വിവാദത്തിൽ കുടുങ്ങി ഓർത്തഡോക്‌സ് സഭയിൽ നിന്നും പുറത്താകുന്നവരിൽ കുഴിമറ്റത്തെ വിവാദ വൈദികനും; ഭാര്യയെ ആത്മഹത്യയിലേയ്ക്കു തള്ളിവിട്ട വൈദികനെതിരെ നടപടിയ്ക്കായി ഭർത്താവ് നടന്നത് വർഷങ്ങൾ; ഒടുവിൽ നീതി തേടിയെത്തി
സ്വന്തം ലേഖകൻ
കോട്ടയം: ബിഷപ്പ് ഫ്രാങ്കോയും, കത്തോലിക്കാ സഭയിലെ പീഡന വീരന്മാരായ അച്ചൻമാരും കുപ്പായമിട്ടു നടക്കുമ്പോൾ വൈകിയെങ്കിലും മാതൃകാപരമായ നടപടിയുമായി ഓർത്തഡോക്‌സ് സഭ. വിവാദങ്ങളിൽ കുടുങ്ങി നിന്ന മൂന്ന് വൈദികരെ സഭയിൽ നിന്നും പുറത്താക്കുന്ന നടപടിയ്ക്കാണ് ഇപ്പോൾ സഭ തയ്യാറെടുത്തിരിക്കുന്നത്. ഇതിൽ വീട്ടമ്മയെ ദുരുപയോഗം ചെയ്ത്, ആത്മഹത്യയിലേയ്ക്കു തള്ളിവിട്ട് കുടുംബം കുളമാക്കിയ വൈദികനും ഉണ്ടെന്നതാണ് ഏറെ ആശ്വാസകരം. കുടുംബങ്ങൾ ദൃഢമാക്കാൻ കർത്താവ് പറയുമ്പോഴാണ് കുടുംബം കുട്ടിച്ചോറാക്കിയ വൈദികൻ ഇപ്പോഴും കുപ്പായമിട്ട് നടക്കുന്നത്.
കോട്ടയം ഭദ്രാസനത്തിൽപ്പെട്ട ഫാ. വറുഗീസ് മർക്കോസ്, ഫാ. വറുഗീസ് എം. വറുഗീസ്, റോണി വറുഗീസ് എന്നിവർക്കെതിരെയാണ് സഭാ എപ്പിസ്‌കോപ്പൽ സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോൻ മാർ ദിയസ്‌കോറോസ് മെത്രാപ്പൊലീത്ത കഴിഞ്ഞ ദിവസം നടപടിയെടുത്തത്. ഇതിൽ കുഴിമറ്റത്തെ പള്ളിയുടെ ചുമതല വഹിച്ചിരുന്നപ്പോൾ, വീട്ടമ്മയെ പീഡിപ്പിച്ച് ആത്മഹത്യയിലേയ്ക്കു തള്ളി വിട്ട ക്രൂരമായ വൈദികനും ഉണ്ടായിരുന്നു. ഈ വീട്ടമ്മയുടെ ഭർത്താവ് നിരന്തരമായി നടത്തിയ പോരാട്ടത്തിനൊടുവിലാണ് വൈദികൻ കുടുങ്ങിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
വൈദികന്റെ കുമ്പസാര ഓഡിയോ അടുത്തിടെ സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ സഭ തന്നെ വൈദികർക്കെതിരെ ശക്തമായ നടപടികളിലേയ്ക്കു കടന്നിരിക്കുന്നത്. ഇതിനിടെ, പ്രാഥമിക നടപടി മാത്രമാണിപ്പോൾ എടുത്തിട്ടുള്ളത്. അടുത്തുചേരുന്ന ഭദ്രാസന കൗൺസിൽ വിഷയം ചർച്ച ചെയ്യുകയും വൈദികർക്കെതിരെ ശക്തമായ നടപടിയുണ്ടാകുകയും ചെയ്‌തേക്കും.
വൈദികർക്കെതിരെ നേരത്തെ ഗുരുതര ആരോപണങ്ങൾ സഭാ നേതൃത്വത്തിന് ലഭിച്ചിരുന്നു. കോട്ടയം കുഴിമറ്റത്ത് വീട്ടമ്മ ആത്മഹത്യചെയ്ത സംഭവവുമായി ബന്ധപ്പെട്ടാണ് ഫാ. വറുഗീസ് മർക്കോസിനെതിരെ പ്രധാന പരാതി. വീട്ടമ്മയുടെ ഭർത്താവ് സഭാനേതൃത്വത്തിനും പൊലീസിനും പരാതി നൽകിയിരുന്നു. സംഭവത്തിൽ കോട്ടയം ക്രൈം ഡിറ്റാച്ച്മെന്റ് ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ അന്വേഷണം നടക്കുകയാണ്. ചിങ്ങവനം പൊലീസും, ചങ്ങനാശേരി ഡിവൈ.എസ്.പിയും അന്വേഷിച്ച കേസിൽ നടപടി ഉണ്ടാകാതെ വന്നതോടെയാണ് ക്രൈം ഡിറ്റാച്ച്‌മെന്റിന് കേസ് കൈമാറിയത്.
ഫാ. വറുഗീസ് എം.വറുഗീസിനെ അനാശാസ്യം ആരോപിച്ച് വിശ്വാസികൾ വാകത്താനത്ത് ചാപ്പലിൽ തടഞ്ഞുവച്ചിരുന്നു. ഫാ. റോണി വറുഗീസിനെതിരെയും സമാനമായ രീതിയിലുള്ള പരാതികളാണുള്ളത്. സോഷ്യൽ മീഡിയയിലൂടെ വൈദികൻ യുവതിയുടെ നഗ്ന ചിത്രം ആവശ്യപ്പെടുന്ന ചാറ്റിന്റെ സ്‌ക്രീൻ ഷോട്ടും പുറത്തായിരുന്നു. വൈദികരെ പുറത്താക്കിക്കൊണ്ടുള്ള മെത്രാപ്പൊലീത്തയുടെ കല്പന ഞായറാഴ്ച പള്ളികളിൽ വായിക്കും. തുടർന്ന് പരാതിയിൽ അന്വേഷണ കമ്മിഷനെ നിയമിക്കുകയാണ് നടപടിക്രമം. മറ്റു സഭകൾക്കെല്ലാം മാതൃകയാണ് ഇപ്പോൾ ഓർത്തഡോക്‌സ് സഭ സ്വീകരിച്ചിരിക്കുന്ന നടപടികൾ.