
ന്യൂഡൽഹി: ആക്ഷേപഹാസ്യ രാഷ്ട്രീയ കൂട്ടായ്‌മയായ കോക്രോച്ച് ജനതാ പാർട്ടി തരംഗം പ്രതിപക്ഷം കൈവിട്ടുകളയരുതെന്ന് ശശി തരൂർ എംപി. ഈ അവസരം പ്രതിപക്ഷം വിനിയോഗിക്കണമെന്നും തരൂർ എക്സില്‍ കുറിച്ചു.
വലിയ ചർച്ചകള്‍ക്ക് വഴിവെച്ച കോക്രോച്ച് ജനതാ പാർട്ടിയുടെ എക്സ് അക്കൗണ്ട് ഇന്ത്യയില്‍ ബ്ലോക്ക് ചെയ്ത നടപടിയെയും തരൂർ ചോദ്യം ചെയ്തു. അക്കൗണ്ട് റദ്ദാക്കിയ നടപടിയെ ബുദ്ധിശൂന്യമെന്ന് വിശേഷിപ്പിച്ച തരൂര്‍, യുവാക്കള്‍ക്ക് തങ്ങളുടെ വികാരങ്ങള്‍ പ്രകടിപ്പിക്കാൻ ഇത്തരം വേദികള്‍ ആവശ്യമാണെന്നും വ്യക്തമാക്കി.
ഇൻസ്റ്റാഗ്രാമില്‍ 19 ദശലക്ഷത്തിലധികം ഫോളോവേഴ്‌സ് ഉള്ള കോക്രോച്ച് ജനതാ പാർട്ടിയുടെ പെട്ടെന്നുള്ള ഉയർച്ചയില്‍ തനിക്ക് കൗതുകം തോന്നിയെന്നും തരൂർ പറഞ്ഞു. ബുധനാഴ്ചയാണ് രണ്ട് ലക്ഷത്തിലധികം ഫോളോവേഴ്സ് ഉണ്ടായിരുന്ന സിജെപിയുടെ ഔദ്യോഗിക എക്സ് അക്കൗണ്ട് ഇന്ത്യയില്‍ ബ്ലോക്ക് ചെയ്തത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

“യുവാക്കളുടെ നിരാശയും നിസ്സഹായാവസ്ഥയും എനിക്ക് മനസ്സിലാകും. അതുകൊണ്ടാണ് അവർ ഈ കൂട്ടായ്മയെ ഇത്രത്തോളം പിന്തുണയ്ക്കുന്നത്. അതുകൊണ്ടുതന്നെ, ഇവരുടെ എക്സ് അക്കൗണ്ട് തടഞ്ഞുവെച്ച നടപടി തികച്ചും തെറ്റായ നടപടിയാണ്. യുവാക്കള്‍ക്ക് അവരുടെ വികാരങ്ങള്‍ പ്രകടിപ്പിക്കാൻ ഒരിടം വേണം, അതിനാല്‍ സിജെപിയുടെ അക്കൗണ്ട് പൂട്ടിമുദ്രവയ്ക്കാതെ അത് പ്രവർത്തിക്കാൻ അനുവദിക്കണം. ഒരു ജനാധിപത്യ രാജ്യത്തില്‍ വിയോജിപ്പുകള്‍ക്കും തമാശകള്‍ക്കും ആക്ഷേപഹാസ്യങ്ങള്‍ക്കും, എന്തിനേറെ മനുഷ്യരുടെ നിരാശകള്‍ പോലും തുറന്നുപറയാനുള്ള വേദികള്‍ ആവശ്യമാണ്”- തരൂർ എക്സില്‍ കുറിച്ചു.
ഈ പ്രസ്ഥാനത്തിന്റെ ഭാവി എന്താകുമെന്ന് ഉറപ്പില്ലെങ്കിലും ഇതിന് പിന്നില്‍ പ്രവർത്തിക്കുന്ന യുവാക്കള്‍ തങ്ങളുടെ ഈ ഊർജ്ജം മുഖ്യധാരാ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.







