കേരളാ കോണ്‍ഗ്രസ്സ് (എം) ന്റെ സഹായത്തോടെ വിജയിച്ച സീറ്റുകളെക്കുറിച്ച് അറിയണമെങ്കില്‍ സി.പി.ഐയുടെ എം.എല്‍.എ വാഴൂര്‍ സോമനോട് ചോദിച്ചാൽ മതി; ജയിക്കുന്ന സീറ്റുകളുടെ ക്രെഡിറ്റ് ഏറ്റെടുക്കുകയും, പരാജയപ്പെട്ട സീറ്റുകളുടെ ഉത്തരവാദിത്വം വ്യക്തികളില്‍ കെട്ടിവെയ്ക്കുന്നത് പാപ്പരത്തം; ഉന്നതാധികാര സമിതിയിൽ സി.പി.ഐക്കെതിരെ രൂക്ഷ വിമര്‍ശനം
സ്വന്തം ലേഖകൻ
കോട്ടയം: സംഘടനാ തെരെഞ്ഞെടുപ്പും, സംഘടനാ പ്രവര്‍ത്തനങ്ങളും ചര്‍ച്ചചെയ്യാന്‍ കൂടിയ ഉന്നതാധികാര സമിതിയിൽ സി.പി.ഐക്കെതിരെ രൂക്ഷ വിമര്‍ശനം. ഇത്തരം വിവാദങ്ങള്‍ ഇടതുമുന്നണിക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന ബഹുജന പിന്തുണ നഷ്ടപ്പെടുത്താനേ സഹായിക്കൂ എന്നും യോഗം അഭിപ്രായപ്പെട്ടു. യോഗത്തിലെ പ്രധാന പരാമർശങ്ങൾ;
അസംബ്ലി തെരെഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സി.പി.ഐയുടേതായി പുറത്തുവന്ന റിപ്പോര്‍ട്ട് തികച്ചും ബാലിശമാണ്. ഇത്തരം പരാമര്‍ശങ്ങള്‍ സി.പി.ഐ ഔദ്യോഗികമായി നിഷേധിച്ചിട്ടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സി.പി.ഐയുടേതല്ലെങ്കില്‍ അത് നിഷോധിക്കാനുള്ള ബാധ്യത സി.പി.ഐ നേതൃത്വത്തിനുണ്ട്.
അസംബ്ലി തെരെഞ്ഞെടുപ്പില്‍ പരാജയപ്പെട്ട സീറ്റുകളെക്കുറിച്ച് സി.പി.ഐ (എം) വിലയിരുത്തല്‍ നടത്തിയിട്ടുണ്ട്. എന്നാല്‍ ഇതില്‍ നിന്നും തികച്ചും വിഭിന്നമായി വളരെ വ്യക്തിനിഷ്ടവും അടിസ്ഥാനരഹിതവുമായ പരാമര്‍ശങ്ങളാണ് സി.പി.ഐയുടേതായി പുറത്തുവന്നിട്ടുള്ളത്.
ജോസ് കെ.മാണിക്ക് കോട്ടയം പാര്‍ലമെന്റില്‍ ആദ്യ തെരെഞ്ഞെടുപ്പില്‍ വിജയിച്ചതിന്റെ ഇരട്ടി ഭൂരിപക്ഷത്തിലാണ് രണ്ടാമത് വിജയിക്കാന്‍ കഴിഞ്ഞത്.
കടുത്തുരുത്തില്‍ 44000 ഭൂരിപക്ഷം 4000 ആയി കുറയ്ക്കുകയുണ്ടായി. ജോസ് കെ.മാണിയുടെ ജനകീയ അടിത്തറയ്ക്ക് മാര്‍ക്കിടുന്നവരില്‍ പലരും പല തെരെഞ്ഞെടുപ്പുകളിലും പരാജയപ്പെട്ടവരാണെന്ന് മറക്കണ്ട.
മൂവാറ്റുപുഴ, കരുനാഗപ്പള്ളി തുടങ്ങിയ സീറ്റുകളില്‍ സി.പി.ഐ സ്ഥാനാര്‍ത്ഥികള്‍ ജനകീയ അടിത്തറ ഇല്ലാത്തവരാരായതുകൊണ്ടാണോ പരാജയപ്പെട്ടത് എന്ന് പരിശോധിക്കണം. അങ്ങനെയെങ്കില്‍ സീറ്റ് നല്‍കാനുള്ള തീരുമാനം തെറ്റായിരുന്നില്ലേ.
കേരളാ കോണ്‍ഗ്രസ്സ് (എം) ന്റെ സാനിധ്യം കൊണ്ട് അടുത്തനാളുകളിലൊന്നും ഇടതുമുന്നണി വിജയിക്കാത്ത സീറ്റുകള്‍ നേടിയെടുക്കാന്‍ സാധിച്ചു എന്ന് സി.പി.ഐ മനസ്സിലാക്കുന്നത് നല്ലതാണ്.
പാലായും, കടുത്തുരുത്തിയും പരാജയപ്പെട്ടതില്‍ മുന്നണിക്ക് ഉത്തരവാദിത്വമില്ല എന്ന സി.പി.ഐ റിപ്പോര്‍ട്ട് യോഗത്തില്‍ നിഷിതമായി വിമര്‍ശിക്കപ്പെട്ടു. ജയിക്കുന്ന സീറ്റുകളുടെ ക്രെഡിറ്റ് ഏറ്റെടുക്കുകയും, പരാജയപ്പെട്ട സീറ്റുകളുടെ ഉത്തരവാദിത്വം വ്യക്തികളില്‍ കെട്ടിവെയ്ക്കുന്നത് തികച്ചും പാപ്പരത്തമാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കേരളാ കോണ്‍ഗ്രസ്സ് (എം) ന്റെ സഹായത്തോടെ വിജയിച്ച സീറ്റുകളെക്കുറിച്ച് അറിയണമെങ്കില്‍ സി.പി.ഐയുടെ എം.എല്‍.എ വാഴൂര്‍ സോമനോട് ചോദിച്ചാല്‍ മതി. അദ്ദേഹം പരസ്യമായി കേരളാ കോണ്‍ഗ്രസ്സ് (എം) ന്റെ സഹായം ലഭിച്ചു എന്ന് പരാമര്‍ശിച്ചിരുന്നു.
കേരളാ കോണ്‍ഗ്രസ്സ് (എം) മത്സരിച്ച സീറ്റുകളില്‍ സ്വാധീനം കുറവുള്ള പാര്‍ട്ടിയായ സി.പി.ഐയുടെ വോട്ടുകള്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിക്ക് ലഭിച്ചോ എന്ന് സി.പി.ഐ നേതൃത്വം അന്വേഷിക്കണം.
കേരളാ കോണ്‍ഗ്രസ്സ് (എം) യു.ഡി.എഫില്‍ നിന്ന കാലത്ത് സി.പി.ഐക്ക് പാര്‍ട്ടിയോടുള്ള സമീപനത്തില്‍ ഇപ്പോഴും മാറ്റം വന്നിട്ടില്ല എന്ന് യോഗം വിലയിരുത്തി.
കേരളാ കോണ്‍ഗ്രസ്സ് (എം) ന്റെ സാനിധ്യം കൊണ്ട് എല്‍.ഡി.എഫിന് നേട്ടമുണ്ടായതിന്റെ കണക്ക് കഴിഞ്ഞ പഞ്ചായത്ത് തെരെഞ്ഞെടുപ്പിലും, നിയമസഭാ തെരെഞ്ഞെടുപ്പിലും സി.പി.ഐ (എം) നും മറ്റ് ഘടകകക്ഷികള്‍ക്കും ബോധ്യപ്പെട്ടു
രാഷ്ട്രീയ അടിത്തറയുള്ള പാര്‍ട്ടിയായ കേരളാ കോണ്‍ഗ്രസ്സ് (എം) ഇടതുമുന്നണിക്കൊപ്പം ചേര്‍ന്നപ്പോള്‍ തങ്ങളുടെ സ്ഥാനം നഷ്ടമാകുമെന്ന തെറ്റായ ഭയമാണ് ഇത്തരം പ്രസ്താവനക്ക് പിന്നിലുള്ളതെന്ന് യോഗം വലിയിരുത്തി.