
തിരുവനന്തപുരം: നീണ്ട ചർച്ചകൾക്ക് ഒടുവിൽ കോണ്‍ഗ്രസ് മന്ത്രിമാരുടെ അന്തിമ പട്ടിക രാത്രിയോടെ പ്രഖ്യാപിക്കുമെന്ന് സൂചന.
കെപിസിസി ആസ്ഥാനത്ത് ഇന്ന് രാവിലെ മുതല്‍ മന്ത്രിസഭാ രൂപവത്കരണവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ സജീവമായിരുന്നു.
നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശന്‍, കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, എഐസിസി നിര്‍ദേശപ്രകാരമെത്തിയ ദീപാ ദാസ് മുന്‍ഷി എന്നിവരുടെ നേതൃത്വത്തിലാണ് നേതാക്കള്‍ തമ്മിലുള്ള കൂടിക്കാഴ്ചകളും ചര്‍ച്ചകളും പുരോഗമിക്കുന്നത്.
വൈകുന്നേരത്തോടെ കൂടുതല്‍ സങ്കീര്‍ണ്ണമായ ചര്‍ച്ചകളിലേക്ക് നേതൃത്വം കടന്നിരിക്കുകയാണ്. വകുപ്പുകള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ കൃത്യമായി നിശ്ചയിച്ച്, മന്ത്രിമാരുടെ അന്തിമ പട്ടിക ഇന്ന് രാത്രിയോടെ തന്നെ പുറത്തുവിടാനാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ അടിയന്തര നീക്കം.
Whatsapp Group 1 | Whatsapp Group 2 |Telegram Group

പുതിയ യുഡിഎഫ് മന്ത്രിസഭയില്‍ കോണ്‍ഗ്രസ് മന്ത്രിമാരുടെ കാര്യത്തില്‍ ഇതിനകം തന്നെ ഒരു പ്രാഥമിക ധാരണ രൂപപ്പെട്ടിട്ടുണ്ട്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കാത്തതില്‍ കടുത്ത അതൃപ്തിയിലായിരുന്ന മുതിര്‍ന്ന നേതാവ് രമേശ് ചെന്നിത്തലയെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് സാധിച്ചിട്ടുണ്ട്.
താന്‍ മന്ത്രിസഭയിലേക്ക് വരണമെങ്കില്‍ ആഭ്യന്തര വകുപ്പ് തന്നെ വേണമെന്ന ചെന്നിത്തലയുടെ കര്‍ശന നിലപാട് നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശന്‍ അംഗീകരിക്കുകയും അദ്ദേഹത്തിന് ആഭ്യന്തര വകുപ്പ് ഉറപ്പുനല്‍കുകയും ചെയ്തു. ഇതോടെയാണ് പാര്‍ട്ടിയിലെ പ്രതിസന്ധിക്ക് താല്‍ക്കാലിക പരിഹാരമായത്.
ചെന്നിത്തലയ്ക്ക് പുറമെ സണ്ണി ജോസഫ്, കെ. മുരളീധരന്‍, പി.സി. വിഷ്ണുനാഥ്, എ.പി. അനില്‍കുമാര്‍ എന്നിവര്‍ക്ക് മന്ത്രിസ്ഥാനം ഉറപ്പായിട്ടുണ്ട്. ഇവര്‍ക്കൊപ്പം നിയമസഭയില്‍ പുതുമുഖമായ എം. ലിജുവിനും മന്ത്രിസഭയില്‍ ഇടം നല്‍കി യുവത്വത്തിന് പ്രാധാന്യം നല്‍കാനാണ് പാര്‍ട്ടി തീരുമാനം.
ബിന്ദു കൃഷ്ണ, ചാണ്ടി ഉമ്മന്‍, ഐ.സി. ബാലകൃഷ്ണന്‍ എന്നിവരുടെ പേരുകളും അവസാന നിമിഷത്തെ പട്ടികയില്‍ സജീവമായി പരിഗണിക്കുന്നുണ്ട്. വയനാട് ജില്ലയ്ക്ക് ഇത്തവണ മന്ത്രിസഭയില്‍ പ്രതിനിധ്യം വേണമെന്ന ശക്തമായ ആവശ്യം ഐ.സി. ബാലകൃഷ്ണന്‍ മുന്നോട്ട് വെച്ചിട്ടുണ്ട്.
അതേസമയം മുതിര്‍ന്ന നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ സ്പീക്കര്‍ സ്ഥാനത്തേക്ക് നിയമിക്കാനാണ് ഹൈക്കമാന്‍ഡും മുഖ്യമന്ത്രിയും താല്പര്യപ്പെടുന്നത്. എന്നാല്‍ ഈ നീക്കത്തില്‍ തിരുവഞ്ചൂരിന് കടുത്ത അതൃപ്തിയുണ്ടെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍.
തനിക്ക് മന്ത്രിസ്ഥാനം തന്നെ വേണമെന്ന നിലപാടില്‍ അദ്ദേഹം ഉറച്ചുനില്‍ക്കുകയാണ്. കൊടിക്കുന്നില്‍ സുരേഷ് എംപി, ആര്‍എസ്പി നേതാക്കളായ ഷിബു ബേബി ജോണ്‍, എന്‍.കെ. പ്രേമചന്ദ്രന്‍ എന്നിവരും ചര്‍ച്ചകളുടെ ഭാഗമായി കെപിസിസി ആസ്ഥാനത്ത് തുടരുന്നുണ്ട്.
ഘടകകക്ഷികളുമായുള്ള സീറ്റ് വിഭജന ചര്‍ച്ചകളിലും ചില തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. അഞ്ച് മന്ത്രിസ്ഥാനങ്ങള്‍ വേണമെന്ന കാര്യത്തില്‍ മുസ്ലിംലീഗ് വാശിയിലാണ്.
എന്നാല്‍ നാല് മന്ത്രിസ്ഥാനങ്ങളും കാബിനറ്റ് പദവിയുള്ള മറ്റൊരു പദവിയും നല്‍കാമെന്ന ഫോര്‍മുലയാണ് കോണ്‍ഗ്രസ് മുന്നോട്ട് വെക്കുന്നത്. ലീഗില്‍ പി.കെ. കുഞ്ഞാലിക്കുട്ടിയുടെ മന്ത്രിസ്ഥാനം ഉറപ്പാണെങ്കിലും, പി.കെ. ബഷീറിനെ മന്ത്രിയാക്കുന്നതിനെതിരെ പാര്‍ട്ടിയിലെ ഒരു വിഭാഗം രംഗത്തെത്തിയിട്ടുണ്ട്.
കെ.എം. ഷാജി, എന്‍. ഷംസുദ്ദീന്‍, വി.ഇ. അബ്ദുല്‍ ഗഫൂര്‍, പാറക്കല്‍ അബ്ദുള്ള, എ.കെ.എം. അഷ്റഫ് എന്നിവരും ലീഗിന്റെ മന്ത്രിപ്പട്ടികയിലേക്ക് പരിഗണിക്കപ്പെടുന്നവരാണ്. കേരള കോണ്‍ഗ്രസ് രണ്ട് മന്ത്രിസ്ഥാനങ്ങള്‍ക്കായി സമാന്തരമായി സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്.
ഒറ്റക്കക്ഷി എംഎല്‍എമാരുടെ കാര്യത്തില്‍ സി.പി. ജോണിന് അഞ്ച് വര്‍ഷവും അനൂപ് ജേക്കബ്, മാണി സി. കാപ്പന്‍ എന്നിവര്‍ക്ക് രണ്ടര വര്‍ഷം വീതമുള്ള ടേം വ്യവസ്ഥയും കോണ്‍ഗ്രസിന്റെ ആലോചനയിലുണ്ട്. തനിക്ക് മന്ത്രിസ്ഥാനം നല്‍കാമെന്ന് നേതൃത്വം ഉറപ്പുനല്‍കിയിട്ടുണ്ടെന്നും എന്നാല്‍ ഏത് വകുപ്പാണ് നല്‍കുകയെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ലെന്നും മാണി സി. കാപ്പന്‍ വ്യക്തമാക്കിയിട്ടുണ്ട്.







