
24ന്യൂസ് റീജനല്‍ ഹെഡ് ദീപക് ധര്‍മ്മടം മുട്ടില്‍ മരംമുറിക്കേസിലെ പ്രതികളുമായി ഫോണില്‍ സംസാരിച്ചത് 107 തവണ; മരംമുറി കണ്ടെത്തിയ ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ എം.കെ. സമീറിനെ കള്ളക്കേസില്‍ കുടുക്കാന്‍ പ്രതികള്‍ക്കൊപ്പം മാധ്യമപ്രവര്‍ത്തകനും കൂട്ടുനിന്നു; മുട്ടില്‍ മരംമുറിക്കേസിലെ ധര്‍മ്മടം ബന്ധം പുറത്ത്
സ്വന്തം ലേഖകന്‍
കണ്ണൂര്‍: മുട്ടില്‍ മരംമുറിക്കേസ് അട്ടിമറിക്കാന്‍ ഗൂഢാലോചന നടന്നെന്ന അന്വേഷണ റിപ്പോര്‍ട്ട് ശരിവെക്കുന്ന നിര്‍ണായക ഫോണ്‍ രേഖകള്‍ പുറത്ത്. കേസിലെ പ്രതികളായ ആന്റോ അഗസ്റ്റിനും ആരോപണ വിധേയനായ വനംവകുപ്പ് ഉദ്യോഗസ്ഥന്‍ എന്‍ ടി സാജനും തമ്മില്‍ നാലു മാസത്തിനിടെ വിളിച്ചത് 86 കോളുകളാണ്. മാധ്യമ പ്രവര്‍ത്തകന്‍ ദീപക് ധര്‍മ്മടവും ആന്റോ അഗസ്റ്റിനും റോജി അഗസ്റ്റിനും തമ്മില്‍ നാലു മാസത്തിനിടെ 107 തവണ വിളിച്ചു. വനംവകുപ്പ് എപിസിസിഎഫ് രാജേഷ് രവീന്ദ്രന്റെ അന്വേഷണ റിപ്പോര്‍ട്ടിലെ വിവരങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്.
മരംമുറിക്കേസിലെ അട്ടിമറി കണ്ടെത്തിയ എ.കെ സമീറിനെ കള്ളക്കേസില്‍ കുടുക്കാന്‍ 24 ന്യൂസ് ചാനലിലെ ദീപക് ധര്‍മ്മടവും പ്രതി ആന്റോ അഗസ്റ്റിനും കണ്‍സര്‍വേറ്റര്‍ എന്‍ ടി സാജനുമായി ഗൂഢാലോചന നടത്തിയെന്നും ഒരു സംഘമായി പ്രവര്‍ത്തിച്ചെന്നുമാണ് രാജേഷ് രവീന്ദ്രന്റെ റിപ്പോര്‍ട്ടിലുള്ളത്.ദീപക് ധര്‍മ്മടവും പ്രതികളുേം 2021 ഫെബ്രുവരി ഒന്ന് മുതല്‍ മേയ് 31 വരെ 107 തവണ സംസാരിച്ചു. മരംമുറി അട്ടിമറിയിലെ ധര്‍മ്മടം ബന്ധം അന്വേഷിക്കണമെന്നും മുഖ്യമന്ത്രി ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കണമെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന് തൊട്ട് പിന്നാലെയാണ് നിര്‍ണായക ഫോണ്‍ രേഖകള്‍ പുറത്തുവന്നിരിക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

സമീര്‍ റേഞ്ച് ഓഫീസറായി ചുമതല ഏല്‍ക്കുന്നതിന് മുമ്പായിരുന്നു മരംമുറി. എന്‍.ടി സാജനും ആന്റോ സഹോദരങ്ങളുമായി ഫെബ്രവരിക്കും മേയ് 26നും ഇടയില്‍ 12 തവണ സംസാരിച്ചതായും ഫോണ്‍ രേഖകളില്‍ കാണാം. 86 കോളുകളാണ് പ്രതികളുമായി വനംവകുപ്പ് ഉദ്യോഗസ്ഥന്‍ എന്‍.ടി സാജന്‍ നടത്തിയത്.
മരംമുറിയുമായി ബന്ധപ്പെട്ട് മാസങ്ങള്‍ പിന്നിട്ടിട്ടും ആരെയും പിടികൂടാത്തത് കേസില്‍ ഉന്നത തല അട്ടിമറി നടക്കുന്നുവെന്ന ആരോപണം ബലപ്പെടുത്തിയിരുന്നു. മരംമുറിക്ക് പിന്നില്‍ വനംവകുപ്പിലെ ചിലരും മരംമാഫിയയുമാണെന്നായിരുന്നു ആരോപണവിധേയനായ കണ്‍സര്‍വേറ്റര്‍ എന്‍ ടി സാജന്‍ തുടക്കം മുതല്‍ പറഞ്ഞിരുന്നത്.മണിക്കുന്ന് മലയിലെ മരം മുറിയില്‍ കേസെടുക്കാന്‍ ദീപക് ധര്‍മ്മടം ഫെബ്രുവരി 10ന് കോഴിക്കോട് ഫ്ലയിംഗ് സ്‌ക്വാഡ് ഡിഎഫ്ഒയെ വിളിച്ചിരുന്നു. സത്യസന്ധനായ ഉദ്യോഗസ്ഥനെ കുടുക്കാന്‍ ശ്രമിച്ചെന്നാണ് ആരോപണം. 2020 ഡിസംബര്‍, 2021 ജനുവരി മാസങ്ങളിലാണ് വയനാട് മുട്ടില്‍ വില്ലേജില്‍ നിന്ന് ഈട്ടിമരങ്ങള്‍ മുറിച്ചുകടത്തിയത്.