കൊവിഡ് ബാധിച്ച് മരിച്ച രോഗിയുടെ സംസ്കാരം നടത്തി കുറവിങ്ങാട്ടെ യൂത്ത് കോൺഗ്രസ്

കൊവിഡ് ബാധിച്ച് മരിച്ച രോഗിയുടെ സംസ്കാരം നടത്തി കുറവിങ്ങാട്ടെ യൂത്ത് കോൺഗ്രസ്

Spread the love

സ്വന്തം ലേഖകൻ

കുറവിലങ്ങാട്: കൊവിഡ് പോസിറ്റീവ്‌ ആയി മരണപ്പെട്ട രോഗിയുടെ സംസ്കാരം ഏറ്റെടുത്ത് നടത്തി യൂത്ത് കോൺഗ്രസ്. മെഡിക്കൽ കോളേജിൽ കൊവിഡ് ചികിത്സയിലിരിക്കെ മരണപ്പെട്ട മരങ്ങാട്ടുപിള്ളി ആണ്ടൂർ കിഴവനാൽ ബിനു കെ എൻ (47) ന്റെ സംസ്കാരമാണ് നടത്തിയത്.

കടുത്തുരുത്തി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ യൂത്ത് കെയർ വോളന്റിയർമാരാണ് മൃതദേഹം ഏറ്റുമാനൂർ മുനിസിപ്പൽ ശ്മശാനത്തിൽ എത്തിച്ചു സംസ്കരിച്ചത്. ബിനുവിന്റെ ഭാര്യയും മക്കളും കോവിഡ് പോസിറ്റീവ് ആയി മരങ്ങാട്ടുപിള്ളി കുടുംബാരോഗ്യകേന്ദ്രത്തിൽ ചികിത്സയിലാണ്. അടുത്ത ബന്ധുക്കളും ക്വാറന്റീനിൽ ആയതോടെയാണ് സംസ്കാര ദൗത്യം യൂത്ത് കോൺഗ്രസ് ഏറ്റെടുത്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രദേശവാസിയായ കെ എസ് യു ജില്ലാ പ്രസിഡന്റ് ജോർജ് പയസിന്റെ അഭ്യർത്ഥനയെ തുടർന്ന് നിയോജകമണ്ഡലം പ്രസിഡന്റ് അരുൺ കൊച്ചുതറപ്പിൽ, വൈസ് പ്രസിഡന്റ് സെബാസ്റ്റ്യൻ ജോയ്, യൂത്ത് കെയർ കോർഡിനേറ്റർ ബിബിൻ ചാമക്കാല എന്നിവരുടെ നേതൃത്വത്തിലാണ് സംസ്കാരം നടത്തിയത്‌.

മരങ്ങാട്ടുപിള്ളി പഞ്ചായത്ത് ഏഴാം വാർഡിലെ ആശാ പ്രവർത്തകയുടെ കൃത്യവിലോപം മൂലമാണ് ബിനുവിന്റെ നില വഷളായത് എന്ന് യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റി ആരോപിച്ചു. കൊവിഡ് പോസിറ്റീവ് ആയി വീട്ടിൽ കഴിഞ്ഞിരുന്ന ബിനുവിന്റെ ആരോഗ്യനില വഷളായത് ശ്രദ്ധയിൽ പെട്ടിട്ടും മെഡിക്കൽ യഥാസമയം ഓഫീസറെ അറിയിച്ചു ചികിത്സ ലഭ്യമാക്കുന്നതിൽ ഗുരുതര വീഴ്ചയുണ്ടായി. ഇക്കാര്യത്തിൽ വിശദീകരണം നൽകാൻ ആരോഗ്യവകുപ്പ് അധികൃതർ ആശാ പ്രവർത്തകയോട് ആവശ്യപ്പെട്ടിട്ടുണ്ട്.