
സ്വന്തം ലേഖകൻ
കുറവിലങ്ങാട്: സാറേ, കോവിഡ് തകര്‍ത്ത ബാച്ചാണ്. കനിവു തോന്നി ചുമ്മാ എ പ്ലസ് ഇട്ടേര്. എസ്എസ്എല്‍സി പരീക്ഷയുടെ ഗണിതശാസ്ത്രത്തിന്റെ ആദ്യ ഉത്തരം കണ്ട കണക്കുമാഷൊന്നു ഞെട്ടി.
മൂല്യനിര്‍ണയത്തിന് ലഭിച്ച ഉത്തരക്കടലാസ് തിരിച്ചും മറിച്ചും നോക്കി വിഷയം കണക്കുതന്നെയാണെന്ന് ഉറപ്പുവരുത്തി. മൂല്യനിര്‍ണയത്തിന്റെ ഇടവേളയില്‍ ഈ വിവരം സഹഅധ്യാപകരുമായി പങ്കുവച്ചപ്പോഴാണു കാര്യത്തിന്റെ പോക്ക് പിടികിട്ടിയത്. പല ഉത്തരക്കടലാസുകളിലും അധ്യാപകന്റെ കനിവിനായുള്ള അഭ്യര്‍ഥന യുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കണക്കുപരീക്ഷയില്‍ മാത്രമാണ് ഈ അഭ്യര്‍ഥനയെന്ന് കരുതരുത്. വിഷയം ഏതാണെങ്കിലും വിദ്യാര്‍ഥികളുടെ യാചനകളും അപേക്ഷകളും മൂല്യനിര്‍ണയ ക്യാമ്പകളില്‍ പൊട്ടിച്ചിരി തീര്‍ക്കുകയാണ്.
ബയോളജിയില്‍ അനീമിയ എന്ന് ഇംഗ്ലീഷില്‍ എഴുതിയ പത്താംക്ലാസുകാരനത് അമോണിയയായി. അരിവാള്‍ രോഗത്തെ ഇംഗ്ലീഷില്‍ ഭംഗിയാക്കിയതോടെയാണ് ഈ പുലിവാല് പിടിച്ചതെന്നതും പ്രത്യേകതയാണ്. പരീക്ഷയെഴുതിയിരിക്കുന്നത് ആണ്‍കുട്ടിയാണെന്ന സൂചന നല്കാന് ക്രോമസോം ജോഡിയെ സൂചിപ്പിച്ച് അഭ്യര്‍ഥന നടത്തിയവരും ബയോളജി ഉത്തരക്കടലാസിലെ താരങ്ങളാണ്.മറ്റൊരാള്‍ നമ്മള് ‘പെണ്ണുങ്ങളല്ലേ ടീച്ചറേ’ എന്ന് എഴുതി കാരുണ്യം നേടാന്‍ നോക്കിയെങ്കിലും ഉത്തരക്കടലാസ് ലഭിച്ചത് സാറിന്റെ കൈയിലായിരുന്നുവെന്നത് വൈരുധ്യമായി.
ഇംഗ്ലീഷില്‍ പല വിദ്യാര്‍ഥികളും വ്യാകരണമെന്നത് എന്താണെന്ന് പോലും മനസിലാക്കിയിട്ടില്ലെന്ന സ്ഥിതിയാണെന്ന് അധ്യാപകര്‍ പറയുന്നു. എട്ട്, ഒന്‍പത് ക്ലാസുകളില്‍ ഓണ്‍ലൈന്‍ പഠനത്തിലൂടെ കടന്നുപോയ ബാച്ചാണ് ഇക്കുറി പത്താം ക്ലാസില്‍ ഫലം കാത്തിരിക്കുന്നത്.
കൈയില്‍ കിട്ടാത്ത കുട്ടികളായതിനാലാണു വ്യാകരണമടക്കം നന്നായി പഠിക്കാതെ പോയതെന്നാണ് അധ്യാപകരുടെ നിലപാട്.







