ബന്ധുക്കൾക്കും ഇഷ്ടക്കാർക്കും മാത്രം വാക്സിൻ; വ്യാജ ലിസ്റ്റ് ഉണ്ടാക്കി നാട്ടുകാരെയും അധികൃതരെയും പറ്റിച്ച സംഘത്തെ പൊലീസ് പൂട്ടി; വാക്സിൻ എടുക്കാൻ വന്ന സാധാരണക്കാരോട് , നിങ്ങൾ ലിസ്റ്റിൽ ഇല്ലെന്ന് പറഞ്ഞ് തിരികെ അയക്കുന്നത് സ്ഥിരം തൊഴിൽ
സ്വന്തം ലേഖകൻ
വാഴപ്പള്ളി : വാക്സിനേഷൻ കേന്ദ്രത്തിൽ തട്ടിപ്പ് നടത്തിയവർ പിടിയിൽ. കേന്ദ്രത്തിൽ എത്തി വ്യാജ ലിസ്റ്റ് ഉണ്ടാക്കി നാട്ടുകാരെ പറ്റിച്ച, കുരിശുമ്മൂട് പനച്ചിപ്പുറം കുര്യാക്കോസ് ഫിലിപ്പ്, ചങ്ങനാശേരി പണംപറമ്പിൽ ജോമി മാത്യു, സോജി എന്നിവരാണ് പിടിയിലായത്.
വാഴപ്പള്ളി പഞ്ചായത്തിലെ ചെത്തിപ്പുഴ സർഗ്ഗ ക്ഷേത്ര എന്ന സ്ഥാപനത്തിലാണ് ഈ വ്യാജ വോളന്റീയർമാർ അഴിഞ്ഞാടിയിരുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
വാക്സിനേഷന്റെ ഭാഗമായി ചില ദിവസങ്ങളിൽ തിരക്കു കൂടുതൽ ഉണ്ടാകുന്നതുമൂലം ഓൺലൈൻ വഴി ബുക്ക് ചെയ്ത പലര്‍ക്കും വാക്സിൽ ലഭിക്കാതെ വന്നതോടെയാണ് തട്ടിപ്പിന്റെ ചുരുളഴിയുന്നത്.
പരാതികളുടെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തുന്നതിനായി ചങ്ങനാശ്ശേരി ഫീല്‍ഡ് ഓഫീസർ ഇന്ന് രാവിലെ 6.15 മണിക്ക് സ്ഥലത്തെത്തുമ്പോൾ പ്രതികളിൽ ഒരാള്‍ വാക്സിൻ എടുക്കുന്നവരുടെ ലിസ്റ്റ് വായിച്ച് ലൈനിൽ നിർത്തുന്ന കാഴ്ചയാണ് കണ്ടത്.
നിങ്ങൾ ആരാണെന്ന് തിരക്കിയപ്പോൾ ഞങ്ങൾ വാക്സിൻ എടുപ്പിക്കാൻ വന്നവരാണെന്നും 120 പേർക്കു മാത്രമാണ് ഇന്ന് വാക്സിൻ നൽകുന്നതെന്നും ബാക്കിയുള്ളവർ നിൽക്കേണ്ട എന്നും മറ്റുള്ള നാട്ടുകാരോട് പറഞ്ഞു.
സര്‍ഗ്ഗ ക്ഷേത്ര ഡയക്ടറോടും ആരോഗ്യ വകുപ്പ് അധികൃതരോടും അന്വേഷിപ്പോൾ ഇപ്രകാരം ഒരു ലിസ്റ്റ് തയ്യാറാക്കിയിട്ടില്ലയെന്നും അത് തയ്യാറാക്കുന്നതിന് ആരേയും നിയോഗിച്ചിട്ടില്ലെന്നും പറഞ്ഞു.
ആരോഗ്യ വകുപ്പിന്റെ അനുവാദം ഇല്ലാതെ അനധികൃതമായി വ്യാജ ലിസ്റ്റ് ഉണ്ടാക്കി പ്രതികളുടെ സ്വന്തക്കാരേയും, ബന്ധുക്കളേയും, ഇഷ്ടക്കാരേയും വാക്സിന്‍ എടുപ്പിക്കുന്നതിനായാണ് ഇവർ കാര്യക്കാരായത്.
ഓൺലൈനിൽ രെജിസ്റ്റർ ചെയ്ത് എത്തുന്ന മറ്റ് ആളുകളെ നിങ്ങള്‍ ലിസ്റ്റിൽ ഉള്‍പ്പെട്ടിട്ടില്ല എന്ന് പറഞ്ഞ് പറ്റിച്ച് തിരികെ അയക്കുകയായിരുന്നു പതിവ്.
ആരോഗ്യവകുപ്പ് അധികൃതരേയും വാക്സിനേഷന്‍ നല്‍കുന്നതിനായി സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ സംവിധാനത്തേയും അപകീര്‍ത്തിപ്പെടുകയും തടസ്സപ്പെടുത്തുകയും ചെയ്തതിനു ഇവർക്കെതിരെ ചങ്ങനാശേരി പൊലീസ് കേസ് രെജിസ്റ്റർ ചെയ്തു.