പത്തുകോടി പിരിക്കണം, മൂന്നു കോടി കൊടുക്കണം; ഏഴു കോടി അമക്കണം: ഈഴവ സമുദായത്തെ നാണം കെടുത്താതെ പുറത്തിറങ്ങണം; തുഷാർ വെള്ളാപ്പള്ളിയ്ക്ക് ഉപദേശവുമായി സി.കെ വിദ്യാസാഗർ

പത്തുകോടി പിരിക്കണം, മൂന്നു കോടി കൊടുക്കണം; ഏഴു കോടി അമക്കണം: ഈഴവ സമുദായത്തെ നാണം കെടുത്താതെ പുറത്തിറങ്ങണം; തുഷാർ വെള്ളാപ്പള്ളിയ്ക്ക് ഉപദേശവുമായി സി.കെ വിദ്യാസാഗർ

Spread the love
സ്വന്തം ലേഖകൻ
കൊച്ചി: തുഷാർ വെള്ളാപ്പള്ളിയെ കുടുക്കിയ ചെക്ക് കേസിൽ തുഷാറിന് പരിഹാസത്തിൽ കലർന്ന ഉപദേശവുമായി വെള്ളാപ്പള്ളി നടേശന്റെ മുഖ്യശത്രു വിദ്യാസാഗർ. ചെക്ക് കേസിൽ തുഷാർ വെള്ളാപ്പള്ളി മൂന്നുകോടി വരെ കൊടുക്കാമെന്ന് സമ്മതിച്ച സ്ഥിതിക്ക് നാസിൽ അബ്ദുള്ള ആവശ്യപ്പെടുന്ന മൂന്ന് കോടി കൂടി കൊടുത്ത് ശ്രീനാരായണീയരെ കൂടുതൽ അപമാനത്തിൽനിന്ന് രക്ഷിക്കണമെന്നാണ് മുൻ എസ്.എൻ.ഡി.പി. യോഗം പ്രസിഡന്റ് കൂടിയായ അഡ്വ. സി.കെ.വിദ്യാസാഗർ തുഷാറിനെ ഉപദേശിച്ചിരിക്കുന്നത്. .
ഉദാരമതിയായ യൂസഫലിയോട് വെള്ളാപ്പള്ളി പറഞ്ഞാൽ ആ മൂന്നുകോടി കൂടി തീർച്ചയായും അദ്ദേഹം കോടതിയിൽ അടയ്ക്കും. തിരിച്ചുവന്ന് ഒരു തുഷാർ ദുരിതാശ്വാസഫണ്ട് പിരിക്കാൻ യൂണിയനുകൾക്ക് സർക്കുലർ അയച്ചാൽ പത്തുകോടിയെങ്കിലും പുഷ്പംപോലെ പിരിച്ചെടുക്കാവുന്നതേയുള്ളൂവെന്നും അദ്ദേഹം പരിഹസിച്ചു.
അതിൽനിന്ന് മൂന്ന് കോടി യൂസഫലിക്ക് കൊടുത്താലും ഏഴുകോടിയെങ്കിലും ലാഭിക്കാം. ഏതായാലും അറബിയുടെ പാസ്‌പോർട്ട് ജാമ്യം കൊടുത്ത് നാടുപറ്റാനുള്ള പദ്ധതി ഉപേക്ഷിക്കണമെന്നും വിദ്യാസാഗർ അറിയിച്ചു.
നാസിൽ അബ്ദുള്ളയുടെ ഗതിയിലേക്ക് ഒരു സാധുഅറബിയെകൂടി തള്ളിവിടരുതെന്നാണ് തുഷാർ വെള്ളാപ്പള്ളിയോടും വെള്ളാപ്പള്ളി നടേശനോടും ശ്രീനാരായണീയരുടെ അഭ്യർഥനയെന്നും വിദ്യാസാഗർ വ്യക്തമാക്കി.
വണ്ടിച്ചെക്ക് കേസ് ഒത്തു തീർപ്പാക്കാൻ തുഷാർ വെള്ളാപ്പള്ളിയോട് നാസിൽ ചോദിച്ചത് മുപ്പത് ലക്ഷം ദിർഹം (ആറു കോടി). എന്നാൽ ഇതിന്റെ പകുതി തുക മാത്രം നൽകാം എന്നാണ് തുഷാറിന്റെ നിലപാട്.
കോടതിക്ക് പുറത്തെ ഒത്ത് തീർപ്പ് ചർച്ചകളിൽ ആണ് നാസിൽ അബ്ദുള്ള ആറു കോടിയോളം രൂപ ആവശ്യപ്പെട്ടത്. എന്നാൽ ഇത് കൂടുതലാണ് എന്നാണ് തുഷാർ നൽകിയ മറുപടി. ഇത്രയും തുകയുടെ ബിസിനസ് ഇടപാട് നാസിലുമായി തനിക്ക് ഉണ്ടായിരുന്നില്ല എന്ന് തുഷാർ പറയുന്നു.