിയും: യെച്ചൂരിയെ അടക്കം പ്രതിയാക്കി ഡൽഹി പൊലീസ് റിപ്പോർട്ട്; കലാപത്തിലെത്തിയത് പൗരത്വ ഭേദഗതി ബില്ലിനെതിരായ പ്രതിഷേധം

തേർഡ് ഐ ബ്യൂറോ

ന്യൂഡൽഹി: രാജ്യത്തെ പൗരത്വ ഭേദഗതി ബില്ലിനെതിരായ പ്രതിഷേധ സമരങ്ങൾക്കു നേതൃത്വം നൽകിയ സി.പി.എം നേതാക്കൾ അടക്കമുള്ളവർക്കു ഡൽഹി കലാപത്തിൽ പങ്കെന്നു റിപ്പോർട്ട്. ഡൽഹി കലാപ ഗൂഢാലോചനയിൽ സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, സ്വരാജ് അഭിയാൻ നേതാവ് യോഗേന്ദ്ര യാദവ് തുടങ്ങിയവർ പങ്കാളിയെന്നു സൂചിപ്പിക്കുന്ന കുറ്റപത്രമാണ് ഡൽഹി പൊലീസ് ഇപ്പോൾ സമർപ്പിച്ചിരിക്കുന്നത്.

ഡൽഹി പൊലീസ് കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിലാണ് യെച്ചൂരി ഉൾപ്പെടെ രാഷ്ട്രീയ നേതാക്കളുടെയും ആക്ടിവിസ്റ്റുകളുടെയും പേരുള്ളത്. സാമ്പത്തിക വിദഗ്ധ ജയതി ഘോഷ്, ഡൽഹി യൂനിവേഴ്‌സിറ്റി പ്രഫസർ അപൂർവാനന്ദ്, ഡോക്യുമെൻററി സംവിധായകൻ രാഹുൽ റോയ് എന്നിവരും ഗൂഢാലോചനയിൽ പങ്കെടുത്തവരുടെ പട്ടികയിലുണ്ട്.

പൗരത്വ ഭേദഗതിയുമായി ബന്ധപ്പെട്ട അസംതൃപ്തി പ്രകടിപ്പിക്കാൻ ഏതറ്റം വരെയും പോകാൻ സമരാനുകൂലികളോട് ഇവർ ആവശ്യപ്പെട്ടുവെന്നാണ് കുറ്റപത്രം പറയുന്നത്. പൗരത്വ ഭേദഗതി നിയമവും പൗരത്വ നിയമവും മുസ്ലിം വിരുദ്ധമാണെന്ന് പ്രചരിപ്പിക്കുകയും അതുവഴി ഇന്ത്യൻ സർക്കാറിൽ അവമതിപ്പുണ്ടാക്കാനുമുള്ള ശ്രമമുണ്ടായതായും അനുബന്ധ കുറ്റപത്രം പറയുന്നതായി റിപ്പോർട്ടിൽ പറയുന്നു.

വനിതാ കൂട്ടായ്മയായ പിഞ്ച്ര ടോഡ് അംഗങ്ങളും ജെഎൻയു വിദ്യാർത്ഥികളുമായ ദേവങ്കണ കലിത, നതാഷ നർവാൾ, ജാമിയ മിലിയ ഇസ്ലാമിയയിലെ ഗൾഫിഷ ഫാത്തിമ എന്നീ മൂന്ന് വിദ്യാർത്ഥികളുടെ കുറ്റസമ്മതത്തെ അടിസ്ഥാനമാക്കിയാണ് പ്രമുഖരെ പ്രതികളാക്കിയത്.മൂന്നു പേർക്കുമെതിരെ നിരവധി വകുപ്പുകൾ പ്രകാരമുള്ള കേസുകളാണ് നിലവിൽ നടക്കുന്നത്.

മൂന്നേപേരും യുഎപിഎ ചുമത്തപ്പെട്ടവരാണെന്നും റിപ്പോർട്ടിലുണ്ട്. ഇവരാണ് നേതാക്കളുടെ പങ്കിനെ കുറിച്ച് പറഞ്ഞതെന്ന് പൊലീസ് അവകാശപ്പെടുന്നു.
വടക്കു-കിഴക്കൻ ഡൽഹിയിൽ കഴിഞ്ഞ ഫെബ്രുവരി 23നും 26നും ഇടയിൽ നടന്ന കലാപത്തിൽ 53 പേർക്കാണ് ജീവൻ നഷ്ടമായത്. 581 പേർക്ക് പരിക്കേൽക്കുകയും 97 പേർക്ക് വെടിയേൽക്കുകയും ചെയ്തിരുന്നു.

ബി.ജെ.പിയുടെ നിയമവിരുദ്ധമായ ഭീഷണിപ്പെടുത്തൽ സി.എ.എ പോലുള്ള വിവേചനപരമായ നിയമങ്ങളെ എതിർക്കുന്നതിൽ നിന്ന് ആളുകളെ തടയില്ലെന്ന് ചെയ്യൂരി പ്രതികരിച്ചു.

ജാതി, നിറം, മതം, പ്രദേശം, ലിംഗഭേദം, രാഷ്ട്രീയ ബന്ധം എന്നിവ കണക്കിലെടുക്കാതെ എല്ലാ ഇന്ത്യക്കാരും തുല്യരാണെന്ന് വാദിക്കുന്നത് നമ്മുടെ അവകാശം മാത്രമല്ല നമ്മുടെ കടമയാണെന്നും തങ്ങളത് ചെയ്യുക തന്നെ ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി

ദൽഹി പൊലീസ് കേന്ദ്ര-ആഭ്യന്തര മന്ത്രാലയത്തിന് കീഴിലാണ്. അതിന്റെ ക്രമവിരുദ്ധവും നിയമവിരുദ്ധവുമായ നടപടികൾ ബി.ജെ.പിയുടെ ഉന്നത നേതൃത്വത്തിന്റെ രാഷ്ട്രീയത്തിന്റെ നേരിട്ടുള്ള ഫലമാണ്.

മുഖ്യധാരാ രാഷ്ട്രീയ പാർട്ടികളുടെ നിയമാനുസൃതവും സമാധാനപരവുമായ പ്രതിഷേധത്തെ അവർ ഭയപ്പെടുന്നു, പ്രതിപക്ഷത്തെ ലക്ഷ്യമിടാൻ ഭരണകൂട അധികാരം ദുരുപയോഗം ചെയ്യുന്നു, ‘യെച്ചൂരി പറഞ്ഞു.