Spread the love

കോട്ടയം: ജില്ലയില്‍ ഏറ്റവും ആവേശകരമായ പോരാട്ടം നടക്കുന്ന മണ്ഡലങ്ങളിലൊന്നാണ് പൂഞ്ഞാര്‍. ഇടതു മുന്നണിക്കായി സിറ്റിംഗ് എംഎല്‍എ സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ വീണ്ടും പോരിനിറങ്ങുമ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി ജനവിധി തേടുന്നത് പുതുമുഖം സെബാസ്റ്റ്യന്‍ എംജെയാണ്.
ഇടതു-വലതു മുന്നണികളിലും സ്വതന്ത്രനുമൊക്കെയായി പൂഞ്ഞാറിനെ പ്രതിനിധീകരിച്ചിട്ടുള്ള പിസി ജോര്‍ജ് എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായും മത്സരിക്കുന്നു. അതുകൊണ്ടുതന്നെ ശക്തമായ ത്രികോണ മത്സരമാണ് മണ്ഡലത്തിലുള്ളത്.

video
play-sharp-fill

കഴിഞ്ഞ തവണ പിസി ജോര്‍ജിനെ തോല്‍പിച്ച സെബാസ്റ്റ്യന്‍ കുളത്തിങ്കലിന് 16581 വോട്ടാണ് ഭൂരിപക്ഷം ലഭിച്ചത്. യുഡിഎഫ് മൂന്നാം സ്ഥാനത്തായിരുന്നു.

എന്നാല്‍ ഇക്കുറി ചിത്രം മാറുമെന്നാണ് യുഡിഎഫ് വാദം. മണ്ഡലത്തില്‍ ആകെയുള്ള 10 തദ്ദേശ സ്ഥാപനങ്ങളില്‍ ആറിടത്തും നിലവില്‍ യുഡിഎഫിനാണ് ഭരണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൂട്ടിക്കല്‍, എരുമേലി, മുണ്ടക്കയം, പൂഞ്ഞാര്‍, തിടനാട് പഞ്ചായത്തുകളും ഈരാറ്റുപേട്ട മുനിസിപാലിറ്റിയുമാണ് യുഡിഎഫ് ഭരണം. പാറത്തോട്, തീക്കോയി, കോരുത്തോട് പഞ്ചായത്തുകളില്‍ മാത്രമാണ് ഇടതിനൊപ്പമുള്ളത്.

പൂഞ്ഞാര്‍ തെക്കേക്കര പഞ്ചായത്ത് ഭരണം ബിജെപിയാണ്. ജില്ലാ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത് ഭരണവും യുഡിഎഫിന് സഹായകരമാകുമെന്നാണ് യുഡിഎഫ് പ്രതീക്ഷിക്കുന്നത്.
1960ന് ശേഷം ഒരു കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി മണ്ഡലത്തില്‍ വിജയിച്ചിട്ടില്ല. ഇത്തവണയും കൈപ്പത്തി ചിഹ്നത്തില്‍ സ്ഥാനാര്‍ത്ഥി വന്നത് നേട്ടമാകുമെന്ന് കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നു.

അഞ്ചു വര്‍ഷത്തെ വികസനത്തിലൂന്നിയാണ് ഇടതിന്റെ പ്രതീക്ഷ. മത്സരം കടുത്താലും നേരിയ ഭൂരിപക്ഷത്തിനാണെങ്കിലും എല്‍ഡിഎഫ് വിജയം പ്രതീക്ഷിക്കുന്നു. പിസി ജോര്‍ജിന്റെ തന്ത്രങ്ങളിലും സ്വാധീനത്തിലുമാണ് ബിജെപി പ്രതീക്ഷ.

ക്രൈസതവ ഭൂരിപക്ഷ മണ്ഡലത്തില്‍ കത്തോലിക്ക വോട്ടുകള്‍ നിര്‍ണായകമാണ്. മൂന്നു സ്ഥാനാര്‍ത്ഥികളും ഒരേ വിഭാഗത്തില്‍നിന്നും ആയതിനാല്‍ ഏതെങ്കിലും തരത്തിലുള്ള ഏകീകരണം ഒരാള്‍ക്കായി ഉണ്ടാകില്ല.
അതുകൊണ്ടുതന്നെ മണ്ഡലത്തിലെ മുസ്ലീം വോട്ടുകളാകും ജയപരാജയങ്ങള്‍ നിര്‍ണയിക്കുക. കഴിഞ്ഞ തവണ പിസി ജോര്‍ജിനെതിരായ വികാരത്താല്‍ ഈ വോട്ടുകളേറെയും ഇടതു സ്ഥാനാര്‍ത്ഥിക്ക് ലഭിച്ചതാണ് വലിയ ഭൂരിപക്ഷത്തില്‍ കുളത്തിങ്കലിനെ വിജയിപ്പിച്ചത്. എസ്ഡിപിഐ അടക്കമുള്ളവരും കുളത്തിങ്കലിനെ തുണച്ചു.
ഇക്കുറി അതുണ്ടാകില്ലെന്നാണ് പൊതുവിലയിരുത്തല്‍. അതുകൊണ്ടുതന്നെ കടുത്ത പോരാട്ടമാണ് മണ്ഡലത്തില്‍ നടക്കുന്നത്