എഡിജിപിയുടെ മകളുടെ മർദ്ദനം; പോലീസുകാരൻ ഹൈക്കോടതിയിൽ

എഡിജിപിയുടെ മകളുടെ മർദ്ദനം; പോലീസുകാരൻ ഹൈക്കോടതിയിൽ

Spread the love

സ്വന്തം ലേഖകൻ

കൊച്ചി: എഡിജിപിയുടെ മകളുടെ മർദ്ദനമേറ്റ പൊലീസ് ഡ്രൈവർ ഗവാസ്‌കർ തനിക്കെതിരെയുള്ള കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചു. എഡിജിപിയുടെ മകളുടെ പരാതിയിലായിരുന്നു ഗവാസ്‌കർക്കെതിരെ കേസെടുത്തത്. എന്നാൽ, തനിക്കെതിരായ പരാതി വ്യാജമാണെന്നും താൻ പരാതി നൽകിയതിന് പ്രതികാരമായിട്ടാണ് നടപടിയെന്നും ഗവാസ്‌കറുടെ ഹർജിയിൽ ആരോപിക്കുന്നു. അതേസമയം ദാസ്യപ്പണി വിവാദത്തിലെ എഡിജിപിയുടെ ഭാര്യയും മകളും കനകക്കുന്നിൽ വന്നത് കണ്ടിരുന്നെന്ന് പരിസരത്തെ ജ്യൂസ് കച്ചവടക്കാരൻ വൈശാഖൻ മൊഴി നൽകി. പ്രഭാത നടത്തത്തിനായി കനകക്കുന്നിലെത്തിച്ചതിനിടെ എഡിജിപിയുടെ മകൾ മർദ്ദിച്ചുവെന്നായിരുന്നു ഡ്രൈവർ ഗവാസ്‌കർ പരാതി നൽകിയത്. കേസിൽ വൈശാഖനെ അന്വേഷണ സംഘം സാക്ഷിയാക്കി. 14ന് രാവിലെ കനകക്കുന്നിൽ വെച്ചാണ് എഡിജിപി സുധേഷ് കുമാറിന്റെ മകൾ മർദ്ദിച്ചതെന്നായിരുന്നു ഗവാസ്‌കറിന്റെ മൊഴി. ഇതിന് സഹായകരമാകുന്ന സാക്ഷി മൊഴിയാണ് ലഭിച്ചിരിക്കുന്നത്. ‘രാവിലെ 7 മണിക്കാണ് അവർ എത്തുന്നത്. ആ സമയത്ത് ചെറിയ ബഹളം കേട്ടു. റോഡിൽ ചെറിയ ബ്ലോക്കുമുണ്ടായിരുന്നു. പക്ഷെ കാര്യം മനസ്സിലായില്ല. പത്രത്തിലാണ് പ്രശ്നം നടന്ന കാര്യം അറിയുന്നത്’. ആ സമയത്ത് കനകക്കുന്നിലെ ജ്യൂസ് കടയിലുണ്ടായിരുന്ന വൈശാഖ് പറഞ്ഞു.