Spread the love

തിരുവനന്തപുരം: കേരള സംസ്ഥാന സാംസ്കാരിക പ്രവർത്തന ക്ഷേമനിധി ബോർഡ് ചെയർമാൻ സ്ഥാനത്ത് നിന്നും രാജിവെച്ച്‌ മധുപാല്‍. സംസ്ഥാനത്ത് ഭരണതലത്തില്‍ ഉണ്ടായ മാറ്റത്തെ തുടർന്നാണ് രാജി.

video
play-sharp-fill

കഴിഞ്ഞ 4 വർഷ കാലയളവില്‍ സാംസ്കാരിക ക്ഷേമനിധി ബോർഡിനെ കുറ്റമറ്റ രീതിയില്‍ മുന്നോട്ട് കൊണ്ടുപോകാൻ കഴിഞ്ഞതായി അദ്ദേഹം പറഞ്ഞു. വാർത്താക്കുറിപ്പിലൂടെയായിരുന്നു പ്രതികരണം.

 

 

 

 

ക്ഷേമനിധി ബോർഡില്‍ നിന്നുള്ള ധനസഹായം ഉയർത്താനായതാണ് ഇക്കാലയളവിലെ പ്രധാന നേട്ടമായി അദേഹം ചൂണ്ടിക്കാണിച്ചത്. 4000 രൂപയായിരുന്ന പെൻഷൻ 5000 ആയി വർധിപ്പിച്ചതും 1100 രൂപയായിരുന്ന കുടുംബ പെൻഷനും അവശതാ പെൻഷനും 500 രൂപ വർധിപ്പിച്ച്‌ 1600 ആക്കി മാറ്റാനും കഴിഞ്ഞിരുന്നു. 2026 ഏപ്രില്‍ മാസത്തില്‍ മാത്രം 4600 പേർക്ക് 5000 രൂപ വീതം പെൻഷനും 375 പേർക്ക് 1600 രൂപ വീതം അവശതാ പെൻഷനും വിതരണം ചെയ്തിട്ടുണ്ട്. മറ്റ് ധനസഹായങ്ങളും ഗണ്യമായി വർധിപ്പിച്ചിട്ടുണ്ട്. വിവാഹ ധനസഹായം 25,000 രൂപയില്‍ നിന്ന് 50,000 ആക്കി. ഒന്നര ലക്ഷമായിരുന്ന ചികിത്സ ധനസഹായം രണ്ട് ലക്ഷമായും പതിനായിരം രൂപയായിരുന്ന മരണാനന്തര ധനസഹായം 25,000 ആക്കാനും ബോർഡിന് കഴിഞ്ഞിട്ടുണ്ടെന്ന് അദേഹം പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

 

 

 

ബോർഡിന്റെ തനത് ഫണ്ടില്‍ നിന്നുമാണ് പെൻഷൻ അടക്കമുള്ള ആനുകൂല്യങ്ങള്‍ നല്‍കുന്നത്. സിനിമ ടിക്കറ്റന്മേല്‍ ലഭിക്കുന്ന 3 രൂപ സെസ്സും അംഗങ്ങളില്‍ നിന്ന് പിരിക്കുന്ന അംശദായവുമാണ് ബോർഡിന്റെ പ്രധാന വരുമാന സ്രോതസ്. 2022ല്‍ കരുതല്‍ ധനമായി ഉണ്ടായിരുന്ന 23,45,035 രൂപ ഈ വർഷം 75,72,572 രൂപയായി ഉയർത്താനായിട്ടുണ്ട്. അംഗങ്ങളുടെ എണ്ണത്തിലും വലിയ വർധനവുണ്ടായി. കഴിഞ്ഞ 5 വർഷത്തിനിടെ പുതുതായി ചേർന്നത് 2245 പേരാണ്. ഇതോടെ മൊത്തം അംഗസംഖ്യ 20,592 ആയി ഉയർന്നു. അംഗങ്ങളുടെ പെൻഷൻ കുടിശ്ശിക കൃത്യമായി പിരിച്ചെടുക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചതും ഇക്കാലയളവിലാണ്.

 

 

 

 

എടുത്തുപറയേണ്ട മറ്റൊരു പ്രധാന മാറ്റം ബോർഡ് നടപടികളുടെ ഡിജിറ്റലൈസേഷനാണ്. വിവിധ പെൻഷനുകള്‍, അപേക്ഷകള്‍, ധനസഹായങ്ങള്‍ എന്നിവയെല്ലാം ഇനി ഓണ്‍ലൈനായി തന്നെ അപേക്ഷിക്കാം. ഇതോടെ ബോർഡിന്റെ പ്രവർത്തനങ്ങള്‍ കൂടുതല്‍ സുതാര്യമായി മാറ്റാനായെന്ന് മധുപാല്‍ പറ‍ഞ്ഞു.

 

 

 

 

കലാകാരന്മാരെ ചേർത്തു നിർത്തുന്നതിന് എക്കാലവും മുൻതൂക്കം നല്‍കുന്ന നിലപാടാണ് ബോർഡ് സ്വീകരിച്ചിട്ടുള്ളത്. അതിന്റെ ഭാഗമായി മറ്റ് പെൻഷനുകള്‍ ലഭിക്കാത്ത കലാകാരന്മാർക്ക് 60 വയസിന് ശേഷവും ക്ഷേമനിധിയില്‍ അംഗത്വം ലഭിക്കുന്നതിനുള്ള കൂടുതല്‍ നടപടികള്‍ രൂപീകരിക്കുകയും നില‍നില്‍ക്കുന്നവ ലഘൂകരിക്കുകയും ചെയ്തതും ഈ കാലയളവിലെ പ്രധാന മാറ്റമായി എടുത്തുകാണിക്കാം. 2021-22 മുതല്‍ 2026 ഏപ്രില്‍ വരെയുള്ള കാലയളവില്‍ പെൻഷൻ ഇനത്തില്‍ തൊണ്ണൂറ് കോടിയിലധികവും മറ്റ് ധനസഹായങ്ങള്‍ക്കായി അഞ്ച് കോടിയിലധികവും തുക ചിലവാക്കിയിട്ടുണ്ടെന്ന് മധുപാല്‍ പറഞ്ഞു.