കൊവിഡ് വ്യാപനം; കൊച്ചിയില്‍ വ്യാപക പൊലീസ് പരിശോധന: കലൂരില്‍ സാമൂഹിക അകലം പാലിക്കാത്ത വ്യാപാര സ്ഥാപനം അടപ്പിച്ചു
സ്വന്തം ലേഖകൻ
കൊച്ചി: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കര്‍ശന നിയന്ത്രണങ്ങളുമായി സംസ്ഥാനത്ത് കനത്ത ജാഗ്രത. എറണാകുളം ജില്ലയില്‍ കൊവിഡ് രോഗികള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ജില്ലയില്‍ പൊലീസ് നിരീക്ഷണം ശക്തമാക്കി. കലൂരില്‍ സാമൂഹിക അകലം പാലിക്കാതെ പ്രവര്‍ത്തിച്ച വ്യാപാര സ്ഥാപനം പൊലീസ് അടപ്പിച്ചു.
കലൂരില്‍ അതിഥി തൊഴിലാളികള്‍ കൂട്ടം കൂടിയ സ്ഥലത്തെല്ലാം പൊലീസ് പരിശോധന നടത്തി. കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിക്കുന്ന വ്യാപാര സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. നഗരത്തില്‍ വാഹന പരിശോധനയും ശക്തമാക്കിയിട്ടുണ്ട്. ജില്ലയിൽ അനാവശ്യ യാത്രകള്‍ അനുവദിക്കാനാവില്ലെന്ന് പൊലീസ് വ്യക്തമാക്കി. നഗരത്തിന്റെ പല ഭാഗങ്ങളിലും മുന്നറിയിപ്പുകളില്ലാത്ത പരിശോധനയുണ്ടായേക്കുമെന്നാണ് വിവരം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അതേസമയം നഗരത്തിൽ ആശങ്കപ്പെടേണ്ട സാഹചര്യ ഇല്ലെന്ന് ജില്ലാ കളക്ടർ എസ് സുഹാസ് ഇന്നലെ പറഞ്ഞു. കൊച്ചി നഗരസഭയുടെ 8 ഡിവിഷനുകൾ പൂർണമായി അടച്ചു. മാർക്കറ്റ് അടച്ചതിന് പിന്നാലെ ആലുവ ഡൗണിലും നിയന്ത്രണങ്ങൾ ശക്തമാക്കി. ജില്ലയിൽ രോഗ ബാധിതരുടെ എണ്ണം വർധിക്കുന്നുണ്ടെങ്കിലും സമൂഹ വ്യാപനമില്ലെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ വിലയിരുത്തൽ.
ജില്ലയിൽ രോഗ ലക്ഷണങ്ങളുള്ളവർക്ക് ആന്റിജൻ പരിശോധന ആരംഭിച്ചു. നഗരത്തിൽ സ്ഥിതി നിയന്ത്രണ വിധേയമാണെന്നും, ട്രിപ്പിൾ ലോക്ക് ഡൗണിന്റെ ആവശ്യം ഇല്ലാ എന്നും ജില്ലാ ഭരണകൂടം അറിയിച്ചു.