video
play-sharp-fill

ബംഗളൂരുവിൽ നിന്ന് എം.ഡി.എം.എ.  ആലപ്പുഴയിലെത്തിച്ച് വിതരണം; വാട്‌സാപ്പിലൂടെ ആവശ്യക്കാരെക്കണ്ടെത്തും; പണം ഇ-വാലറ്റു വഴി;  നാലാംപ്രതിയായ കോഫിഷോപ്പുടമ അറസ്റ്റിൽ

ബംഗളൂരുവിൽ നിന്ന് എം.ഡി.എം.എ. ആലപ്പുഴയിലെത്തിച്ച് വിതരണം; വാട്‌സാപ്പിലൂടെ ആവശ്യക്കാരെക്കണ്ടെത്തും; പണം ഇ-വാലറ്റു വഴി; നാലാംപ്രതിയായ കോഫിഷോപ്പുടമ അറസ്റ്റിൽ

Spread the love

അമ്പലപ്പുഴ : എം.ഡി.എം.എ. ബംഗളൂരുവിൽ നിന്ന് എത്തിച്ച് ആലപ്പുഴയിൽ വിതരണം നടത്തുന്ന സംഘത്തിലെ ഒരാള്‍ക്കൂടി പോലീസ് പിടിയിലായി. ആലപ്പുഴ കുതിരപ്പന്തി വാർഡിൽ ദാരുൽഐഷ വീട്ടിൽനിന്ന് ആലിശ്ശേരി വാർഡിൽ വലിയപറമ്പിൽ വീട്ടിൽ താമസിക്കുന്ന തൻവീർ അഹമ്മദ് സേഠ് (27) ആണു പിടിയിലായത്. പുന്നപ്ര ഇൻസ്പെക്ടർ ലൈസാദ് മുഹമ്മദിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് വ്യാഴാഴ്ചരാത്രി ഇയാളെ അറസ്റ്റുചെയ്തത്.

കേസിലെ നാലാംപ്രതിയായ ഇയാൾ ആലപ്പുഴ തിരുവമ്പാടിയിൽ കോഫി ഷോപ്പ് നടത്തുകയാണ്. ഒന്നും രണ്ടും പ്രതികളായ ഇരവുകാട് വാർഡിൽ തിണ്ടങ്കേരിയിൽ ഇജാസ് (25), വട്ടയാൽ വാർഡിൽ അരയൻപറമ്പിൽ റിൻഷാദ് (26), മൂന്നാംപ്രതി വെള്ളക്കിണർ വാർഡിൽ നടുവിൽപ്പറമ്പിൽ അബ്ദുൾ മനാഫ് (26) എന്നിവരെ നേരത്തേ അറസ്റ്റുചെയ്തിരുന്നു. ഇവർ റിമാൻഡിലാണ്.

വാട്‌സാപ്പിലൂടെ ആവശ്യക്കാരെക്കണ്ടെത്തി ഇ-വാലറ്റുവഴി പണം ശേഖരിച്ചാണ് പ്രതികൾ എം.ഡി.എം.എ. വിറ്റിരുന്നത്. ഒന്നും രണ്ടും പ്രതികളുടെ സുഹൃത്താണ് തൻവീർ അഹമ്മദ് സേഠ്. ഇയാളുടെ കോഫി ഷോപ്പിലെ ജീവനക്കാരനായ ബംഗാൾ സ്വദേശിയുടെ പേരിലുള്ള ബാങ്ക് അക്കൗണ്ടുപയോഗിച്ചാണ് ഇ-വാലറ്റ് പണമിടപാട് നടത്തിയിരുന്നത്. ഇ-വാലറ്റിന്റെ ക്യു.ആർ. കോഡ് വാട്‌സാപ്പിൽ അയച്ചാണ് ഇടപാടുകാരിൽനിന്നു പണം സ്വീകരിച്ചിരുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സൈബർ സംവിധാനങ്ങളുടെ സഹായത്തോടെ പോലീസ് നടത്തിയ അന്വേഷണത്തിലാണ് തൻവീർ വലയിലായത്. അമ്പലപ്പുഴ ഡിവൈ.എസ്.പി. ബിജു വി. നായരുടെ നേതൃത്വത്തിൽ രൂപവത്കരിച്ച നർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡാണ് അന്വേഷണം നടത്തുന്നത്. എസ്.ഐ.മാരായ എ. സിദ്ദിക്ക്, എ. അജീഷ്, സീനിയർ സി.പി.ഒ.മാരായ സേവ്യർ, അനസ്, സി.പി.ഒ.മാരായ ടോമി, രാജീവ്, എം.കെ. വിനിൽ, വിനു എന്നിവരും സംഘത്തിലുണ്ട്.