
പുതിയ ഡി.സി.സി അദ്ധ്യക്ഷന്മാരുടെ പട്ടിക രണ്ടു ദിവസത്തിനകം; കോട്ടയത്ത് നാട്ടകം സുരേഷ് തന്നെയന്നു സൂചന; തീരുമാനം കെ.പി.സി.സി അധ്യക്ഷൻ പ്രഖ്യാപിക്കും
തേർഡ് ഐ ബ്യൂറോ
തിരുവനന്തപുരം: പുതിയ ഡിസിസി അധ്യക്ഷന്മാരെ രണ്ട് ദിവസത്തിനകം പ്രഖ്യാപിക്കും. ചുരുക്കപ്പട്ടികയിൽ ഹൈക്കമാൻഡുമായി കെപിസിസി അധ്യക്ഷൻ കെ സുധാകരൻ അവസാനവട്ട ചർച്ച തുടങ്ങി. അഞ്ച് ജില്ലകളിൽ ഇനിയും സമവായത്തിലെത്താൻ കഴിഞ്ഞിട്ടില്ലെന്നാണ് വിവരം. ഹൈക്കമാൻഡിന് ആദ്യം നൽകിയ പട്ടികയിൽ പരാതികളുയർന്നതിന് പിന്നാലെ പ്രതിപക്ഷ നേതാവ് വി ഡി സതീശനുമായി വീണ്ടും ചർച്ച നടത്തി പുതിയ പട്ടികയുമായാണ് കെ സുധാകരൻ ദില്ലിയിൽ എത്തിയിരിക്കുന്നത്.
രാവിലെ എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലുമായി കൂടിക്കാഴ്ച നടത്തിയ സുധാകരൻ പട്ടികയുമായി കേരളത്തിൻറെ ചുമതലയുള്ള താരിഖ് അൻവറിനെയും കാണും. അന്തിമ വട്ട ചർച്ചകളിലും അഞ്ച് ജില്ലകളുടെ കാര്യത്തിൽ സമവായമായിട്ടില്ല. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, പാലക്കാട് ജില്ലകളിൽ ഇപ്പോഴും ഒന്നിലധികം പേരുകളുണ്ട്. തിരുവനന്തപുരത്ത് ജി എസ് ബാബുവിനായി ശശി തരൂർ വാദിക്കുമ്പോൾ കെ എസ് ശബരിനാഥൻ, മണക്കാട് സുരേഷ് എന്നിവരും പട്ടികയിലുണ്ട്. കൊല്ലത്ത് രാജേന്ദ്രപ്രസാദിനായി ഉമ്മൻചാണ്ടിയും, കൊടിക്കുന്നിലും പിടിമുറുക്കുമ്പോൾ എം എ നസീറിനായി ഐ ഗ്രൂപ്പ് രംഗത്തുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആലപ്പുഴയിൽ ബാബുപ്രസാദിനായി രമേശ് ചെന്നിത്തലയും, കെ പി ശ്രീകുമാറിനായി കെ സി വേണുഗോപാലും വാദിക്കുന്നു. എ ഗ്രൂപ്പുകാരായ 3 പേർ പരിഗണനയിലുള്ള കോട്ടയത്തും ചിത്രം തെളിഞ്ഞിട്ടില്ല. എങ്കിലും, കോട്ടയത്ത് നാട്ടകം സുരേഷ് തന്നെ ഡി.സി.സി പ്രസിഡന്റാകുമെന്ന സൂചനയാണ് ലഭിക്കുന്നത്. കെ സുധാകരൻറെ നോമിനിയായി എ വി ഗോപിനാഥ്, വി ഡി സതീശൻറെ നോമിനിയായി വി ടി ബൽറാം, കെ സി വോണുഗോപാൽ മുൻപോട്ട് വയ്ക്കുന്ന എ തങ്കപ്പൻ എന്നിവരാണ് പാലക്കാടിൻറെ പട്ടികയിലുള്ളത്.
ഒറ്റപ്പേരിലെത്തിയ ചില ജില്ലകളിൽ പരിഗണനയിലുള്ളവരുടെ പ്രായാധിക്യം ഹൈക്കമാൻഡ് ചോദ്യം ചെയ്യാനിടയുണ്ട്. എന്നാൽ പ്രായമല്ല പ്രവർത്തന മികവാണ് മാനദണ്ഡമെന്ന വാദത്തിൽ കെ സുധാകരൻ ഉറച്ച് നിൽക്കുകയാണ്. കെ സി വേണുഗോപാലും, താരിഖ് അൻവറുമായി നടത്തിയ ചർച്ചക്ക് ശേഷം ഭേദഗതി വരുത്തുന്ന ചുരുക്കപ്പട്ടിക രാഹുൽ ഗാന്ധിയും സോണിയ ഗാന്ധിയും കണ്ട ശേഷം പ്രഖ്യാപനം നടത്തും. അതേ സമയം പട്ടിക പ്രഖ്യാപനത്തിന് പിന്നാലെ പരസ്യപ്രതിഷേധത്തിലേക്ക് ഗ്രൂപ്പുകൾ നീങ്ങിയേക്കാവുന്ന സാഹചര്യം കെ സി വേണുഗോപാലുമായി നടത്തിയ കൂടിക്കാഴ്ചയിൽ കെ സുധാകരൻ ധരിപ്പിച്ചിട്ടുണ്ട്. അതിമനാൽ പട്ടിക പ്രഖ്യാപനത്തിന് മുൻപായി ഒരിക്കൽ കൂടി ഉമ്മൻചാണ്ടിയും, രമേശ് ചെന്നിത്തലയുമായി താരിഖ് അൻവർ സംസാരിച്ചേക്കും.