എൻഎസ്എസ്. സുപ്രീംകോടതിയിലേക്ക്

എൻഎസ്എസ്. സുപ്രീംകോടതിയിലേക്ക്

സ്വന്തം ലേഖകൻ

ചങ്ങനാശേരി: എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ സുപ്രീംകോടതിയിലേക്ക്. സാമ്പത്തിക സംവരണം നടപ്പാക്കണമെന്ന എൻഎസ്എസിന്റെ ആവശ്യം കേന്ദ്രസംസ്ഥാന സർക്കാരുകൾ തള്ളിയതിനെ തുടർന്നാണ് സുകുമാരൻ നായർ സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങിയത്. ദേശീയ സാമൂഹിക സാമ്പത്തിക പിന്നാക്ക വിഭാഗ കമ്മിഷൻ രൂപീകരിച്ച കേന്ദ്ര സർക്കാർ മുന്നാക്ക സമുദായത്തിൽ സാമ്പത്തിക പിന്നോക്കാവസ്ഥ അനുഭവിക്കുന്നവരെ തഴഞ്ഞതു വിവേചനാപരമാണെന്നും മുന്നാക്ക വിഭാഗങ്ങൾക്കു നീതി നിഷേധിക്കുന്നതു രാഷ്ട്രീയശൈലിയാണെന്നും അദ്ദേഹം പറഞ്ഞു. മുന്നാക്ക വിഭാഗത്തിൽ സാമ്പത്തിക പിന്നോക്കാവസ്ഥ അനുഭവിക്കുന്നവർക്കു സംവരണവും മറ്റ് ആനുകൂല്യങ്ങളും ലഭ്യമാക്കാനുള്ള റിപ്പോർട്ട് നടപ്പാക്കാൻ കേന്ദ്ര സർക്കാർ തയ്യാറാകണം. മന്നം ജയന്തി നെഗോഷ്യബിൾ ഇൻസ്ട്രമെന്റ് ആക്ടിന്റെ പരിധിയിൽപ്പെടുന്ന അവധിയായി സംസ്ഥാന സർക്കാർ പ്രഖ്യാപിക്കണമെന്നും മുന്നാക്ക വിഭാഗങ്ങളെ മാറ്റിനിർത്താനുള്ള കേന്ദ്ര സർക്കാരിന്റെ ശ്രമം മതനിരപേക്ഷതയ്ക്കു ഭീഷണിയാണെന്നും അദ്ദേഹം പറഞ്ഞു.