
സി.പി.എം ബ്രാഞ്ച് സെക്രട്ടറിയുടെ കൊലപാതകം: തൃശൂരിൽ രണ്ടു പ്രതികൾ കൂടി പിടിയിൽ; പ്രതികളെയുമായി തെളിവെടുപ്പ് നടത്തി; രാഷ്ട്രീയം പറയാതെ പൊലീസ്
തേർഡ് ഐ ബ്യൂറോ
തൃശൂർ: സി.പി.എം ബ്രാഞ്ച് സെക്രട്ടറിയെ കുത്തിക്കൊലപ്പെടുത്തിയത് ആർ.എസ്.എസ് – ബി.ജെ.പി പ്രവർത്തകരാണ് എന്നു പാർട്ടി ആരോപിക്കുമ്പോഴും രാഷ്ട്രീയം പറയാതെ പൊലീസ്. രണ്ടു പേരെ കൂടി ബുധനാഴ്ച പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ ആകെ പിടിയിലായവരുടെ എണ്ണം മൂന്നായി. ഇതുവരെയും കേസിലെ രാഷ്ട്രീയ ബന്ധം മാത്രം പൊലീസ് പുറത്തു വിട്ടിട്ടില്ല.
സി.പി.എം ബ്രാഞ്ച് സെക്രട്ടറി സനൂപിനെ കൊലപ്പെടുത്തിയ കേസിലാണ് രണ്ട് പേരെ കൂടി അറസ്റ്റ് ചെയ്തത്. അക്രമി സംഘത്തിലുണ്ടായിരുന്ന ചിറ്റിലങ്ങാട് സ്വദേശികളായ അലിക്കൽ വീട്ടിൽ സുജയ് കുമാർ, കുഴിപ്പറമ്ബിൽ വീട്ടിൽ സുനീഷ് എന്നിവരാണ് അറസ്റ്റിലായത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി. എഫ്.ഐ.ആർ പ്രകാരം ഇനി രണ്ടുപേരെ കൂടി പിടികൂടാനുണ്ട്. മാരോൺ അഭിജിത്ത് എന്നിവരെയാണ് പിടികൂടാനുള്ളത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്ന് വൈകിട്ട് തൃശൂർ കേച്ചേരി ഭാഗത്ത് നിന്നാണ് സുനീഷിനേയും സുജയ് കുമാറിനെയും കുന്നംകുളം എ.സി.പി ടി.എസ് സിനോജിൻറെ നേതൃത്വിത്തിലുള്ള സംഘം പിടികൂടിയത്. കൊലപാതകത്തിൽ നേരിട്ട് പങ്കുള്ളവരാണ് ഇരുവരും എന്ന് പൊലീസ് പറഞ്ഞു. കൊലപാതകം നടന്ന എയ്യാൽ ചിറ്റിലങ്ങാട് പ്രദേശത്ത് പൊലീസും ഫോറൻസിക്കും തെളിവെടുപ്പ് നടത്തി.
സനൂപിനെ കുത്തിയ ഒന്നാം പ്രതി ചിറ്റിലങ്ങാട് നന്ദൻ കൃത്യം നടത്തിയതിന് ശേഷം കൈകഴുകാനെത്തിയ പുതുകുളം പരിസരത്താണ് തെളിവെടുപ്പ് നടത്തിയത്. സംഭവ സമയത്ത് നന്ദൻ ധരിച്ചിരുന്ന ടീഷർട്ട് കുളത്തിന് സമീപത്ത് നിന്ന് രക്തം പുരണ്ട നിലയിൽ പൊലീസ് കണ്ടെടുത്തു. കുളത്തിന് സമീപത്ത് നിന്ന് കണ്ടെത്തിയ രക്തതുള്ളികൾ പരിശോധനയ്ക്കായ് ശേഖരിച്ചു. കൊലപാതകത്തിന് ഉപയോഗിച്ച കത്തി കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
കഴിഞ്ഞ ദിവസമാണ് തൃശൂർ കുന്നംകുളം ചിറ്റിലങ്ങാട് സി പി എം ബ്രാഞ്ച് സെക്രട്ടറി സനൂപിനെ കുത്തികൊലപ്പെടുത്തിയത്. നാല് സിപിഎം പ്രവർത്തകർക്കും പരിക്കേറ്റിരുന്നു. ചിറ്റിലങ്ങാട്ടെ സി.പി.എം പ്രവർത്തകനായ മിഥുനും പ്രതികളും തമ്മിൽ കഴിഞ്ഞ ദിവസം വാക്കുതർക്കമുണ്ടായിരുന്നു. ഈ പ്രശ്നം പരിഹരിക്കാനാണ് സനൂപും മറ്റ് മൂന്ന് സി.പി.എം പ്രവർത്തകരും സ്ഥലത്തെത്തിയത്. തുടർന്നാണ് പ്രതികൾ സനൂപിനെ കുത്തികൊന്നത്.