
സ്വന്തം ലേഖകൻ
കൽപ്പറ്റ∙ സ്കൂള്‍ വിദ്യാര്‍ഥികളുടെ യാത്രയയപ്പ് ദിനത്തില്‍ വാഹനങ്ങളിലേറി അപകടകരമായ അഭ്യാസ പ്രകടനം കോഴിക്കോടിന് പിന്നാലം വയനാട്ടിലും. രണ്ടുപേർക്കെതിരെ കേസെടുത്ത് പൊലീസ്. അശ്രദ്ധമായും മനുഷ്യജീവന്‍ അപകടപ്പെടുത്തുന്ന രീതിയിലും വാഹനമോടിച്ചുവെന്നതടക്കമുള്ള കുറ്റങ്ങള്‍ ചാര്‍ത്തിയാണു കേസ്. സംഭവത്തില്‍ മോട്ടര്‍ വാഹനവകുപ്പും അന്വേഷണം തുടങ്ങി.
കഴിഞ്ഞദിവസം കണിയാമ്പറ്റ ജിഎച്ച്എസ്എസില്‍ നടന്ന വിദ്യാര്‍ഥികളുടെ യാത്രയയപ്പ് ചടങ്ങിലാണു മൂന്നു കാറുകളിലും ഒരു ബൈക്കിലുമേറി സ്കൂള്‍ ഗ്രൗണ്ടിലൂടെ വിദ്യാര്‍ഥികള്‍ അഭ്യാസപ്രകടനം നടത്തിയത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അമിതവേഗതയിലും അശ്രദ്ധമായുമായിരുന്നു ഡ്രൈവിങ്. വാഹനത്തില്‍ കയറാവുന്നതിലുമധികം പേരെ കുത്തിനിറച്ചു പൊടിപറത്തി പോകുന്നതിന്റെ ദൃശ്യങ്ങള്‍ വിദ്യാര്‍ഥികളില്‍ ചിലര്‍ തന്നെ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചു. കാറിന്റെ ഡോറില്‍ തൂങ്ങിക്കിടന്നു പോകുന്നവരെയും ദൃശ്യങ്ങളില്‍ കാണാം.
അമിതവേഗത്തില്‍ വാഹനമോടിച്ചവര്‍ക്കു ലൈസന്‍സ് ഉണ്ടെങ്കില്‍ അതു റദ്ദാക്കാന്‍ നടപടിയെടുക്കുമെന്ന് ആര്‍ടിഒ അറിയിച്ചു. പ്രായപൂര്‍ത്തിയാകാത്തവരാണു വാഹനമോടിച്ചതെങ്കില്‍ രക്ഷിതാക്കള്‍ക്കെതിരെ നടപടി വരും. വാഹനങ്ങളുടെ ആര്‍സി ഉടമകള്‍ക്കും നിയമനടപടി നേരിടേണ്ടിവരുമെന്ന് മോട്ടര്‍ വാഹനവകുപ്പ് അധികാരികള്‍ അറിയിച്ചു.
അധ്യാപകരുടെ മുന്നറിയിപ്പും എതിര്‍പ്പും വകവയ്ക്കാതെയായിരുന്നു അഭ്യാസപ്രകടനങ്ങള്‍. അടച്ചിട്ട ഗെയ്റ്റ് തുറന്നെത്തിയ വിദ്യാര്‍ഥികളാണു വാഹനങ്ങള്‍ ഗ്രൗണ്ടിലേക്കു കയറ്റിയത്.
എസ്എസ്എല്‍എസി, പ്ലസ്ടു വിദ്യാര്‍ഥികള്‍ യാത്രയയപ്പു ദിനങ്ങളില്‍ ഒത്തുചേര്‍ന്നു നടത്തുന്ന ആഘോഷങ്ങള്‍ പരിധി വിടരുതെന്നു വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവുണ്ട്. വിദ്യാര്‍ഥികള്‍ വാഹനങ്ങളുമായി സ്കൂള്‍ പരിസരത്തു പ്രവേശിക്കുന്നതു തടയണമെന്ന നിര്‍ദേശവും പലപ്പോഴും പാലിക്കപ്പെടുന്നില്ല.
കോഴിക്കോട് മലബാര്‍ ക്രിസ്ത്യന്‍ കോളജില്‍ അഭ്യാസപ്രകടനം നടത്തി വാഹനം അപകടത്തില്‍പെടുത്തിയ 3 പേരുടെ ലൈസന്‍സ് റദ്ദാക്കുമെന്ന് മോട്ടര്‍ വാഹനവകുപ്പ് അറിയിച്ചിരുന്നു. കാര്‍ റേസിങ് നടത്തിയതിന് 4000 രൂപ പിഴയും ഈടാക്കി. വയനാട്ടിലെ മറ്റു ചില സ്കൂളുകളിലും അപകടകരമായ രീതിയിലുള്ള വാഹനറാലി നടന്നതായി പൊലീസിനു വിവരം ലഭിച്ചിട്ടുണ്ട്.









