കോട്ടയം മാർക്കറ്റിൽ ഏഴു പേർക്കു കൂടി കൊവിഡ്: ആന്റിജൻ പരിശോധന നടത്തിയത് 383 പേർക്ക്; പരിശോധന വെള്ളിയാഴ്ചയും തുടരും

തേർഡ് ഐ ബ്യൂറോ

കോട്ടയം: കൊവിഡ് ബാധ പടർന്നു പിടിക്കുന്നതായി കണ്ടെത്തിയ സാഹചര്യത്തിൽ കോട്ടയം പച്ചക്കറി – പലവ്യഞ്ജന മാർക്കറ്റുകളിൽ നടത്തിയ പരിശോധനയിൽ ഏഴു പേർക്കു കൂടി കൊവിഡ്. രണ്ടാം ദിവസം മാർക്കറ്റിൽ നടത്തിയ പരിശോധനയിലാണ് ഇപ്പോൾ ഏഴു പേർക്കു കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. വ്യാഴാഴ്ച രാവിലെ മുതൽ വൈകിട്ട് വരെ രണ്ടു ഗ്രൂപ്പുകളിലായി 353 പേർക്കാണ് പരിശോധന നടത്തിയത്. ഇവരിൽ ഏഴു പേരാണ് പോസിറ്റീവാണ് എന്നു കണ്ടെത്തിയത്. ഇവരെ ആശുപത്രിയേല്ക്കു മാറ്റി.

ഓണത്തിനു മുൻപു മാർക്കറ്റിൽ ഇരുപതോളം ആളുകൾക്കു കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതേ തുടർന്നു മാർക്കറ്റ് അടച്ചിടുന്നതിനു നിർണ്ണായക തീരുമാനം എടുക്കുകയായിരുന്നു. എന്നാൽ, ഈ മാർക്കറ്റ് അടച്ചിടുന്നതിനുള്ള തീരുമാനത്തെ ഒരു വിഭാഗം വ്യാപാരികൾ എതിർത്തു. ഇതിനു പിന്നാലെയാണ് മാർക്കറ്റിൽ ബുധൻ വ്യാഴം വെള്ളി ദിവസങ്ങളിലായി ആന്റിജൻ ടെസ്റ്റ് നടത്താൻ തീരുമാനിച്ചത്.

ഇതേ തുടർന്നു ബുധനാഴ്ച ആദ്യം നടത്തിയ ആന്റിജൻ ടെസ്റ്റിൽ മാർക്കറ്റിലെ രണ്ടു പേർക്കു കൊവിഡ് സ്ഥിരീകരിച്ചു. ഇതിനു പിന്നാലെ വ്യാഴാഴ്ച രാവിലെ മുതൽ വീണ്ടും ടെസ്റ്റ് നടത്തുകയായിരുന്നു. ചന്തക്കടവിൽ സി.ഐ.ടി.യു ഓഫിസിനു മുന്നിലായിരുന്നു ആദ്യ ടെസ്റ്റ് സെന്റർ. ഇത് കൂടാതെ മാർക്കറ്റിനുള്ളിൽ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ വ്യാപാരഭവനു മുന്നിലും ടെസ്റ്റ് നടത്തി.

383 പേരിൽ നടത്തിയ പരിശോധനയിൽ ആകെ ഏഴു പേർക്കു മാത്രമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇവരെ കൊവിഡ് കെയർ സെന്ററുകളിലേയ്ക്കു മാറ്റിയിട്ടുണ്ട്. ജില്ലാ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ വെള്ളിയാഴ്ചയും മാർക്കറ്റിൽ പരിശോധന നടത്തും. കോട്ടയം മാർക്കറ്റിലെ സ്ഥാപന ഉടമകൾക്കും, തൊഴിലാളികൾക്കും അടക്കമുള്ളവർ കൊവിഡ് ബാധിതരല്ലെന്ന കണക്ക് പുറത്തു വന്നത് ആശ്വാസം നൽകുന്നതാണ്.