രാജ്യത്ത് നിർത്തി വച്ചിരുന്ന ട്രെയിൻ സർവീസുകൾ ആരംഭിക്കും:  അൻപത് ശതമാനത്തിൽ താഴെ യാത്രക്കാരുള്ള ട്രെയിനുകൾ റദ്ദാക്കും  ; നിർദേശങ്ങൾ ഇങ്ങനെ

സ്വന്തം ലേഖകൻ

ന്യൂഡല്‍ഹി:  രാജ്യത്ത് കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നിര്‍ത്തിവച്ചിരുന്ന  ട്രെയിൻ സർവീസുകൾ  ആരംഭിക്കും.

അതേസമയം ഒരു വര്‍ഷത്തില്‍ അൻപത് ശതമാനത്തില്‍ താഴെമാത്രം യാത്രക്കാരുമായി സർവീസുകൾ  നടത്തുന്ന  ട്രെയിനുകൾ റദ്ദാക്കാനും തീരുമാനമായി. ഇതിനുപുറമെ  ദീര്‍ഘദൂര ട്രെയിനുകള്‍ക്ക് 200 കിലോമീറ്റര്‍ പരിധിയില്‍ ഇനി സ്‌റ്റോപ്പുകളുമുണ്ടാവില്ല.

ഇതിനായി സ്‌റ്റോപ്പുകള്‍ റദ്ദാക്കാനുള്ള പതിനായിരം സ്‌റ്റേഷനുകളുടെ പട്ടികയും അധികൃതർ തയ്യാറാക്കിക്കഴിഞ്ഞു. എന്നാല്‍, 200 കിലോമീറ്റര്‍ പരിധിക്കുള്ളില്‍ പ്രധാനപ്പെട്ട സ്‌റ്റോപ്പുകള്‍ ഏതെങ്കിലും ഉള്‍പ്പെട്ടാല്‍, അവിടെ മാത്രം സ്‌റ്റോപ്പ് അനുവദിക്കുന്നതിനുള്ള നിർദ്ദേശവും പരിഗണനയിലുണ്ട്.

പത്തു ലക്ഷമോ അതിലേറെയോ ജനസംഖ്യയുള്ള നഗരത്തെ ഒരു ഹബ്ബായി കണക്കാക്കും. ദീര്‍ഘദൂര  ട്രെയിനുകൾക്ക്  ഇവിടെ സ്‌റ്റോപ്പുകളും നിശ്ചയിക്കും.

പ്രധാനപ്പെട്ട വിനോദസഞ്ചാരതീര്‍ഥാടന കേന്ദ്രങ്ങളൊക്കെ ഹബ്ബായി പരിഗണിക്കും. അതേസമയം, ഇപ്പോഴത്തെ പരിഷ്‌കാരങ്ങളൊന്നും മുംബൈ പോലുള്ള സബര്‍ബന്‍ ശൃംഖലകള്‍ക്കു ബാധകമാവില്ലെന്നും അധികൃതർ വ്യക്തമാക്കി.