
തിരുവനന്തപുരം: രാഷ്ട്രീയനയം തീരുമാനിക്കുംമുന്‍പ്, കഴിഞ്ഞകാല തിരഞ്ഞെടുപ്പില്‍ സ്വീകരിച്ച അടവുനയത്തില്‍ കോട്ടവും നേട്ടവും പരിശോധിക്കാന്‍ സിപിഎം.
മധുര പാര്‍ട്ടികോണ്‍ഗ്രസില്‍ കരട് രാഷ്ട്രീയപ്രമേയം ചര്‍ച്ച ചെയ്യുംമുന്‍പ്, ആദ്യം ഇക്കാര്യത്തില്‍ ചര്‍ച്ചയും പരിശോധനയും നടത്താനാണ് കേന്ദ്രകമ്മിറ്റി തീരുമാനം. കോണ്‍ഗ്രസുമായി സഖ്യമാവാമെന്നതാണ് കണ്ണൂര്‍ പാര്‍ട്ടി കോണ്‍ഗ്രസ് അംഗീകരിച്ച രാഷ്ട്രീയനയം..
ഇതില്‍ വീഴ്ചപറ്റിയോയെന്ന് പരിശോധിച്ച ശേഷം, പുതിയ രാഷ്ട്രീയനയം ചര്‍ച്ച ചെയ്താല്‍ മതിയെന്നാണ് തീരുമാനം. ഇത്തരമൊരു പരിശോധന കരട് രാഷ്ട്രീയപ്രമേയം ചര്‍ച്ചചെയ്യുംമുന്‍പ് പാര്‍ട്ടി കോണ്‍ഗ്രസില്‍ ഉണ്ടാകാറില്ല. ബി.ജെ.പി.ക്കെതിരേ കോണ്‍ഗ്രസ് അടക്കമുള്ള ജനാധിപത്യ മതേതര കക്ഷികളുമായി സഖ്യമാകാമെന്നതാണ് നിലവിലെ രാഷ്ട്രീയനയം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സഖ്യം ഓരോ സംസ്ഥാനത്തെയും പ്രാദേശിക രാഷ്ട്രീയസ്ഥിതി അനുസരിച്ചാകും. കോണ്‍ഗ്രസുമായി സഖ്യംപാടില്ലെന്ന നിലപാടാണ് തുടക്കംമുതല്‍ കേരളഘടകത്തിന്റേത്. ദേശീയതലത്തില്‍ സി.പി.എം. ഇന്ത്യാമുന്നണിയുടെ ഭാഗമായി നില്‍ക്കുന്നുണ്ടെങ്കിലും അതിന്റെ സമിതികളില്‍ അംഗമാകാത്തത് കേരളഘടകത്തിന്റെ സമ്മര്‍ദത്തിന്റെകൂടി അടിസ്ഥാനത്തിലാണ്.
മധുര കോണ്‍ഗ്രസില്‍ പരിഗണിക്കാനുള്ള കരട് രാഷ്ട്രീയ പ്രമേയത്തിലും കോണ്‍ഗ്രസുമായി സഖ്യമാകാമെന്ന നിലപാടില്‍ മാറ്റംവരുത്തിയിട്ടില്ല. പാര്‍ട്ടി കോണ്‍ഗ്രസ് അംഗീകരിക്കുന്ന രാഷ്ട്രീയനയത്തിന് അനുസരിച്ച് തിരഞ്ഞെടുപ്പ് ഘട്ടത്തിലുണ്ടാക്കുന്ന ‘അടവ് രാഷ്ട്രീയം’ പ്രത്യേകമായി പാര്‍ട്ടികോണ്‍ഗ്രസ് ചര്‍ച്ചയ്‌ക്കെടുക്കാറില്ല.
അതില്‍നിന്നൊരുമാറ്റമാണ് ഇത്തവണ ഉണ്ടാകുന്നത്. ഇതില്‍ കേരളഘടകം എന്ത് നിലപാട് സ്വീകരിക്കണമെന്നത് കൊല്ലത്ത് നടക്കുന്ന സംസ്ഥാന സമ്മേളനത്തില്‍ തീരുമാനിക്കും. കോണ്‍ഗ്രസുമായി സഖ്യംചേര്‍ന്നുള്ള അടവുനയം പിഴച്ചോയെന്നതില്‍ സംസ്ഥാനസമ്മേളനത്തില്‍ ചര്‍ച്ച നടത്തും.
കോണ്‍ഗ്രസിനൊപ്പം ചേരാതെ, ഇടതുമതേതര പാര്‍ട്ടികളുടെ കൂട്ടായ്മ ദേശീയതലത്തിലുണ്ടായാലേ പാര്‍ട്ടിക്ക് ശക്തിപ്പെടാന്‍ കഴിയൂവെന്നാണ് കേരളഘടകത്തിന്റെ നിലപാട്. ഇത് സംസ്ഥാന സമ്മേളനം അംഗീകരിച്ചാല്‍ അത് പാര്‍ട്ടികോണ്‍ഗ്രസില്‍ ഉന്നയിക്കും.