ചിങ്ങവനം സ്വദേശിയായ സ്വർണ്ണ വ്യാപാരിയെ ഹണിട്രാപ്പിൽ കുടുക്കി; നഗരമധ്യത്തിലെ അപ്പാർട്ട്‌മെന്റിൽ വിളിച്ചു വരുത്തി തട്ടിയെടുത്തത് രണ്ടു ലക്ഷം രൂപ; പിന്നിൽ കോട്ടയത്തെ ഗുണ്ടാ സംഘത്തലവൻ; ഗുണ്ടാ സംഘത്തിലെ രണ്ടു പേർ പൊലീസ് പിടിയിൽ; പിടിയിലായവരിൽ ആർപ്പൂക്കര സ്വദേശിയും; വീഡിയോ കാണാം

തേർഡ് ഐ ക്രൈം

കോട്ടയം: ചിങ്ങവനം സ്വദേശിയായ സ്വർണ്ണ വ്യാപാരിയെ നഗരമധ്യത്തിലെ അപ്പാർട്ട്‌മെന്റിൽ വിളിച്ചു വരുത്തി ഹണിട്രാപ്പിൽ കുടുക്കി ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ ഗുണ്ടാ സംഘാംഗങ്ങളായ രണ്ടു പേർ പിടിയിൽ. ആർപ്പൂക്കര മുടിയൂർക്കര നന്ദനം വീട്ടിൽ രാജൻ മകൻ പ്രവീൺ കുമാർ ( സുനാമി- 34), മലപ്പുറം എടപ്പന വില്ലേജിൽ തോരക്കാട്ടിൽ വീട്ടിൽ മുഹമ്മദ് മകൻ മുഹമ്മദ് ഹാനീഷ് -( 24) എന്നിവരെയാണ് ജില്ലാ പൊലീസ് മേധാവി ജി.ജയദേവിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. വീഡിയോ ഇവിടെ കാണാം

പഴയ സ്വർണ്ണം എടുത്ത് വിൽപ്പന നടത്തുന്ന വ്യവസായിയെയാണ് സംഘം ഹണി ട്രാപ്പിൽ കുടുക്കിയത്. ഇയാളുടെ മൊബൈൽ ഫോണിൽ പഴയ സ്വർണ്ണം വിൽക്കാനുണ്ട് സഹായിക്കണമെന്നാവശ്യപ്പെട്ടാണ് ഒരു യുവതി വിളിച്ചത്. തുടർന്നു, ഇവർ രണ്ടു ദിവസത്തിനു ശേഷം കോട്ടയത്ത് എത്തുമെന്നും കളക്ടറേറ്റിനു സമീപമുള്ള അപ്പാർട്ട്‌മെന്റിൽ വച്ച് കണ്ടു മുട്ടാമെന്നും വ്യവസായിയെ അറിയിച്ചു.

ഫോണിൽ വിളിച്ച സ്ത്രീയുടെ നിർദേശം അനുസരിച്ച് വ്യവസായി അപ്പാർട്ട്‌മെന്റിൽ എത്തി. ഈ സമയം ഇവിടെ എത്തിയ ഗുണ്ടാ സംഘം, ഇയാളെ ഷർട്ട് അഴിച്ചു മാറ്റി വിവസ്ത്രയായ സ്ത്രീയോടൊപ്പം ഇരുത്തി മർദിച്ച് അവശനാക്കുകയും, ഭീഷണിപ്പെടുത്തുകയും ചെയ്ത ശേഷം ഫോട്ടോ എടുത്ത് ഭീഷണിപ്പെടുത്തി. പിന്നീട് ഈ ഫോട്ടോ കാണിച്ചു ഭീഷണിപ്പെടുത്തി. ചിത്രം പുറത്തു വിടാതിരിക്കുന്നതിനായി ആറു ലക്ഷം രൂപ നൽകാൻ ഗുണ്ടാ സംഘം ഇയാളോട് ആവശ്യപ്പെട്ടു.

സംഭവം ഒത്തു തീർപ്പാക്കുന്നതിനായി നഗരത്തിലെ ഗുണ്ടാ സംഘത്തലവനായ ക്രമിനലിനെ ഗുണ്ടാ സംഘം തന്നെ വിളിച്ചു വരുത്തി. തുടർന്ന് ഇയാൾ നടത്തിയ ഒത്തു തീർപ്പ് ചർച്ചയിൽ രണ്ടു ലക്ഷം രൂപയ്ക്ക് കേസ് ഒതുക്കിത്തീർക്കാം എന്നു ധാരണമായി. തുടർന്ന് മോചിപ്പിക്കപ്പെട്ട വ്യവസായി വീട്ടിലിരുന്ന സ്വർണ്ണം പണയം വച്ച ശേഷം ഈ തുക തട്ടിപ്പു സംഘത്തിനു കൈമാറി. തുടർന്നാണ് സംഘം ഇയാളെ മോചിപ്പിച്ചത്.

പണം നഷ്ടമായ വ്യവസായി ഡിവൈ.എസ്.പി ആർ.ശ്രീകുമാറിന് നൽകിയ പരാതിയെ തുടർന്നാണ് പൊലീസ് സംഘം വിവരം പുറത്തറിഞ്ഞത്. കഞ്ചാവ് കച്ചവടവും, അടിപിടിയും മറ്റു ഗുണ്ടാ ഇടപാടുകളിലും സജീവമായ സംഘം ആദ്യമായി വ്യവസായിയെ തന്നെ ഇരയായി കണ്ടെത്തുകയായിരുന്നു. ഇവരുടെ തന്നെ സംഘാംഗമായ സ്ത്രീയെ ഉപയോഗിച്ച് അയാളെ ഫോണിൽ വിളിച്ചു വരുത്തുകയായിരുന്നു. തുടർന്നാണ് തട്ടിപ്പ് സംഘം ഇരയെ കുടുക്കിയത്.

തട്ടിപ്പ് സംഘത്തിൽ നിന്നും വ്യവസായിയെ മോചിപ്പിക്കാൻ സഹായവുമായി എത്തിയ എത്തിയ ആളുകളെ കേന്ദ്രീകരിച്ച് കോട്ടയം ഡി വൈ എസ് പി ആർ ശ്രീകുമാറും സംഘവും നടത്തിയ വിശദമായ അന്വേഷണത്തിലാണ് ഹണിട്രാപ്പ് സംഘത്തെ പിടികൂടിയത്. ക്രിമിനൽ സംഘാങ്ങൾക്ക് എല്ലാ തരത്തിലുള്ള ഒത്താശയും ചെയുന്ന ഇവർ ജില്ലയിലെ വിവിധ ചീട്ടുകളി സംഘങ്ങളികെ സ്ഥിരം പങ്കാളികൾ ആണ്.

കോതമംഗലം എഞ്ചിനീയറിംഗ് കോളേജിൽ പഠിച്ചിരുന്ന ഹാനീഷിനു കള്ളക്കളി കളിക്കാനുള്ള വൈഭവം മനസ്സിലാക്കി ക്രിമിനൽ സംഘങ്ങൾ കൂടെ നിർത്തിയിരിക്കുകയാണ്. ഒളിവിൽ കഴിയുന്ന ഹീന കൃത്യങ്ങൾ ചെയ്യുന്ന കുറ്റവാളികൾക്ക് സഹായം ചെയ്തു കൊടുത്ത് അവരുടെ പ്രീതി പിടിച്ചു പറ്റിയാണ് ഇവർ ജീവിതം നയിച്ചിരുന്നത്. ഈ കേസിൽ ഇനിയും കോട്ടയം നഗരത്തിൽ ഹീന കൃത്യങ്ങളിൽ ഏർപ്പെടുന്ന ഒരു കൊടും ക്രിമിനലും, ഉൾപ്പെട്ട സ്ത്രീകളും മറ്റു മൂന്നു പേരും പിടിയിലാകാനുണ്ട്.

ഡി വൈ എസ് പി ഓഫീസിലെ അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ കെ ആർ അരുൺകുമാർ , സബ് ഇൻസ്‌പെക്ടർ ഉദയ കുമാർ പി ബി എന്നിവർ ചേർന്നാണ് പ്രതികളെ പിടി കൂടിയത്. കോട്ടയം ഈസ്റ്റ് സബ് ഇൻസ്‌പെക്ടർ രഞ്ജിത്ത് കെ വിശ്വനാഥൻ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.