
ഡല്‍ഹി: ഗ്ലാസ്ഗോയില്‍ നടക്കാനിരിക്കുന്ന 2026 കോമണ്‍വെല്‍ത്ത് ഗെയിംസിനുള്ള 32 അംഗ ഇന്ത്യൻ ടീമിനെ അത്ലറ്റിക്സ് ഫെഡറേഷൻ ഓഫ് ഇന്ത്യ പ്രഖ്യാപിച്ചു.
സൂപ്പർ താരങ്ങളും യുവപ്രതിഭകളും അടങ്ങുന്നതാണ് പ്രഖ്യാപിക്കപ്പെട്ട സംഘം. ഇന്ത്യയ്ക്ക് അനുവദിച്ച നിശ്ചിത ക്വാട്ട പൂർണമായും ഉള്‍ക്കൊണ്ട് 22 പുരുഷ താരങ്ങളും 10 വനിതാ താരങ്ങളുമാണ് അന്തിമ പട്ടികയില്‍ ഇടംപിടിച്ചിരിക്കുന്നത്.
ഇന്ന് നടന്ന വെർച്വല്‍ വാർത്താ സമ്മേളനത്തില്‍ വേള്‍ഡ് അത്ലറ്റിക്സ് വൈസ് പ്രസിഡന്റും മുൻ എ.എഫ്.ഐ പ്രസിഡന്റുമായ അദില്‍ സുമാരിവാലയാണ് ടീമിനെ പ്രഖ്യാപിച്ചത്. ഫെഡറേഷൻ നേരത്തെ വ്യക്തമാക്കിയ സെലക്ഷൻ പോളിസി അനുസരിച്ചാണ് ടീം തിരഞ്ഞെടുപ്പെന്നും, മുൻകൂർ അനുമതിയോടെ വിദേശത്ത് മത്സരിക്കുന്ന അത്ലറ്റുകളുടെ പ്രകടനങ്ങള്‍ കൂടി കണക്കിലെടുത്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒളിമ്പിക് ലോകചാമ്പ്യനായ നീരജ് ചോപ്രയാണ് ടീമിലെ പ്രധാന ആകർഷണം. എന്നാല്‍ ഗെയിംസിന് മുന്നോടിയായുള്ള യോഗ്യതാ മാനദണ്ഡങ്ങള്‍ പൂർത്തിയാക്കുന്നതിന് വിധേയമായിട്ടായിരിക്കും നീരജിന്റെ പങ്കാളിത്തം ഉറപ്പാക്കുക.
ചീഫ് സെലക്ഷൻ കമ്മിറ്റിയുടെ തീരുമാനപ്രകാരം നീരജ് ചോപ്ര, ട്രിപ്പിള്‍ ജമ്പ് താരം സെല്‍വ പ്രഭു എന്നിവരെ നിബന്ധനകളോടെയാണ് ടീമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കോമണ്‍വെല്‍ത്ത് ഗെയിംസിന് മുൻപ് നടക്കുന്ന അന്താരാഷ്ട്ര ടൂർണമെന്റുകളിലെയും വരാനിരിക്കുന്ന ഇന്റർ സ്റ്റേറ്റ് മീറ്റിലെയും പ്രകടനങ്ങള്‍ വിലയിരുത്തിയാകും ഇവരുടെ പങ്കാളിത്തത്തില്‍ അന്തിമ തീരുമാനമെടുക്കുക.
യുഎസ്എയിലെ എൻസിഎഎ അത്ലറ്റ് കൂടിയായ സെല്‍വ പ്രഭുവും, പരിക്കില്‍ നിന്ന് മോചിതനായി വിദേശ മത്സരങ്ങളില്‍ പങ്കെടുക്കാനിരിക്കുന്ന നീരജും യോഗ്യതാ നിലവാരം പുലർത്തുമെന്നാണ് ഫെഡറേഷന്റെ പ്രതീക്ഷ.







