
അമ്മയെ കൊലപ്പെടുത്തിയ പ്രതിയെ ബോംബെറിഞ്ഞ ശേഷം വെട്ടിക്കൊല്ലാൻ ശ്രമിച്ചു; നിരവധി ക്രിമിനൽക്കേസുകളിൽ പ്രതിയായ യുവാക്കൾ അറസ്റ്റിൽ
ക്രൈം ഡെസ്‌ക്
കഠിനങ്കുളം: അമ്മയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ ബോംബെറിഞ്ഞു ഭീകരാന്തരീക്ഷമുണ്ടാക്കിയ ശേഷം വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടു പ്രതികൾ അറസ്റ്റിൽ.
കഠിനങ്കുളം ചാന്നാങ്കര വെട്ടുതുറ കോൺവെന്റിനു സമീപം സിത്താര ഹൗസിൽ വിജിത്ത് (23), ചിറ്റാറ്റുമുക്ക് ചിറയ്ക്കൽ കോവിൽ വിളാകം വീട്ടിൽ സജീർ (24) എന്നിവരെയാണ് കഠിനംകുളം സ്‌റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ അൻസാരിയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ 23 നായിരുന്നു കേസിനാസ്പദമായ സംഭവം. വിജിത്തിന്റെ അമ്മയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് യോഗേഷ്. 2018 ൽ വിജിത്തിന്റെ അമ്മയെ യോഗേഷ് കൊലപ്പെടുത്തിയിരുന്നു.
ഇതിന്റെ വൈരാഗ്യത്തെ തുടർന്നാണ് വിജിത്തും, സജീറും യോഗേഷിനെ കൊലപ്പെടുത്തുന്നതിനായി പദ്ധതി തയ്യാറാക്കുകയായിരുന്നു.
തുടർന്നു, ചാന്നാങ്കരയിൽ നിന്നും കഠിനംകുളം ഭാഗത്തേയ്ക്കു യോഗേഷ് പോകുന്നതായി വിവരം ലഭിച്ച പ്രതികൾ, ബൈക്കിൽ യോഗേഷിനെ പിൻതുടർന്നു.
കഠിനംകുളം ചാന്നാങ്കരയ്ക്കു സമീപത്തു വച്ച് പ്രതികൾ യോഗേഷിനെ തടഞ്ഞു നിർത്തി വെട്ടി. ഇവിടെ നിന്നും ബൈക്കിൽ രക്ഷപെടാൻ ശ്രമിച്ച യോഗേഷിനെ പ്രതികൾ, ബൈക്കിൽ പിൻതുടർന്നു കഠിനംകുളം ചാന്നാക്കര അൽഫിദ എന്ന കടയ്ക്കു സമീപത്തു വച്ചു തടഞ്ഞു.
തുടർന്നു, പ്രാണരക്ഷാർത്ഥം സമീപത്തെ കടയിലേയ്ക്കു ഓടിക്കയറിയ യോഗേഷിനു നേരെ പ്രതികൾ കയ്യിൽ കരുതിയിരുന്ന പട്ടമെറിഞ്ഞു. നാട്ടുകാരുടെ ഇടപെടലിനെ തുടർന്നാണ് യോഗേഷിനെ പ്രതികൾ കൊലപ്പെടുത്താതിരുന്നത്.
സംഭവത്തിനു ശേഷം രക്ഷപെട്ട പ്രതികളെ, കഴിഞ്ഞ ദിവസം കഠിനംകുളം ഇൻസ്‌പെക്ടർ അൻസാരിയുടെ നേതൃത്വത്തിൽ എസ്.ഐ സജു വി.ഷാജി, എ.എസ്.ഐ സന്തോഷ്, പൊലീസ് ഉദ്യോഗസ്ഥരായ ബിജു, മനു, സജിൻ, രാജേഷ്, അനസ് എന്നിവർ അടങ്ങുന്ന സംഘമാണ് പിടികൂടിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി.