കോട്ടയം നഗരമധ്യത്തിലെ ഹണി ട്രാപ്പ്: ഗുണ്ടാ സംഘത്തലവന്റെ രണ്ടാം ഭാര്യ പൊലീസ് കസ്റ്റഡിയിൽ; അടിവസ്ത്രം മാത്രം ധരിച്ച യുവതിയ്‌ക്കൊപ്പമിരുത്തി സ്വർണ വ്യാപാരിയെ കുടുക്കി; സ്വർണ്ണവ്യാപാരിയ്‌ക്കൊപ്പം ചിത്രമെടുത്ത സ്ത്രീകൾക്കായി അന്വേഷണം ഊർജിതം

തേർഡ് ഐ ബ്യൂറോ

കോട്ടയം: ചിങ്ങവനം സ്വദേശിയായ സ്വർണ്ണ വ്യാപാരിയെ കെണിയിൽപ്പെടുത്തി നഗരമധ്യത്തിലെ ലോഡ്ജിൽ എത്തിച്ച് അശ്ലീല ചിത്രം പകർത്തി രണ്ടു ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസിൽ കുപ്രസിദ്ധ ഗുണ്ടയുടെ രണ്ടാം ഭാര്യയായ ചങ്ങനാശേരി സ്വദേശിനി കസ്റ്റഡിയിൽ. ഹണിട്രാപ്പിനായി ഗുണ്ടയ്ക്കും സംഘത്തിനും പെൺകുട്ടികളെ എത്തിച്ചു നൽകിയത് ഇവരാണ് എന്ന സൂചനകളുടെ അടിസ്ഥാനത്തിലാണ് ഇവരെ കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്. വിശദമായ ചോദ്യം ചെയ്യലിൽ കൃത്യമായ തെളിവുകൾ ലഭിച്ചാൽ ഇവരെ അറസ്റ്റ് ചെയ്‌തേക്കും.

ശനിയാഴ്ച ഉച്ചയോടെയാണ് കളക്ടറേറ്റിനു സമീപത്തു നിന്നും  ചിങ്ങവനം സ്വദേശിയായ സ്വർണ്ണ വ്യാപാരിയെ ഹണി ട്രാപ്പിൽ കുടുക്കി രണ്ടു ലക്ഷം രൂപ കവർന്ന കേസിൽ രണ്ടുപേരെ ജില്ലാ പൊലീസ് മേധാവി ജി.ജയദേവിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. മെഡിക്കൽ കോളേജ് മുടിയൂർക്കര ഭാഗത്ത് നന്ദനം വീട്ടിൽ രാജൻ മകൻ പ്രവീൺ കുമാർ (സുനാമി – സുനാമി- 34) , മലപ്പുറം എടപ്പന വില്ലേജിൽ തോരക്കാട്ടിൽ വീട്ടിൽ മുഹമ്മദ് ഹാനീഷ് ( 24) എന്നിവരെയാണ് ജില്ലാ പൊലീസ് മേധാവി ജി.ജയദേവിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.

പ്രണയക്കെണിയിൽപ്പെടുത്തിയ പെൺകുട്ടികളെ ഗുണ്ടാ സംഘം ഈ ചങ്ങനാശേരി സ്വദേശിനിയുടെ കൈകളിൽ എത്തിച്ചിട്ടുള്ളതായി പൊലീസിനു സൂചന ലഭിച്ചിട്ടുണ്ട്. ഇത്തരത്തിൽ എത്തിക്കുന്ന പെൺകുട്ടികളെ ഉപയോഗിച്ചാണ് സംഘം ഹണിട്രാപ്പിനു കളമൊരുക്കുന്നതെന്നാണ് പൊലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിരിക്കുന്നത്. ഇതേ തുടർന്നാണ് ഗുണ്ടയുടെ രണ്ടാം ഭാര്യയായ ചങ്ങനാശേരി സ്വദേശിനിയെ പൊലീസ് സംഘം കസ്റ്റഡിയിൽ എടുത്തത്.

നിലവിൽ കസ്റ്റഡിയിലായ രണ്ടു പ്രതികളുടെയും മൊബൈൽ ഫോൺ കേന്ദ്രീകരിച്ചു പൊലീസ് നടത്തിയ അന്വേഷണത്തിൽ കൃത്യമായ നിർണ്ണായക വിവരങ്ങൾ ലഭിച്ചതായി സൂചനയുണ്ട്. ജില്ലയിലെ വിവിധ രാഷ്ട്രീയ വ്യവസായ മേഖലയിലെ പ്രമുഖർ അടക്കം സംഭവത്തിൽ ഉൾപ്പെട്ടതായി പൊലീസിനു സൂചന ലഭിച്ചിട്ടുണ്ട്.

കേസിലെ മുഖ്യ ആസൂത്രകനായ ഗുണ്ടാ സംഘത്തലവനെ പിടികൂടിയെങ്കിൽ മാത്രമേ കൂടുതൽ കൃത്യതയും വ്യക്തതയും കേസിനുണ്ടാകൂ.