ഹത്രാസ്‌ സംഭവം; കോണ്‍ഗ്രസ്‌ സത്യാഗ്രഹം 5ന്‌

സ്വന്തം ലേഖകൻ

തിരുവനന്തപുരം : ഉത്തര്‍ പ്രദേശിലെ ഹത്രാസില്‍ ക്രൂരമായ പീഡനത്തിന്‌ ഇരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തിന്‌ നീതി ഉറപ്പാക്കുക എന്ന്‌ ആവശ്യപ്പെട്ടും എ.ഐ.സി.സി മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കും ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി എന്നിവര്‍ക്കും എതിരായ യു.പി പോലീസിന്റെ അതിക്രമത്തില്‍ പ്രതിഷേധിച്ചും കെ.പി.സി.സിയുടെ നേതൃത്വത്തില്‍ ഒക്ടോബര്‍ 5 തിങ്കളാഴ്‌ച നേതാക്കള്‍ സത്യാഗ്രഹം നടത്തുമെന്ന്‌ ജനറല്‍ സെക്രട്ടറി കെ.പി.അനില്‍കുമാര്‍ അറിയിച്ചു.

കോവിഡ്‌ പ്രോട്ടോകോള്‍ കര്‍ശനമായി പാലിച്ച്‌ രാവിലെ 10 മുതല്‍ ഉച്ചക്ക്‌ 12 വരെയാണ്‌ സത്യാഗ്രഹം.കെ.പി.സി.സി. പ്രസിഡന്റ്‌ മുല്ലപ്പള്ളി രാമചന്ദ്രന്‍,പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തല,കോണ്‍ഗ്രസ്‌ പ്രവര്‍ത്തക സമിതി അംഗം ഉമ്മന്‍ചാണ്ടി,യു.ഡി.എഫ്‌ കണ്‍വീനര്‍ എം.എം.ഹസന്‍ എന്നിവര്‍ കെ.പി.സി.സി ആസ്ഥാനത്ത്‌ നടക്കുന്ന സത്യാഗ്രഹ സമരത്തില്‍ പങ്കെടുക്കും.

കെ.പി.സി.സി ഭാരവാഹികള്‍,എം.പിമാര്‍,എം.എല്‍.എമാര്‍,ഡി.സി.സി പ്രസിഡന്റുമാര്‍ തുടങ്ങിയവര്‍ അഞ്ചുപേരടങ്ങുന്ന സംഘങ്ങളായി ജില്ലകളുടെ വിവിധ ഇടങ്ങളില്‍ നടക്കുന്ന സത്യാഗ്രഹത്തില്‍ പങ്കെടുക്കുമെന്നും അനില്‍കുമാര്‍ അറിയിച്ചു.