
പാർട്ടി നേതൃത്വത്തിന് ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങിച്ചെന്ന് പ്രവർത്തിക്കാൻ ആകുന്നില്ല :ചില പൊലീസ് സ്റ്റേഷനുകളില്‍ പാർട്ടി നേതാക്കളുടെ കങ്കാണിമാരുടെ ഭരണം: പാർട്ടിക്ക് അടിത്തറ നഷ്ടമായി: സിപിഎം തൃശൂർ ജില്ലാ സമ്മേളനത്തിലെ പ്രവർത്തന റിപ്പോർട്ടില്‍ ജില്ലാ നേതൃത്വത്തിനെതിരേ രൂക്ഷ വിമർശനം.
തൃശൂർ: സിപിഎം തൃശൂർ ജില്ലാ സമ്മേളനത്തിലെ പ്രവർത്തന റിപ്പോർട്ടില്‍ ജില്ലാ നേതൃത്വത്തിന് നിശിത വിമർശനം. തൃശൂർ ലോക്സഭാ തെരഞ്ഞടുപ്പില്‍ പട്ടിക ജാതി – ഈഴവ വോട്ടുകള്‍ ചോർന്നത് ബിജെപിക്ക് അനുകൂലമായെന്ന് സിപിഎം ജില്ലാ സമ്മേളനത്തിലെ പ്രവർത്തന റിപ്പോർട്ടില്‍ പരാമർശം.
ന്യൂനപക്ഷ പ്രീണനമെന്ന ആരോപണവും തിരിച്ചടിയായി. സുരേഷ് ഗോപിയുടെ വ്യക്തിപ്രഭാവം വോട്ടർമാരെ സ്വാധീനിച്ചുവെന്നും റിപ്പോർട്ടില്‍ പരാമർശമുണ്ട്.
സുരേഷ് ഗോപി ജയിച്ചാല്‍ കേന്ദ്രമന്ത്രിയാകും എന്ന പ്രചാരണവും എൻഡിഎയ്ക്ക് അനുകൂലമായി. ക്രൈസ്തവ മുസ്ലിം ന്യൂനപക്ഷ പ്രീണന നിലപാടുകള്‍ എല്‍ഡിഎഫ് സ്വീകരിക്കുന്നു എന്ന പ്രചാരണം എൻഡിഎയ്ക്ക് അനുകൂലമായി. ബിജെപി നവമാധ്യമ ക്യാംപെയിനുകളിലൂടെ പ്രചാരണത്തില്‍ മുൻതൂക്കം നേടി.
ഭൂരിഭാഗം തദ്ദേശസ്ഥാപനങ്ങളിലും എല്‍ഡിഎഫ് പിന്നിലായിയെന്നും റിപ്പോർട്ടില്‍ പറയുന്നു. കരുവന്നൂർ ബാങ്ക് തട്ടിപ്പ് പാർട്ടിയെ ജില്ലയിലാകെ പ്രതിസന്ധിയിലാക്കി. പാർട്ടിക്കുള്ളിലെ പല ഘടകങ്ങളിലും തെറ്റായ പ്രവണതകളുണ്ടെന്നും റിപ്പോർട്ടില്‍ വിമർശനമുണ്ട്. തൃശൂർ പാർലമെന്റ് മണ്ഡലത്തില്‍ മുന്നിലെത്താൻ സാധിച്ചത് ചാവക്കാട് നഗരസഭയില്‍ മാത്രമാണ്. എട്ട് തദ്ദേശ സ്ഥാപനങ്ങളില്‍ യുഡിഎഫും 38 ഇടങ്ങളില്‍ ബിജെപിയും ലീഡ് നേടിയെന്നും റിപ്പോർട്ടില്‍ പരാമർശമുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

പാർട്ടി നേതൃത്വത്തിന് ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങിച്ചെന്ന് പ്രവർത്തിക്കാൻ ആകുന്നില്ല. നഷ്ടമായ ജനകീയ അടിത്തറ വീണ്ടെടുക്കണം. ജനപ്രതിനിധികള്‍ പാർട്ടി ഭാരവാഹിത്വത്തിലേക്ക് എത്തുന്നതില്‍ രണ്ടു നയം. ഉന്നത കമ്മറ്റികളില്‍ പ്രവർത്തിക്കുന്നവർ പോലും ഇതിന് വിരുദ്ധമായി ഭാരവാഹിത്വത്തില്‍ തുടരുന്നുവെന്നും റിപ്പോർട്ടില്‍ പറയുന്നു.
പൊലീസിനെതിരെയും റിപ്പോർട്ടില്‍ വിമർശനമുണ്ട്. പരാതി പറയാൻ എത്തുന്ന സിപിഎം നേതാക്കളെ പോലും പൊലീസ് ഗൗനിക്കുന്നില്ല. ആർഎസ്‌എസുകാർ സ്റ്റേഷനില്‍ എത്തിയാല്‍ പൊലീസ് ഉദ്യോഗസ്ഥർ കസേരയിട്ട് നല്‍കുന്നു. സിപിഎം പ്രവർത്തകർ എത്തിയാല്‍ പൊലീസ് സ്റ്റേഷനില്‍ വിലയില്ല. ചില സ്റ്റേഷനുകളില്‍ പൊലീസ് സ്റ്റേഷനുകളില്‍ പാർട്ടി നേതാക്കളുടെ കങ്കാണിമാരുടെ ഭരണം നടക്കുന്നു. കമ്മ്യൂണിസ്റ്റ് പാർട്ടി ഭരിക്കുമ്പോഴും പൊലീസ് മർദ്ദനോപാധി. ആഭ്യന്തരവകുപ്പിലും നടക്കുന്നത് ബ്യൂറോക്രാറ്റുകളുടെ ഭരണം എന്നും റിപ്പോർട്ടില്‍ വിമർശനം.
റിപ്പോർട്ടില്‍ വനംമന്ത്രിക്കും ധനമന്ത്രിക്കുമെതിരെ വിമർശനമുണ്ട്. പാർട്ടി ഘടകങ്ങള്‍ ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും നികുതി നിരക്ക് കുറയ്ക്കാൻ ധനമന്ത്രി തയ്യാറായില്ല. പാർലമെന്റില്‍ കനത്ത തിരിച്ചടി നേരിട്ടപ്പോള്‍ മാത്രമാണ് ധനമന്ത്രിക്ക് കാര്യങ്ങള്‍ വ്യക്തമായത്.വനനിയമ ഭേദഗതി നടപ്പിലാക്കാൻ ശ്രമിച്ചത് തെറ്റായ നടപടി. ഇടതുപക്ഷം ഭരിക്കുമ്പോള്‍ ഇത്തരം നിയമങ്ങള്‍ കൊണ്ടുവരാൻ ശ്രമിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും റിപ്പോർട്ടില്‍ പറയുന്നു.
സിപിഎം തൃശൂർ ജില്ലാ സമ്മേളനം കുന്നംകുളം ടൗണ്‍ ഹാളിലെ കൊടിയേരി ബാലകൃഷ്ണന്‍ നഗറിലാണ് നടക്കുന്നത്. പ്രതിനിധി സമ്മേളനം സിപിഎം സംസ്ഥാന സെക്രട്ടറി എം. വി. ഗോവിന്ദൻ ഉദ്ഘാടനം ചെയ്തു. ഫെബ്രുവരി 11ന് ഉച്ച വരെ ആണ് പ്രതിനിധി സമ്മേളനം. 11ന് ഉച്ചതിരിഞ്ഞ് നടക്കുന്ന പൊതു സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. സംസ്ഥാനത്തെ ഏറ്റവും ഒടുവിലത്തെ ജില്ലാ സമ്മേളനം എന്ന പ്രത്യേകതയും തൃശൂര്‍ ജില്ലാ സമ്മേളനത്തിന് ഉണ്ട്. സമ്മേളനത്തില്‍ പൊളിറ്റ് ബ്യൂറോ അംഗങ്ങളായ എം. എ. ബേബി, എ. വിജയരാഘവൻ, കേന്ദ്രകമ്മിറ്റി അംഗങ്ങളായ പി. കെ. ശ്രീമതി, എ. കെ. ബാലൻ, ഡോ. ടി. എം. തോമസ് ഐസക്, കെ. കെ. ശൈലജ തുടങ്ങിയവർ പങ്കെടുക്കുന്നുണ്ട്.