
പത്തനംതിട്ട: സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെതിരെ അടൂർ ഏരിയ കമ്മിറ്റിയില്‍ രൂക്ഷ വിമർശനം. ജയന്റെ സിനിമയിലെ ഗാനമായ ‘ചാം ചച്ച ചോം ചച്ച’ എന്ന പാട്ട് പോലെയാണ് ഗോവിന്ദന്റെ പത്രസമ്മേളനമെന്നാണ് കമ്മിറ്റിയില്‍ ഉയർന്ന പരിഹാസം.
പിണറായി വിജയനെ പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്ന് മാറ്റി മാതൃക കാട്ടണമെന്ന ആവശ്യവും പലരും ഉന്നയിച്ചു.
‘അടൂരില്‍ ചില സമുദായ നേതാക്കള്‍ പണം വാങ്ങിയത് അന്വേഷിക്കണം. എല്ലാ വോട്ടും എല്‍ഡിഎഫിന് എന്ന് പറഞ്ഞാണ് അവർ പണം വാങ്ങിയത്. മണ്ഡലത്തില്‍ സിപിഐ ഒന്നും ചെയ്‌തില്ല. ചിറ്റയം ഗോപകുമാറിനെതിരായ നെഗറ്റീവ് വോട്ടാണ് തോല്‍വിക്ക് കാരണം. പ്രിജി കണ്ണൻ എന്ന സൗമ്യ മുഖത്തെ കൊണ്ടുവന്നത് മാത്രമാണ് സിപിഐയുടെ സംഭാവന.
ചാം ചച്ച ചോം ചച്ച എന്ന പാട്ട് എഴുതിയവനും സംഗീതം നല്‍കിയവനും പാടിയവനും കേട്ടവനും എന്താണെന്നറിയില്ല. അതുപോലെയാണ് ഗോവിന്ദന്റെ പത്രസമ്മേളനം. വൻ പരാജയത്തിന് ശേഷവും പിണറായിയെ പ്രതിപക്ഷ നേതാവാക്കിയത് അംഗീകരിക്കാനാകില്ല. പിണറായിയെ മാറ്റി മാതൃക കാട്ടണം’ – കമ്മിറ്റിയില്‍ അംഗങ്ങള്‍ ആവശ്യപ്പെട്ടു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം, ഡല്‍ഹിയില്‍ സിപിഎം കേന്ദ്രകമ്മിറ്റി യോഗം തുടങ്ങിയിരിക്കുകയാണ്. മൂന്ന് ദിവസത്തെ യോഗത്തില്‍ കേരളത്തിലെ തിരഞ്ഞെടുപ്പ് പരാജയം ചർച്ച ചെയ്യും. വിശദമായ വിലയിരുത്തല്‍ നടത്താൻ നേരത്തേ പി ബി സംസ്ഥാന ഘടകത്തിന് നിർദേശം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ പ്രാഥമിക വിലയിരുത്തല്‍ സംസ്ഥാനഘടനം റിപ്പോർട്ട് ചെയ്യും.
പിണറായി വിജയനെ പ്രതിപക്ഷ നേതാവാക്കാനുള്ള സംസ്ഥാന കമ്മിറ്റിയുടെ നിർദേശത്തെ ഓണ്‍ലൈനായി ചേർന്ന പി ബി യോഗത്തില്‍ നിരവധി അംഗങ്ങള്‍ എതിർത്തിരുന്നു. കേന്ദ്രകമ്മിറ്റിയിലും ഇക്കാര്യത്തില്‍ എതിർപ്പ് ഉയരാനാണ് സാദ്ധ്യത. എന്നാല്‍, പിണറായിയെ പ്രതിപക്ഷ നേതൃ സ്ഥാനത്ത് നിന്ന് മാറ്റാൻ ഇനിയാവില്ലെന്നാണ് എം വി ഗോവിന്ദൻ വ്യക്തമാക്കിയത്. പി ബിയുടെ അംഗീകാരം വാങ്ങിയാണ് ഈ തീരുമാനമെടുത്തതെന്നും ഗോവിന്ദൻ ഡല്‍ഹിയില്‍ പറഞ്ഞു.







