video
play-sharp-fill

കൊവിഡ് 19: തിരുവനന്തപുരം പൂന്തുറയില്‍ സൂപ്പര്‍ സ്‌പ്രെഡ്; സ്ഥലത്ത് കമാന്‍ഡോകളെ വിന്യസിച്ചു; സ്ഥിതി അതീവ ഗുരുതരം

കൊവിഡ് 19: തിരുവനന്തപുരം പൂന്തുറയില്‍ സൂപ്പര്‍ സ്‌പ്രെഡ്; സ്ഥലത്ത് കമാന്‍ഡോകളെ വിന്യസിച്ചു; സ്ഥിതി അതീവ ഗുരുതരം

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: തലസ്‌ഥാനത്ത് പൂന്തുറയില്‍ പ്രാദേശിക സൂപ്പര്‍ സ്‌പ്രെഡ് ആയതായി റിപ്പോര്‍ട്ട്. ജില്ലയില്‍ ഏറ്റവും കൂടുതല്‍ രോഗം റിപ്പോര്‍ട്ട് ചെയ്ത മേഖലയായി തീരദേശമായ പൂന്തുറ മാറുന്നു. കഴിഞ്ഞ അഞ്ചു ദിവസങ്ങള്‍ക്കിടയില്‍ ഈ മേഖലയില്‍ 600 പേരില്‍ നടത്തിയ പരിശോധയില്‍ 119 പേര്‍ക്ക് രോഗം ബാധിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ഇന്ന് സമ്പർക്കത്തിലൂടെ 90 പേര്‍ക്കാണ് രോ​ഗം സ്ഥിരീകരിച്ചത്. ഇതില്‍ 60 പേരും തിരുവനന്തപുരത്താണ്.

പൂന്തുറയില്‍ നിന്നും ജില്ലയിലെ വിവിധ ഭാഗങ്ങളിലെ ചന്തകളിലേക്കും മറ്റും മത്സ്യവില്‍പനയ്ക്കായി തൊഴിലാളികള്‍ പോയിരുന്നത് ആശങ്ക വര്‍ദ്ധിപ്പിക്കുന്നു. പൂന്തുറയില്‍ രോഗം റിപ്പോര്‍ട്ട് ചെയ്ത് തുടങ്ങിയ ദിവസങ്ങളില്‍ ഈ ഭാഗത്തു നിന്നും മീനുമായി എത്തിയവരെ പല ചന്തകളിലും വില്‍ക്കാന്‍ അനുവദിക്കാത്ത സാഹചര്യങ്ങളും റിപ്പോർട്ട് ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പൂന്തുറ, മാണിക്യവിളാകം, പുത്തന്‍പള്ളി പ്രദേശങ്ങളിലാണ് ഇന്ന് പരിശോധന നടത്തുന്നത്. ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്നതും സാമൂഹിക അകലം പാലിക്കാത്തതുമാണ് അധികൃതരെ ആശങ്കപ്പെടുത്തുന്നത്. രോഗവ്യാപനം ശക്തമായ സാഹചര്യത്തില്‍ ഇവിടെ കൊവിഡ് വ്യാപനം തടയാന്‍ ശക്തമായ നടപടികള്‍ സ്വീകരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചു ചേര്‍ച്ച യോഗത്തില്‍ തീരുമാനിച്ചു. അടിയന്തര ഇടപെടലിന് മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. ഇവിടെ ഒരാളില്‍ നിന്ന് 120 പേര്‍ പ്രാഥമിക സമ്പർക്കത്തിലൂടെയും 150 ഓളം പേര്‍ ദ്വിതീയ സമ്പർക്കത്തിലും വന്നിട്ടുണ്ട്. കൂടുതല്‍ പേരില്‍ പരിശോധന നടത്തി വരികയാണ്.

രോഗ ബാധിതരുടെ എണ്ണം കൂടുതലുള്ള മേഖലയായ പൂന്തുറയില്‍ കൊവിഡ് സൂപ്പര്‍ സ്പ്രെഡ് ആണെന്ന് മേയര്‍ അറിയിച്ചു . ഒരാളില്‍ നിന്ന് കൂടുതല്‍ ആളുകളിലേക്ക് രോഗ ബാധ ഉണ്ടായ സാഹചര്യത്തെയാണ് സൂപ്പര്‍ സ്പ്രെഡ് എന്ന് വിശേഷിപ്പിക്കുന്നത്. അതീവ ഗുരുതരമായ സ്ഥിതിവിശേഷമാണ് ഈ മേഖലയില്‍ നിലനില്‍ക്കുന്നത് എന്ന് മേയര്‍ വ്യക്തമാക്കി.

രോ​ഗ വ്യാപനം തടയുന്നതിന്റെ ഭാഗമായി പൂന്തുറയില്‍ എസ്.എ.പി. കമാന്‍ഡന്റ് ഇന്‍ ചാര്‍ജ്ജ് എല്‍ സോളമന്റെ നേതൃത്വത്തില്‍ 25 കമാന്‍ഡോകളെ സ്പെഷ്യല്‍ ഡ്യൂട്ടിക്കായി നിയോഗിച്ചു. ഇവിടെ കര്‍ശനമായ രീതിയില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍ നടപ്പാക്കാനാണ് നിര്‍ദ്ദേശം. സംസ്ഥാന അതിര്‍ത്തി കടക്കുന്നതിന് നിരോധനവുമുണ്ട്. കൊവിഡ് ബാധ തടയുന്നതിന്റെ ഭാഗമായി പൂന്തുറ ഭാഗത്തുനിന്ന് തമിഴ്നാട്ടിലേയ്ക്കും തിരിച്ചും മത്സ്യബന്ധനത്തിനായി ബോട്ടുകളും വള്ളങ്ങളും പോകുന്നത് തടയാന്‍ കോസ്റ്റ് ഗാര്‍ഡ്, കോസ്റ്റല്‍ സെക്യൂരിറ്റി, മറൈന്‍ എന്‍ഫോഴ്സ്മെന്റ് എന്നിവയ്ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുള്ളതായി സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു.

തമിഴ്‌നാട്ടിലെ രോഗബാധിത പ്രദേശമായ കന്യാകുമാരിയില്‍ നിന്നും മീന്‍ വാങ്ങി വ്യാപാരം നടത്തിയിരുന്ന പരുത്തിക്കുഴി സ്വദേശിയില്‍ നിന്നുമാണ് ഇവിടെ രോഗം പടര്‍ന്നത്. ആദ്യ രോഗം ബാധിച്ച മീന്‍കച്ചവടക്കാരനുമായി നേരിട്ട് സമ്പർക്കം വന്ന ബന്ധുക്കളും നാട്ടുകാരും അടക്കം 28 പേര്‍ക്ക് ചൊവ്വാഴ്ച രോഗം സ്ഥിരീകരിച്ചിരുന്നു. കുട്ടികള്‍ അടക്കമുള്ളവര്‍ക്കാണ് രോഗം ബാധിച്ചത്. കൂടാതെ, ഇന്ന് നടത്തിയ പ്രാഥമിക പരിശോധനയില്‍ 60 ഓളം പേര്‍ക്ക് രോഗം സംശയിക്കുന്നുണ്ട്.

പൂന്തുറയിലേക്ക് പുറത്തുനിന്നും ആളുകള്‍ എത്തുന്നത് കര്‍ശനമായി തടയും. അതിര്‍ത്തികള്‍ അടച്ചു. കടല്‍ വഴി ആളുകള്‍ ഇവിടെയെത്തുന്നത് തടയാന്‍ തീരദേശ പൊലീസിന് നിര്‍ദേശം നല്‍കി. പ്രദേശത്തെ ജനങ്ങള്‍ക്ക് ആവശ്യമായ എല്ലാ സഹായവും നല്‍കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇവിടത്തെ മൂന്ന് വാര്‍ഡുകളില്‍ നാളെ മുതല്‍ ഓരോ കുടുംബത്തിനും അഞ്ച് കിലോ വീതം സൗജന്യ റേഷന്‍ നല്‍കാന്‍ ജില്ലാ കളക്ടര്‍ നിര്‍ദേശം നല്‍കി.