play-sharp-fill
കോവിഡ് സന്നദ്ധ സേവന പരിപാടിക്ക് മികച്ച പ്രതികരണം; പിന്തുണയുമായി ജനപ്രതിനിധികള്‍

കോവിഡ് സന്നദ്ധ സേവന പരിപാടിക്ക് മികച്ച പ്രതികരണം; പിന്തുണയുമായി ജനപ്രതിനിധികള്‍

സ്വന്തം ലേഖകൻ

കോട്ടയം : പൊതുജന പങ്കാളിത്തത്തോടെ കോവിഡ് പ്രതിരോധം ഊര്‍ജ്ജിതമാക്കുന്നതിനു ലക്ഷ്യമിട്ട് കോട്ടയം ജില്ലയില്‍ തുടക്കം കുറിച്ച സന്നദ്ധ സേവന പരിപാടിക്ക് മികച്ച പ്രതികരണം. വോളണ്ടിയര്‍മാരായി പ്രവര്‍ത്തിക്കുന്നതിന് പൊതു വിഭാഗത്തില്‍ 3052 പേരും പോലീസ് വിഭാഗത്തില്‍ 428 പേരും ഇതുവരെ പുതിയതായി രജിസ്റ്റര്‍ ചെയ്തു.

ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ പരിപാടിക്ക് ജില്ലയിലെ എംപിമാരും നിയുക്ത എം.എല്‍.എമാരും പിന്തുണ അറിയിച്ചു. കൂടുതല്‍ സന്നദ്ധ സേവകരുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിന് സഹകരിക്കുമെന്ന് അവര്‍ അറിയിച്ചു. രോഗികളുടെ എണ്ണവും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും ഗണ്യമായി വര്‍ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ രോഗപ്രതിരോധ സംവിധാനങ്ങള്‍ ശക്തമായി മുന്നോട്ടു കൊണ്ടുപോകുന്നതിന് കൂടുതല്‍ ജനപങ്കാളിത്തം അനിവാര്യമാണെന്ന് ജില്ലാ കളക്ടര്‍ എം. അഞ്ജനയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഓണ്‍ലൈന്‍ യോഗത്തില്‍ ജനപ്രതിനിധികള്‍ ചൂണ്ടിക്കാട്ടി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പുതിയതായി രജിസ്റ്റര്‍ ചെയ്ത വോളണ്ടിയര്‍മാര്‍ക്ക് പരിശീലനം നല്‍കി, ഇവരുടെ സേവനം പ്രയോജനപ്പെടുത്തുന്നതിന് നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.
ഇവര്‍ക്കു പുറമെ കഴിഞ്ഞ വര്‍ഷം രജിസ്റ്റര്‍ ചെയ്ത സന്നദ്ധ പ്രവര്‍ത്തകരും ജില്ലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

രോഗം ബാധിച്ചും ക്വാറന്‍റയിനിലും വീടുകളില്‍ കഴിയുന്നവര്‍ക്ക് ഭക്ഷ്യവസ്തുക്കളും മരുന്നും എത്തിച്ചു നല്‍കുന്നത് ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങളില്‍ തദ്ദേശ സ്ഥാപനങ്ങളുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുകയാണ് പൊതു വിഭാഗം വോളണ്ടിയര്‍മാരുടെ ചുമതല. രോഗപ്രതിരോധത്തിനായുള്ള നിയന്ത്രണങ്ങള്‍ ഫലപ്രദമായി നടപ്പാക്കുന്നതിന് പോലീസിന്‍റെ അനുമതിയോടെ നിരീക്ഷണ സംവിധാനത്തിന്‍റെ ഭാഗമായി പ്രവര്‍ത്തിക്കുന്നവരാണ് പോലീസ് വോളണ്ടിയര്‍മാര്‍.

കോവിഡ് വ്യാപനം, ചികിത്സ, രോഗപ്രതിരോധം എന്നിവയുമായി ബന്ധപ്പെട്ട് ജില്ലയിലെ പൊതു സാഹചര്യം ജില്ലാ കളക്ടര്‍ എം. അഞ്ജനയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജനപ്രതിനിധികളുടെ യോഗം വിലയിരുത്തി. ജില്ലയില്‍ നിലവിലുള്ള ക്രമീകരണങ്ങള്‍ ജില്ലാ കളക്ടര്‍, ജില്ലാ പോലീസ് മേധാവി ഡി. ശില്‍പ്പ, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജേക്കബ് വര്‍ഗീസ് എന്നിവര്‍ വിശദമാക്കി.

ആദ്യ ഡോസ് വാക്സിന്‍ എടുത്ത പലര്‍ക്കും രണ്ടാം ഡോസിനുള്ള സമയപരിധി കഴിയാറായിട്ടുണ്ട്. വാക്സിന്‍ വിതരണത്തില്‍ ഈ വിഭാഗത്തില്‍ പെട്ടവര്‍ക്ക് മുന്‍ഗണന നല്‍കണമെന്ന് ജനപ്രതിനിധികള്‍ നിര്‍ദേശിച്ചു. കൂടുതല്‍ വാക്സിന്‍ ലഭിക്കുന്ന മുറയ്ക്ക് വാക്സിനേഷന്‍ കേന്ദ്രങ്ങളുടെ എണ്ണം വര്‍ധിപ്പിക്കണമെന്നും വാര്‍ഡ് തല ജാഗ്രതാ സമിതികളുടെ പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കണമെന്നും അന്യ സംസ്ഥാന തൊഴിലാളികള്‍ കൂടുതലുള്ള മേഖലകളില്‍ പ്രത്യേകമായ ജാഗ്രതാ സംവിധാനം വേണമെന്നും അവര്‍ നിര്‍ദേശിച്ചു.

വാക്സിന്‍ വിതരണത്തില്‍ രണ്ടാം ഡോസുകാര്‍ക്ക് മുന്‍ഗണന നല്‍കുന്നതിനും തിരക്ക് ഒഴിവാക്കി വാക്സിനേഷന്‍ നടത്തുന്നതിനും നടപടി സ്വീകരിക്കുമെന്ന് കളക്ടര്‍ അറിയിച്ചു. വാക്സിന്‍ ലഭ്യമാകുന്ന മുറയ്ക്ക് വിതരണ കേന്ദ്രങ്ങളുടെ എണ്ണം വര്‍ധിപ്പിക്കും.

നിലവിലെ കണക്കു പ്രകാരം ജില്ലയില്‍ ആകെ 7402 അതിഥി തൊഴിലാളികളുണ്ട്. ചങ്ങനാശേരി താലൂക്കില്‍ മാത്രം 1500ഓളം പേരുണ്ട്. ഇവരുടെ ക്ഷേമം ഉറപ്പാക്കുന്നതിന് നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.

അതിഥി തൊഴിലാളികള്‍ കൂടുതലായി താമസിക്കുന്ന മേഖലയില്‍ പോലീസ് നിരീക്ഷണം ഊര്‍ജ്ജിതമാണ്. വാക്സിന്‍ ലഭ്യമാകുന്ന മുറയ്ക്ക് അതിഥി തൊഴിലാളികള്‍ക്കും നല്‍കും.

ജില്ലയിലെ രണ്ട് കോവിഡ് ആശുപത്രികളിലുമായി 25 ശതമാനം കിടക്കകളാണ് നിലവില്‍ ഒഴിവുള്ളത്. ഇതില്‍തന്നെ കോട്ടയം മെഡിക്കല്‍ കോളേജില്‍ ശേഷിക്കുന്നത് അഞ്ചു ശതമാനം മാത്രമാണ്.

കോവിഡ് പരിചരണ കേന്ദ്രങ്ങളിലെ സൗകര്യങ്ങള്‍ വിപുലീകരിക്കുന്നതിന് നടപടി സ്വീകരിച്ചുവരികയാണെങ്കിലും രോഗവ്യാപനം കുറയ്ക്കേണ്ടത് അനിവാര്യമാണെന്ന് കളക്ടര്‍ പറഞ്ഞു.

ജില്ലയിലെ വിവിധ സെക്കന്‍ഡ് ലൈന്‍ ചികിത്സാ കേന്ദ്രങ്ങളിലായി
494 ഓക്സിജനേറ്റഡ് കിടക്കകളുണ്ട്. വൈക്കത്ത് ‍പുതിയ കേന്ദ്രം ഈയാഴ്ച്ച തുറക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നു. പാലായിലെ ചികിത്സാ കേന്ദ്രം വിപുലീകരിക്കുന്നതിനൊപ്പം രാമപുരം, കാഞ്ഞിരപ്പള്ളി, തോട്ടയ്ക്കാട് എന്നിവിടങ്ങളില്‍ പുതിയ കേന്ദ്രങ്ങള്‍ ഉടന്‍ സജ്ജമാകുകയും ചെയ്യും.

എല്ലാ സി.എഫ്.എല്‍.ടി.സികളിലും ഓക്സിജന്‍ പാര്‍ലറുകള്‍ ഏര്‍പ്പെടുത്തും. ആദ്യ ഘട്ടമായി മണര്‍കാട് സി.എഫ്.എല്‍.ടി.സിയില്‍ ആരംഭിച്ച ഓക്സിജന്‍ പാര്‍ലര്‍ മികച്ച മാതൃകയായി സംസ്ഥാനതലത്തിലും വിലയിരുത്തപ്പെടുന്നുണ്ട്.

ഓക്സിജന്‍ ലഭ്യത ഉറപ്പാക്കുന്നതിനായി കളക്ടറേറ്റ് കേന്ദ്രീകരിച്ച് വിവിധ വകുപ്പുകളുടെ സഹകരണത്തോടെ ഓക്സിജന്‍ വാര്‍ റൂം പ്രവര്‍ത്തിക്കുന്നുണ്ട്.

ജില്ലയിലെ കോവിഡ് ചികിത്സാ, പ്രതിരോധ സംവിധാനങ്ങളോട് സ്വകാര്യ ആശുപത്രികള്‍ സഹകരിക്കുന്നുണ്ടെന്നും കളക്ടര്‍ അറിയിച്ചു.

എം.പിമാരായ തോമസ് ചാഴികാടന്‍, ആന്‍റോ ആന്‍റണി, കൊടിക്കുന്നില്‍ സുരേഷ്, നിയുക്ത എം.എല്‍.എമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, വി.എന്‍. വാസവന്‍, ഉമ്മന്‍ ചാണ്ടി, സി.കെ. ആശ, ഡോ. എന്‍. ജയരാജ്, മോന്‍സ് ജോസഫ്, മാണി സി. കാപ്പന്‍, ജോബ് മൈക്കിള്‍, സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍, തുടങ്ങിയവര്‍ പങ്കെടുത്തു.