ഡൽഹി സംസ്ഥാനത്തിന്റെ യഥാർത്ഥ അധികാരം തെരെഞ്ഞെടുക്കപ്പെട്ട സർക്കാരിനാണെന്ന് സുപ്രീംകോടതിയുടെ സുപ്രധാന വിധി

ഡൽഹി സംസ്ഥാനത്തിന്റെ യഥാർത്ഥ അധികാരം തെരെഞ്ഞെടുക്കപ്പെട്ട സർക്കാരിനാണെന്ന് സുപ്രീംകോടതിയുടെ സുപ്രധാന വിധി

Spread the love

ബാലചന്ദ്രൻ

ഡൽഹി: ഡൽഹി സംസ്ഥാനത്തിന്റെ യഥാർത്ഥ അധികാരം തെരെഞ്ഞെടുക്കപ്പെട്ട സർക്കാരിനാണെന്ന് സുപ്രീംകോടതിയുടെ വിധി. രാജ്യ തലസ്ഥാനത്തിന്റെ ഭരണ തലവൻ ലഫ്റ്റനന്റ് ഗവർണർ ആണെന്ന ഹൈക്കോടതി വിധി റദ്ദാക്കിക്കൊണ്ടാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അദ്ധ്യക്ഷനായ ഭരണഘടനാ ബഞ്ചിന്റെ വിധി. മാത്രമല്ല ഡൽഹിക്ക് പൂർണ സംസ്ഥാനപദവി നൽകാനാകില്ലെന്നും വിധി ന്യായത്തിലുണ്ട്. പൂർണ സംസ്ഥാനപദവി വേണമെന്ന ഡൽഹിയുടെ ഹർജിയിലാണ് ചീഫ് ജസ്റ്റിസിന്റെ വിധി പ്രസ്താവം. അതേസമയം ഭരണപരമായ തീരുമാനങ്ങൾ ലഫ്റ്റനൻറ് ഗവർണർ വൈകിക്കരുതെന്നും സുപ്രിം കോടതി പറഞ്ഞു. ഗവർണർക്ക് തുല്യമല്ല ലഫ്. ഗവർണർ പദവിയെന്നും വിധി പ്രസ്താവത്തിൽ ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. ലഫ്റ്റനൻറ് ഗവർണർ പരമാധികാരിയല്ല. ലഫ്റ്റനൻറ് ഗവർണറുടെ അധികാരങ്ങൾ പരിമിതമാണ്. തീരുമാനങ്ങൾ ഭരണഘടനയ്ക്ക് അനുസൃതമാകണം. മന്ത്രിസഭയുടെ ഉപദേശപ്രകാരം ലഫ്. ഗവണർ പ്രവർത്തിക്കണം. സർക്കാരും ലഫ്. ഗവർണറും ഒന്നിച്ച് മുന്നോട്ടുപോകണമെന്നും ചീഫ് ജസ്റ്റിസ് വിധി പ്രസ്താവത്തിൽ പറഞ്ഞു. അഞ്ചംഗ ഭരണഘടനാബെഞ്ചാണ് കേസ് പരിഗണിച്ചത്. ഇതിൽ മൂന്ന് ജഡ്ജിമാർക്ക് വേണ്ടിയാണ് ചീഫ് ജസ്റ്റിസ് വിധിപ്രസ്താവിച്ചത്. ജസ്റ്റിസ് എഎസ് സിക്രി, ജസ്റ്റിസ് എഎം ഘൻവീൽക്കർ എന്നിവരുടെയും സ്വന്തം വിധി പ്രസ്താവവും ദീപക് മിശ്ര വായിച്ചു. മൂന്ന് വിധി പ്രസ്താവങ്ങളായാണ് കേസിൽ സുപ്രിം കോടതി വിധി പറയുന്നത്. ഡൽഹി സര്ക്കാരിനുമേൽ ലഫ്റ്റനന്റ് ഗവർണർക്കുണ്ടായിരുന്ന അധികാരം പരിമിതപ്പെടുത്തിയിലൂടെ മുഖ്യമന്ത്രി കെജ്‌രിവാളിന് വൻ നേട്ടമാണ് ഉണ്ടായത്. മുതിർന്ന അഭിഭാഷകരുടെ നിര തന്നെ ഡൽഹി സർക്കാരിനുവേണ്ടി ഹാജരായി. മുൻ കേന്ദ്ര മന്ത്രി പി ചിദംബരം, ഗോപാൽ സുബ്രമണ്യം, രാജീവ് ധവാൻ, ഇന്ദിരാ ജയ്‌സിംഗ്, എന്നിവർ എ.എ.പി സർക്കാരിനു വേണ്ടിയും കേന്ദ്രത്തിനുവേണ്ടി അഡീഷണൽ സോളിസിറ്റർ ജനറൽ മനീന്ദ്ര സിംഗും സുപ്രീംകോടതിയിൽ ഹാജരായി. പൂർണ സംസ്ഥാന പദവി എന്ന വാദം തള്ളിയെങ്കിലും അതിനുവേണ്ടി വാദിക്കുന്ന അരവിന്ദ് കെജ്‌രിവാളിന് ചരിത്ര നേട്ടമായി ഇന്നത്തെ വിധി.