കളക്‌ട്രേറ്റിലെ ലിഫ്റ്റിൽ ജീവനക്കാരടക്കം ആറുപേർ കുടുങ്ങി. ലിഫ്റ്റിൽ ഉണ്ടായിരുന്നവർക്ക് ശ്വാസം തടസ്സം നേരിട്ടതിനെ തുടർന്ന് ഫയർ ഫോഴ്‌സ് വാതിൽ ചവിട്ടി പൊളിച്ചു

കളക്‌ട്രേറ്റിലെ ലിഫ്റ്റിൽ ജീവനക്കാരടക്കം ആറുപേർ കുടുങ്ങി. ലിഫ്റ്റിൽ ഉണ്ടായിരുന്നവർക്ക് ശ്വാസം തടസ്സം നേരിട്ടതിനെ തുടർന്ന് ഫയർ ഫോഴ്‌സ് വാതിൽ ചവിട്ടി പൊളിച്ചു

സ്വന്തം ലേഖകൻ

കോട്ടയം: സാങ്കേതിക തകരാറുമൂലം കോട്ടയം കളക്‌ട്രേറ്റിലെ ലിഫ്റ്റ് തകരാറിലായി. ജീവനക്കാരും കളക്‌ട്രേറ്റിലെത്തിയ വൃദ്ധനുമടക്കം ആറുപേർ ലിഫ്റ്റിൽ കുടുങ്ങി. കുടുങ്ങിയവർ അരമണിക്കൂറോളം നിലവിളിച്ചെങ്കിലും ആരും സഹായത്തിനെത്തിയില്ല. തുടർന്ന് ലിഫ്റ്റിൽ ഉണ്ടായിരുന്നവർ തന്നെ അഗ്നിരക്ഷാസേനയെ വിവരം അറിയിക്കുകയായിരുന്നു. പാഞ്ഞെത്തിയ അഗ്നി രക്ഷാസേന ലിഫ്റ്റിൽ കുടുങ്ങിയവർക്ക് ശ്വാസ തടസ്സം അനുഭവപ്പെടുന്നുണ്ടെന്ന് മനസ്സിലായതിനെ തുടർന്ന് വാതിൽ ചവിട്ടി പൊളിച്ച് ഇവർക്ക് പ്രാഥമിക ശുശ്രൂഷ നൽകി.
ലിഫ്റ്റിൽ കുടുങ്ങിയാൽ ഇത് തുറക്കുന്നതിനുള്ള താക്കോൽ കളക്‌ട്രേറ്റിലെ തന്നെ സാർജറ്റിന്റെ മുറിയിൽ ഉണ്ടായിരുന്നു. എന്നാൽ ഇത് സംബന്ധിച്ച അറിയിപ്പുകളൊന്നും ലിഫ്റ്റിനുള്ളിൽ ഒട്ടിച്ചിരുന്നില്ല. ഇത്തരത്തിൽ അറിയിപ്പുകളൊന്നും ലിഫ്റ്റിൽ ഇല്ലാതിരുന്നതാണ് ആശങ്കയുണ്ടാക്കിയത്. കഴിഞ്ഞ ദിവസം തൃശ്ശൂർ കളക്‌ട്രേറ്റിൽ ഹൈക്കോടതി ജഡ്ജി അടക്കം ലിഫ്റ്റിൽ കുടുങ്ങിയിരുന്നു. ലിഫ്റ്റിൽ സുരക്ഷാ സംവിധാനത്തെക്കുറിച്ചുള്ള അറിയിപ്പുകളില്ലാത്തതാണ് ഇത്തരത്തിൽ പ്രശ്‌നങ്ങളുണ്ടാകുന്നതെന്ന് ജീവനക്കാർ ആരോപിച്ചു.