വ്യാജ ആരോപണങ്ങള്‍ കുറ്റം ആരോപിക്കപ്പെട്ട വ്യക്തിയുടെ ജീവിതം നശിപ്പിക്കുന്നു ; സ്ത്രീ സംരക്ഷണ നിയമങ്ങൾ വ്യക്തിഗത പ്രശ്‌നങ്ങള്‍ തീര്‍ക്കാനുള്ള വാളാക്കി മാറ്റരുത് ; വ്യാജ ബലാത്സംഗക്കേസ് രജിസ്റ്റര്‍ ചെയ്തതിന് യുവതിക്കെതിരെ നിയമനടപടി സ്വീകരിക്കാന്‍ പൊലീസിനോട് കോടതി
സ്വന്തം ലേഖകൻ
ന്യൂഡല്‍ഹി: വ്യാജ ബലാത്സംഗക്കേസ് രജിസ്റ്റര്‍ ചെയ്തതിന് യുവതിക്കെതിരെ നിയമനടപടി സ്വീകരിക്കാന്‍ ഡല്‍ഹി പൊലീസിനോട് കോടതി. വ്യാജ ആരോപണങ്ങള്‍ കുറ്റം ആരോപിക്കപ്പെട്ട വ്യക്തിയുടെ ജീവിതം നശിപ്പിക്കുന്നതായി അഡീഷണല്‍ സെഷന്‍സ് ജഡ്ജി ഷെഫാലി ബര്‍ണാല ടണ്ടന്‍ പറഞ്ഞു. കുറ്റാരോപിതന്റെ ജാമ്യ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.
ജൂലൈ 14നാണ് കേസില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്. ഉഭയസമ്മതത്തോടെയാണ് പരാതിക്കാരിയും കുറ്റാരോപിതനും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതെന്ന് പ്രോസിക്യൂട്ടര്‍ മജിസ്ട്രേറ്റിന് മൊഴി നല്‍കി. വഴക്കിനുശേഷമാണ് യുവതി പൊലീസിനെ വിളിക്കുകയും ബലാത്സംഗ ആരോപണം ഉന്നയിക്കുകയും ചെയ്തത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
രാജ്യത്തെ പുരുഷന്മാര്‍ക്ക് ഭരണഘടന അനുശാസിക്കുന്ന നിയമപ്രകാരം തുല്യ അവകാശങ്ങളും സംരക്ഷണവുമുണ്ട്. എന്നിരുന്നാലും സ്ത്രീകള്‍ക്ക് പ്രത്യേക പദവി നല്‍കിയിട്ടുണ്ട്. എന്നാല്‍ ഈ പ്രത്യേക പദവിയും സ്ത്രീ സംരക്ഷണ നിയമങ്ങളും വ്യക്തിഗത പ്രശ്‌നങ്ങള്‍ തീര്‍ക്കാനുള്ള വാളാക്കി മാറ്റരുതെന്ന് കോടതി പറഞ്ഞു.
ബലാത്സംഗം ഏറ്റവും ഹീനവും വേദനാജനകവുമായ കുറ്റകൃത്യമാണെന്ന് കോടതി പറഞ്ഞു. കാരണം അത് ഇരയുടെ ആത്മാവിനെയും ശരീരത്തെയും നശിപ്പിക്കുന്നു. എന്നാല്‍ ബലാത്സംഗത്തിനെതിരായ നിയമം ചില കേസുകളില്‍ ദുരുപയോഗം ചെയ്യപ്പെടുന്നതായും കോടതി കൂട്ടിച്ചേര്‍ത്തു.