വോട്ടർപട്ടികയുടെ പേരിൽ ഏറ്റുമുട്ടി കോൺഗ്രസും – സി.പി.എമ്മും..! ഹിയറിംങ്ങില്ലാതെ കോൺഗ്രസ് വോട്ട് ചേർക്കുന്നത് കള്ളവോട്ടിനെന്നു ആരോപിച്ച് സി.പി.എം; വെള്ളിയാഴ്ച തിരുവാതുക്കൽ സോണൽ ഓഫിസ് ഉപരോധിക്കും

തേർഡ് ഐ ബ്യൂറോ

കോട്ടയം: വോട്ടർപ്പട്ടികയുടെ പേരിൽ തിരുവാതുക്കലിൽ സി.പി.എം കോൺഗ്രസ് ഏറ്റുമുട്ടൽ. വോട്ടർ പട്ടികയിൽ കള്ളവോട്ടർമാരെ തിരുകിക്കയറ്റാൻ കോൺഗ്രസ് കള്ളക്കളി കളിക്കുകയാണെന്നാരോപിച്ചു സി.പി.എം പ്രതിഷേധവുമായി രംഗത്ത് എത്തി. പ്രതിഷേധത്തിന്റെ ഭാഗമായി വെള്ളിയാഴ്ച രാവിലെ എട്ടു മുതൽ തിരുവാതുക്കൽ ലോക്കൽ കമ്മിറ്റി ഓഫിസ് ഉപരോധിക്കും.

നഗരസഭയിലെ ഭരണപക്ഷ കൗൺസിലർമാർക്കു വേണ്ടി ഉദ്യോഗസ്ഥർ വോട്ടർ പട്ടികയിൽ ക്രമക്കേട് നടത്തുന്നതായാണ് സി.പി.എം ആരോപണം. നഗരസഭയിലെ കോൺഗ്രസ് കൗൺസിലർമാർ വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ നൽകുന്ന അപേക്ഷയിൽ ഉദ്യോഗസ്ഥർ ഹിയറിംങ് നടത്തുന്നില്ല. അപേക്ഷകർ നേരിട്ട് എത്താതെ പോലും, കൗൺസിലർമാർ നൽകുന്ന അപേക്ഷ അംഗീകരിച്ച് ആളുകളെ വോട്ടർ പട്ടികയിൽ പേര് ചേർക്കുകയാണ്.

സി.പി.എം പ്രവർത്തകരുടെ അപേക്ഷകളിൽ പക്ഷേ, ഇത്തരത്തിൽ യാതൊരു വിധ തീരുമാനവും ഉണ്ടാകുന്നില്ല. സി.പി.എം പ്രവർത്തകരും ബ്രാഞ്ച് അംഗങ്ങളും ഇത്തരത്തിൽ അപേക്ഷയുമായി എത്തുമ്പോൾ ഇത് വാങ്ങി കൃത്യമായി പരിശോധന പോലും നടത്താൻ ഉദ്യോഗസ്ഥർ തയ്യാറാകുന്നില്ലെന്നും സി.പി.എം ആരോപിക്കുന്നു.

ഈ സാഹചര്യത്തിലാണ് സി.പി.എം പ്രതിഷേധം സംഘടിപ്പിക്കുന്നത്. ഇന്നു രാവിലെ എട്ടു മുതൽ നഗരസഭയുടെ തിരുവാതുക്കൽ സോണൽ ഓഫിസ് ഉപരോധിക്കുമെന്നും സി.പി.എം അറിയിച്ചു. ഇതിന്റെ ഭാഗമായി വെള്ളിയാഴ്ച രാവിലെ എട്ടു മുതൽ തിരുവാതുക്കൽ സോണൽ ഓഫിസ് ഉപരോധിക്കുന്നതിനാണ് സി.പി.എം തീരുമാനം. തിരഞ്ഞെടുപ്പിന്റെ ചുമതല വഹിക്കുന്ന ഉദ്യോഗസ്ഥരെ മാറ്റണമെന്നും സി.പി.എം ആരോപിക്കുന്നു.

എന്നാൽ, സി.പി.എം ആരോപണം വ്യാജമാണെന്നു കോൺഗ്രസ് ആരോപിക്കുന്നു. കൃത്യമായ രീതിയിലാണ് വോട്ടർ പട്ടികയിലെ കാര്യങ്ങൾ പുരോഗമിക്കുന്നത്. മറിച്ചുള്ള പ്രചാരണം രാഷ്ട്രീയം മാത്രമാണെന്നും കോൺഗ്രസ് പറയുന്നു.