
തലവേദന, തലകറക്കം, രുചി വ്യത്യാസം, ഉറക്കമില്ലായ്മ, വിഷാദം; കോവിഡിന് ശേഷം അമിത വണ്ണമുള്ള ആളുകളില്‍ വിട്ട് മാറാത്ത അസുഖങ്ങള്‍; കാരണം വെളിപ്പെടുത്തി ആരോഗ്യ വിദഗ്ധർ
കോട്ടയം: കോവിഡിനു ശേഷം അമിത വണ്ണമുള്ള ആളുകളെ ചില അസുഖങ്ങള്‍ പിടിമുറുക്കുന്നതായി ആരോഗ്യ വിദഗ്ധർ.
ഈ ആളുകളില്‍ തലവേദന, തലകറക്കം, രുചി വ്യത്യാസം, ഉറക്കമില്ലായ്മ, വിഷാദം പോലുള്ള ശാരീരികവും, മാനസികവുമായ അസുഖങ്ങള്‍ ഉണ്ടാകാൻ സാധ്യത കൂടുതലാണെന്നാണ് വിദഗ്ധർ പറയുന്നത്.
പൊണ്ണത്തടിയും കോവിഡാനന്തര ആരോഗ്യ പ്രശ്നങ്ങളും തമ്മില്‍ എന്തെങ്കിലും ബന്ധം ഉണ്ടോ എന്ന സംശയം നേരത്തെ ഉയർന്നിരുന്നു.
തുടർന്ന് എഡിത്ത് കോവാൻ സർവകലാശാലയിലെ പി.എച്ച്.ഡി സ്കോളർ ഡെബോറ ബർബോസ റോങ്ക നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍. അമിത ഭാരവും കോവിഡാനന്തര ആരോഗ്യ പ്രശ്നങ്ങളും തമ്മിലുള്ള നെഗറ്റീവ് ബന്ധം എന്തെന്നുള്ളത് വ്യക്തമായിട്ടില്ലെങ്കിലും ശരീരത്തിലെ ഫാറ്റി ടിഷ്യുവുമായി ഇതിനു ബന്ധമുണ്ടായിരിക്കാമെന്നാണ് റോങ്ക അഭിപ്രായപ്പെടുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഫാറ്റി ടിഷ്യൂ എസ്.എ.ആർ.എസ്-സി.ഒ.വി-2 വൈറസുകളെ ശരീരത്തില്‍ കടക്കാനും വ്യാപിക്കാനും സഹായിക്കും.
കോവിഡിൻ്റെ ദീർഘ കാലം നിലനില്‍ക്കുന്ന ആരോഗ്യപ്രശ്നങ്ങള്‍ ജീവിതനിലവാരത്തെ ബാധിക്കുമെന്നതിനാല്‍ അവ പ്രതിരോധിക്കുന്നതിനുള്ള സംവിധാനങ്ങള്‍ വേണമെന്നും അവർ പറയുന്നു.
പൊണ്ണത്തടിയുള്ളവരില്‍ കോവിഡിനെതുടർന്നുള്ള മാനസികവും നാഡീ സംബന്ധവുമായ പ്രശ്നങ്ങള്‍ കൂടുതലായതിനാല്‍ അവർക്ക് കൂടുതല്‍ ശ്രദ്ധ നല്‍കണമെന്നും ആവശ്യപ്പെടുന്നു.
കൊറോണ വൈറസ് ശരീരത്തില്‍ പ്രവേശിച്ചാല്‍ 14 ദിവസത്തിനുള്ളില്‍ രോഗലക്ഷണങ്ങള്‍ കാണും. ഈ 14 ദിവസമാണ് ഇൻക്യുബേഷൻ പിരിയഡ് എന്നറിയപ്പെടുന്നത്. വൈറസ് പ്രവർത്തിച്ചുതുടങ്ങിയാല്‍ രണ്ടോ നാലോ ദിവസം വരെ പനിയും ജലദോഷവുമുണ്ടാകും. മാത്രമല്ല തുമ്മല്‍, ചുമ, മൂക്കൊലിപ്പ്, ക്ഷീണം, തൊണ്ടവേദന, ഛർദി എന്നിവയും ഉണ്ടാകും. വണ്ണമുള്ളവരില്‍ രോഗം പൂർണ്ണമായി മാറിക്കഴിഞ്ഞും മറ്റ് അസുഖങ്ങള്‍ പിടിപെടും.