ജനങ്ങളിൽ ആവേശം നിറച്ച് ജോഷി ഫിലിപ്പിന്റെ പദയാത്ര; കോട്ടയത്തെ കോൺഗ്രസ് പ്രവർത്തകരും നേതാക്കളും ഉണർന്നു; ആവേശം നിറച്ച് പ്രചാരണ ജാഥ നിരത്തുകൾ കീഴടക്കുന്നു
സ്വന്തം ലേഖകൻ
കോട്ടയം: പൗരത്വഭേദഗതി നിയമത്തിനും, കേരള – കേന്ദ്ര സർക്കാരുകളുടെ ജനവിരുദ്ധ നയങ്ങൾക്കും എതിരെ ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ജോഷി ഫിലിപ്പിന്റെ നേതൃത്വത്തിൽ നടക്കുന്ന പദയാത്ര അണികളിലും നാട്ടുകാരിലും ആവേശം നിറയ്ക്കുന്നു. ജില്ലയിലെ എല്ലാ നിയോജക മണ്ഡലങ്ങളിലൂടെയും കടന്നു വരുന്ന പദയാത്ര, ജില്ലയെ കോൺഗ്രസിന്റെ പ്രതാപ കാലത്തേയ്ക്കാണ് മടക്കിക്കൊണ്ടു പോകുന്നത്.
ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ജോഷി ഫിലിപ്പ് നയിക്കുന്ന, ജനകീയ പ്രക്ഷോഭ ജാഥ ഫെബ്രുവരി 1 ന് രാവിലെ 8:30ന് വൈക്കം കാട്ടിക്കുന്നിൽ വ്ച്ചാണ് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഉദ്ഘാടനം ചെയ്തത്. 18 ദിവസം നീണ്ടുനില്ക്കുന്ന ജാഥ രണ്ടുഘട്ടങ്ങളിലായി പദയാത്രയായാണ് ജില്ലയിൽ പര്യടനം നടത്തുന്നത്. വൈക്കം നിയോജകമണ്ഡലം ഫെബ്രുവരി 1, 3, ഏറ്റുമാനൂർ 4, 5, പാലാ 6, 7, പൂഞ്ഞാർ 8, 10, കടുത്തുരുത്തി 11, 12, കാഞ്ഞിരപ്പള്ളി മാർച്ച് 20, 21, ചങ്ങനാശ്ശേരി 23, 24, പുതുപ്പള്ളി 25, 26, കോട്ടയം 27, 28 എന്നീ തീയതികളിലാണ് ജാഥ നടക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഭരണഘടനയുടെ അന്തസത്തയെ അട്ടിമറിച്ച് കൊണ്ട് അടിസ്ഥാന പൗരത്വ നിയമത്തെ ഭേദഗതി ചെയ്ത ബി.ജെ.പി. സർക്കാർ കാലം തെളിയിച്ച ഇന്ത്യയുടെ മതേതര പാരമ്പര്യത്തെ അട്ടിമറിയ്ക്കുവാനുള്ള ശ്രമമാണ് നടത്തുന്നത്. ഈ സാഹചര്യത്തിൽ ഇന്ത്യൻ ഭരണഘടനയെയും, മതേതരത്വത്തെയും, മതമൈത്രി യെയും സംരക്ഷിക്കുന്നതിന് രാജ്യത്താകമാനം കോൺഗ്രസ് ധീരമായ പോരാട്ട മാണ് ഇന്ന് നടത്തുന്നത്. സമീപകാല ഭാരതം കണ്ടിട്ടില്ലാത്ത ബഹുജന മുന്നേറ്റം പൗരത്വനിയമ ഭേദഗതിയ്‌ക്കെതിരെ കോൺഗ്രസിന്റെ നേതൃത്വത്തിൽ ഇന്ന് രാജ്യത്ത് നടക്കുന്നു. ഈ പ്രക്ഷോഭ സമരത്തിന്റെ ഭാഗമായിട്ടാണ് കെ.പി.സി.സി. യുടെ ആഹ്വാനപ്രകാരം ജില്ലാ കോൺഗ്രസ് കമ്മിറ്റി ജനകീയ പ്രക്ഷോഭ ജാഥ നടത്തുന്നത്.
കേന്ദ്ര-കേരള സർക്കാരുകളുടെ ദുർഭരണത്തിനെതിരെയുള്ള പ്രചരണവും ഈ ജാഥയുടെ ഭാഗമാണ്. രാജ്യം അനുഭവിയ്ക്കുന്ന ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി, കാർഷിക- വ്യാവസായിക വളർച്ചയിലുണ്ടായിരിക്കുന്ന കനത്ത ഇടിവ്, 45 വർഷക്കാലത്തെ ഏറ്റവും വലിയ തൊഴിലില്ലായ്മ, വർദ്ധിച്ച് വരുന്ന കർഷക ആത്മഹത്യകൾ, കാർഷിക മേഖലയിലെ കോർപ്പറേറ്റുവല്കരണത്തിന്റെ ദുരന്തങ്ങൾ, മത-വർണ്ണ-ജാതി വിവേചനങ്ങൾ മൂലമുള്ള ആത്മഹത്യകളും കൊലപാതകങ്ങളും, സ്ത്രീകൾക്കും, കുട്ടികൾക്കും നേരെയുണ്ടാകുന്ന അതിക്രമങ്ങൾ, വർദ്ധിച്ച് വരുന്ന തൊഴിൽ സമരങ്ങൾ, ആൾക്കൂട്ട കൊലപാതകങ്ങൾ, ആദിവാസികളും ദളിതരും, പാർശ്വവല്കരിയ്ക്കപ്പെട്ടവരും രാജ്യത്താകമാനം അനുഭവിയ്ക്കുന്ന ദുരിതങ്ങൾ, അവശ്യവസ്തുക്കളുടെ കുതിച്ചുയരുന്ന വിലക്കയറ്റം, ബാങ്കുകളുടെയും, കുത്തകക ളുടെയും വിവിധതരത്തിലുള്ള ചൂഷണം, നോട്ട് നിരോധനവും, ജി.എസ്.ടി. അശാസ്ത്രീയമായി നടപ്പിലാക്കിയത് മൂലവും വ്യാപാരികളും, വ്യവസായികളും അനുഭവിയ്ക്കുന്ന ദുരിതങ്ങൾ, പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റുതുലയ്ക്കൽ തുടങ്ങിയ പ്രശ്‌നങ്ങൾ രാജ്യത്ത് സമസ്ഥ ജനവിഭാഗങ്ങളുടെയും ജീവിതം പ്രതിസന്ധിയിലാക്കിയിരിക്കുന്നു.
സംസ്ഥാന സർക്കാർ മാപ്പർഹിയ്ക്കാത്ത ഗുരുതരമായ വീഴ്ചകളാണ് അനുദിനം നടത്തുന്നത്. തകർന്നടിഞ്ഞ കാർഷിക മേഖലയ്ക്ക് ഒരു സമാശ്വാസ പദ്ധതിയും നടപ്പാക്കുവാൻ ഇവർക്ക് കഴിഞ്ഞില്ല. റബ്ബർ കർഷകർക്ക് നല്കികൊണ്ടിരുന്ന ഉത്തേജക പാക്കേജുകളും, വിലസ്ഥിരതാ ഫണ്ടും അട്ടിമറിച്ചു. നെൽകർഷകർക്ക് സംഭരണതുക കൃത്യമായി നല്കുന്നില്ല. മഹാപ്രളയത്തിന് ശേഷമുള്ള 6 മാസത്തിനുള്ളിൽ 25 കർഷകരാണ് കേരളത്തിൽ ആത്മഹത്യ ചെയ്തത്. സംസ്ഥാനത്ത് ലക്ഷക്കണക്കിന് കർഷകരാണ് കടക്കെണിയിൽ കുടുങ്ങി കിടക്കുന്നത്. ഇവർക്കെല്ലാം ബാങ്കുകൾ ജപ്തി നോട്ടീസ് അയയ്ക്കുന്നു.
കാഞ്ഞിരപ്പള്ളി, മീനച്ചിൽ താലൂക്കുകളിലെ ഭൂമി വിഷയങ്ങളിൽ കേരള സർക്കാർ കാണിക്കുന്നത് ഇരട്ടത്താപ്പാണ്. വർഷങ്ങളായി കരം അടച്ച് കൈവശംവച്ചിരിക്കുന്ന ഭൂമി തോട്ടഭൂമിയാണ് എന്ന റവന്യു്യൂ രേഖകൾ കണ്ട് ഞെട്ടിതരിച്ച് നില്ക്കുന്ന 40,000-ൽ അധികം കർഷക കുടുംബങ്ങളെയാണ് ഭൂമി പിടിച്ചെടുക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുന്നത്. സ്ത്രീസുരക്ഷയുടെ പേരിൽ അധികാരത്തിലേറിയ സർക്കാർ വാളയാറിലെ പിഞ്ചുസഹോദരിമാരുടെ കൊലപാത കവുമായി ബന്ധപ്പെട്ട സംഭവങ്ങളിൽ നടത്തിയ രാഷ്ട്രീയ നാടകം ഒറ്റപ്പെട്ടതല്ല.
സമീപകാലത്ത് നേരിട്ട പ്രളയകാലങ്ങളിൽ ദുരിതാശ്വാസ-പുനരധിവാസ പ്രവർത്തനങ്ങളിൽ സർക്കാർ പൂർണ്ണമായും പരാജയപ്പെട്ടു.
വീടുകൾ നഷ്ട പ്പെട്ടവരിൽ നല്ലൊരു വിഭാഗം ഇപ്പോഴും ദുരിതത്തിലാണ്. പ്രളയകാലത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് നല്കിയ തുകയിൽ ഒരു വർഷം കഴിയുമ്പോഴും 2414.68 കോടി രൂപ ചെലവഴിയ്ക്കാതെ കിടക്കുന്നു. പി.എസ്.സി. തട്ടിപ്പ്, മാർക്ക് ദാനം, കിഫ്ബി അഴിമതി, ക്രമസമാധാന തകർച്ച, രാഷ്ട്രീയ കൊലപാതകങ്ങൾ, വിലക്കയറ്റം തുടങ്ങിയ പ്രശ്‌നങ്ങൾ കേരള സർക്കാരിന്റെ മുഖം വികൃതമാക്കിയിരിക്കുന്നു. കാരുണ്യയടക്കമുള്ള ജനകീയ പദ്ധതികൾ ഈ സർക്കാർ നിർത്തലാക്കി. ധനപരവും, ഭരണപരവുമായ അധികാരങ്ങൾ തിരിച്ചെടുത്ത് തദ്ദേശ സ്ഥാപനങ്ങളുടെ പ്രവർത്തനം തകർത്തു. സാമ്പത്തിക തകർച്ച നേരിടുന്ന സർക്കാർ നടത്തുന്ന അനാവശ്യ ധൂർത്ത് ആരേയും അമ്പരപ്പിയ്ക്കും.
ജനകീയ പ്രക്ഷോഭ ജാഥയുടെ ഭാഗമായി ജില്ലയിലെ 1344 വാർഡ് കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ എല്ലാ ഭവനങ്ങളും സന്ദർശിച്ച് കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ പ്രചരണം നടത്തിവരുന്നു.കെ.പി.സി.സി. പ്രവർത്തന ഫണ്ടും ഇതോടൊപ്പം സമാഹരിയ്ക്കുന്നു. ജാഥയോടനുബന്ധിച്ചുള്ള പൊതുസമ്മേളനങ്ങളിൽ കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുൻ കെ.പി.സി.സി. പ്രസിഡന്റുമാരായ കെ.മുരളീധരൻ എം.പി., എം.എം.ഹസ്സൻ, തിരുവഞ്ചൂർ രാധാകൃഷ്ണൻ, കെ.സി.ജോസഫ്, കൊടിക്കുന്നിൽ സുരേഷ്, ബെന്നി ബഹ്‌നാൻ, ആന്റോ ആന്റണി, ഡീൻ കുര്യാക്കോസ്, ഷാനിമോൾ ഉസ്മാൻ, വി.കെ.ശ്രീകണ്ഠൻ, ജോസഫ് വാഴയ്ക്കൻ, വി.പി.സജീന്ദ്രൻ, ലതികാ സുഭാഷ്, കെ.ബാബു, ഷാഫി പറമ്പിൽ, പി.സി.വിഷ്ണുനാഥ്, ടോമി കല്ലാനി, ഡോ.പി.ആർ.സോന, ജയ്‌സൺ ജോസഫ്, സി.ആർ.മഹേഷ്, കുര്യൻ ജോയി, വി.എസ്.ജോയി, പി.എ.സലിം, ഫിലിപ്പ് ജോസഫ്, ബി.ബാബു പ്രസാദ്, നാട്ടകം സുരേഷ്, ജോസി സെബാസ്റ്റ്യൻ, പി.എസ്.രഘുറാം തുടങ്ങിയവർ പങ്കെടുക്കും.
ഭാരതത്തിന്റെ നിലനില്പുതന്നെ വെല്ലുവിളിയ്ക്കപ്പെടുന്ന ഇരുണ്ട കാലഘട്ട ത്തിൽ കൂടി കടന്നു പോകുമ്പോൾ രാജ്യത്തുടനീളം സ്വാഭാവികമായി ഉയർന്ന് വന്നിട്ടുള്ള ആവേശഭരിതമായ ചെറുത്തുനില്പ്പിന്റെ ഭാഗമായി ജനകീയ പ്രക്ഷോഭ ജാഥ മാറും. ഒപ്പം കാപട്യം നിറഞ്ഞതും, ആത്മാർത്ഥതയില്ലാത്തതുമായ കേന്ദ്ര-കേരളസർക്കാരുകൾക്കെതിരെയുള്ള ജനരോഷം ജില്ലയിൽ നടക്കുന്ന ജനകീയ പ്രക്ഷോഭ ജാഥയിൽ പ്രതിഫലിയ്ക്കും.