play-sharp-fill
കോൺഗ്രസിന് കരുത്ത് പകർന്ന മികവുമായി വിശ്വാസ സംരക്ഷണ യാത്ര: തെളിഞ്ഞ് നിന്നത് കോട്ടയം ഡിസിസിയുടെ പ്രകടനം; ജില്ലയിലെ കോൺഗ്രസ് പാർട്ടിയ്ക്ക് പുതുജീവനേകി ജില്ലാ കോൺഗ്രസ് കമ്മിറ്റി

കോൺഗ്രസിന് കരുത്ത് പകർന്ന മികവുമായി വിശ്വാസ സംരക്ഷണ യാത്ര: തെളിഞ്ഞ് നിന്നത് കോട്ടയം ഡിസിസിയുടെ പ്രകടനം; ജില്ലയിലെ കോൺഗ്രസ് പാർട്ടിയ്ക്ക് പുതുജീവനേകി ജില്ലാ കോൺഗ്രസ് കമ്മിറ്റി

സ്വന്തം ലേഖകൻ
കോട്ടയം: ശബരിമലയിലെ വിശ്വാസ സംരക്ഷണത്തിന് ഏതറ്റം വരെയും പോകുമെന്ന് പ്രഖ്യാപിച്ച കോൺഗ്രസിന്റെ വിശ്വാസ സംരക്ഷണ യാത്ര കോൺഗ്രസിന് പുതുജീവനായി. തിരുവഞ്ചൂർ രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള യാത്രയിലെ പങ്കാളിത്തവുമായി നിറഞ്ഞ് നിന്നത് കോട്ടയം ഡിസിസിയിലെ പ്രവർത്തകർ തന്നെയായിരുന്നു. ശബരിമല വിഷയത്തിൽ കോൺഗ്രസിൽ നിന്നു പ്രവർത്തകരെ ഹൈജാക്ക് ചെയ്യാൻ ശ്രമിക്കുന്ന ബിജെപിയ്ക്കുള്ള ശക്തമായ താക്കീതായിരുന്നു ഓരോ സ്വീകരണ കേന്ദ്രങ്ങളിലും തടിച്ചു കൂടിയ ആയിരങ്ങൾ. ബിജെപി തനത് രഥയാത്രയുമായി വർഗീയ പ്രചാരണം നടത്തി മുന്നേറാൻ ശ്രമിച്ചപ്പോൾ, പരമ്പരാഗത കോൺഗ്രസ് പ്രചാരണ രീതിയായ പദയാത്രയിലൂടെയാണ് കോൺഗ്രസ് ശബരിമല വിഷയം ജനങ്ങളിൽ എത്തിക്കാൻ ശ്രമിച്ചത്. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽഎ മുന്നണിയിൽ നിന്ന് നേതൃത്വം നൽകിയ പദയാത്രയ്ക്ക് പിന്നിൽ നിന്ന് ചുക്കാൻ പിടിച്ചത് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്റ് കൂടിയായ ജോഷി ഫിലിപ്പ് തന്നെയായിരുന്നു.
ഓരോ  പ്രവർത്തകരേയും തൊട്ടുണർത്തിയുള്ള ജോഷിയുടെ ഇടപെടൽ തന്നെയാണ് വിശ്വാസ സംരക്ഷണ യാത്രയുടെ ജില്ലയിലെ വൻ വിജയത്തിൽ കലാശിച്ചത്.
ജില്ലയിലെ എല്ലാ സ്വീകരണ കേന്ദ്രങ്ങളിലും വൻ ജനപങ്കാളിത്തമാണ് പരിപാടിക്ക് ലഭിച്ചത്. കോട്ടയത്തും, പാലായിലും, ഏറ്റുമാനൂരിലും, ചങ്ങനാശേരിയിലും എല്ലാം ആയിരക്കണക്കിന്‌ പ്രവർത്തകരാണ് സദസിൽ നിറഞ്ഞ് കവിഞ്ഞെത്തിയത്. കാൽനടയായി യാത്രയിൽ അണിനിരക്കാൻ നൂറുകണക്കിന് പ്രവർത്തകർ മുഴുവൻ സമയവുമുണ്ടായിരുന്നു. ഹിന്ദുവിനു വേണ്ടിയല്ല ഭാരതീയ സംസ്‌കാരത്തിനു വേണ്ടിയാണെന്ന വാദമുയർത്തിയായിരുന്നു വിശ്വാസ സംരക്ഷണ യാത്ര സംഘടിപ്പിച്ചിരുന്നത്.
ശബരിമല വിഷയത്തിൽ വിശ്വാസികൾക്ക് എതിരായി നിൽക്കുന്ന സിപിഎം ലക്ഷ്യമിടുന്നത് കോൺഗ്രസിന്റെ തകർച്ചയാണ്. ഇത് തിരിച്ചറിഞ്ഞാണ് കോൺഗ്രസ് ശക്തമായ സമര പരിപാടികളുമായി രംഗത്ത് എത്തിയിരിക്കുന്നത്. ശബരിമല വിഷയത്തിൽ കോൺഗ്രസ് തകരുമെന്നും ബിജെപി വളരുമെന്നും പ്രതീക്ഷിച്ചിരുന്ന സിപിഎമ്മിനു കനത്ത തിരിച്ചടിയായി മാറി വിശ്വാസ സംരക്ഷണ യാത്രയിലെ ജനപങ്കാളിത്തം. ജാഥയിൽ ഉടനീളം പങ്കെടുത്ത നൂറുകണക്കിന് പ്രവർത്തകരായിരുന്നു ഇതിന്റെ ജീവിക്കുന്ന തെളിവ്.
കേരള കോൺഗ്രസ് മുന്നണി വിട്ടതോടെ കോൺഗ്രസ് ജില്ലയിൽ തകരുമെന്നായിരുന്നു ഒരു വിഭാഗത്തിന്റെ പ്രചാരണം. എന്നാൽ, യുഡിഎഫ് സംവിധാനത്തിന്റെ കെട്ടുറപ്പിനെയും കോ്ൺഗ്രസിന്റെ കരുത്തിനെയും ഒരു പോലെ കൂട്ടിയിണക്കി ജില്ലാ കോൺഗ്രസ് നേതൃത്വം കൊണ്ടു പോയതിന്റെ നേർ സാക്ഷ്യം കൂടിയായി വിശ്വാസ സംരക്ഷണ യാത്ര. പ്രതിസന്ധിഘട്ടത്തിലും കോൺഗ്രസ് പാർട്ടിയെ കൈപിടിച്ച് നടത്തിയ ജില്ലാ കോൺഗ്രസ് കമ്മിറ്റി യഥാർത്ഥത്തിൽ വിശ്വാസ സംരക്ഷണ യാത്രയോടെ പുതുജീവനാണ് പാർട്ടിയ്ക്ക് നൽകിയിരിക്കുന്നത്.