പട്ടിത്താനം പൊയ്കപ്പുറം രാജീവ് ഗാന്ധി കോളനിയിൽ രാത്രി വടിവാളുമായി എത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചയാളെ അറസ്റ്റ് ചെയ്യാതെ പൊലീസ്; സ്‌റ്റേഷന്‍ ഉപരോധിച്ച് സ്ത്രീകളും കുട്ടികളും
സ്വന്തം ലേഖിക
ഏറ്റുമാനൂര്‍: രാത്രി വടിവാളുമായി എത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചയാളെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് സ്ത്രീകളും കൊച്ചുകുട്ടികളും ചേർന്ന് പൊലീസ് സ്‌റ്റേഷന്‍ ഉപരോധിച്ചു.
പട്ടിത്താനം പൊയ്കപ്പുറം രാജീവ് ഗാന്ധി കോളനിയിൽ വടിവാളുമായി എത്തിയ നവാസ് എന്നയാളാണ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. ഭയചകിതരായ നാട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഭീകരാന്തരീക്ഷം സൃഷ്ടിച്ചയാളെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് തയാറാകാത്തതില്‍ പ്രതിഷേധിച്ച് അംഗപരിമിതയടക്കം ആറ് സ്ത്രീകളും രണ്ട് കുട്ടികളും ഉള്‍പ്പെടെയുള്ളവര്‍ പൊലീസ് സ്റ്റേഷനില്‍ പായ് വിരിച്ചു കിടന്ന് ഉപരോധസമരം നടത്തി. ഇന്നലെ രാത്രി 7.30നാണ് സംഭവങ്ങളുടെ തുടക്കം.
രാജീവ് ഗാന്ധി കോളനിയുടെ സമീപത്തെ ഷറഫ്‌നിസ(48)യുടെ കടയില്‍ വടിവാളുമായി എത്തിയ നവാസ് എന്നയാളാണ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. അസഭ്യം പറഞ്ഞാണ് ഇയാള്‍ എത്തിയത്.
ഇതിനിടെ വടിവാള്‍ വീശി ഭീഷണിപ്പെടുത്തുകയും ചെയ്തു. തൊട്ടടുത്ത വീട്ടില്‍ ഷറഫ്‌നിസയുടെ അമ്മ അംഗപരിമിതയായ ഐഷയും (76) 2 കുട്ടികളും ഉണ്ടായിരുന്നു. ഇവരെയും ഇയാള്‍ ഭീഷണിപ്പെടുത്തി.
പൊലീസിന് നേരെ വടിവാള്‍ വീശുകയും കല്ലെറിയുകയും ചെയ്തു. ഭയചകിതരായവര്‍ പരാതിയുമായി സ്റ്റേഷനില്‍ എത്തിയെങ്കിലും തങ്ങളുടെ മൊഴിയെടുക്കാന്‍ പൊലീസ് തയാറായില്ലെന്ന് ഐഷ ഉള്‍പ്പെടെയുള്ളവര്‍ ആരോപിച്ചു. തുടര്‍ന്ന് ഇവര്‍ ഉപരോധം നടത്തുകയായിരുന്നു.
നഗരസഭാധ്യക്ഷ ലൗലി ജോര്‍ജ് എത്തിയെങ്കിലും പൊലീസിന് അനുകൂലമായ നിലപാടാണ് സ്വീകരിച്ചതെന്നു ഷറഫ്‌നിസ ആരോപിച്ചു. മന്ത്രി വി.എന്‍.വാസവന്‍ ഫോണില്‍ വിളിച്ച് വിവരം അന്വേഷിച്ചതിനെത്തുടര്‍ന്ന് ഏറ്റുമാനൂര്‍ എസ്‌എച്ച്‌ഒ സി.ആര്‍.രാജേഷ്‌കുമാറിന്റെ നേതൃത്വത്തില്‍ നവാസിനെ രാത്രി പന്ത്രണ്ടോടെ പൊലീസ് സ്റ്റേഷനില്‍ എത്തിച്ചു. പൊലീസ് സ്റ്റേഷനില്‍ ഉണ്ടായിരുന്ന പരാതിക്കാര്‍ക്കു നേരെയും നവാസ് ഭീഷണി മുഴക്കി.