
മലപ്പുറം: കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി തീരുമാനം വൈകുന്നതില്‍ വിമർശനവുമായി മുസ്ളീം ലീഗ് മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി പി അബ്ദുള്‍ ഹമീദ്. തീരുമാനം വളരെ പെട്ടെന്ന് ഉണ്ടായില്ലെങ്കില്‍ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരും.
വളരെ പെട്ടെന്നുതന്നെ തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പഴയതുപോലെയല്ല, വ്യത്യസ്തമായ രൂപത്തില്‍ തിരിച്ചടിയുണ്ടാകാമെന്നും പി അബ്ദുള്‍ ഹമീദ് പറഞ്ഞു.
‘പ്രത്യാഘാതം നേരിടേണ്ടി വരുമെന്നുള്ളത് കോണ്‍ഗ്രസിന്റെ ഹൈക്കമാൻഡും നേതൃത്വവും തിരിച്ചറിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. മലപ്പുറം ജില്ലയില്‍ ആഹ്ളാദപ്രകടനം നടക്കേണ്ട സമയമാണ്. അണികള്‍ അസംതൃപ്തരാണ്. തിരഞ്ഞെടുക്കപ്പെട്ട എംഎല്‍എയോട് സ്വീകരണ പരിപാടിക്ക് വരേണ്ടെന്ന് പറയേണ്ട ഘട്ടം വരെയുണ്ടായി.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജില്ലയിലെ സ്ത്രീകളടക്കമുള്ള വോട്ടർമാർ ചോദിക്കുന്നുണ്ട്. തീരുമാനം നീട്ടിക്കൊണ്ടുപോകുന്നത് ശരിയല്ല. ഒരു സർക്കാർ അധികാരത്തില്‍ വരേണ്ട സന്ദർഭത്തില്‍ അനിശ്ചിതമായി നീട്ടിക്കൊണ്ട് പോകുന്നതിലുള്ള അസംതൃപ്തി എല്ലാ തലങ്ങളിലും പ്രകടമാവുകയാണ്.
ഒരു സർക്കാർ അധികാരത്തില്‍ വന്നതിനുശേഷം ഇടപെടേണ്ട ഒരുപാട് കാര്യങ്ങളുണ്ട് കേരളത്തില്‍. അത് മറന്ന് പ്രവർത്തിക്കാൻ പാടില്ല. ടീം യുഡിഎഫ് ആണ് വിജയിച്ചത്. നാല് ആള് കൂടുന്നിടത്ത് ചർച്ച മുഴുവൻ ഇതാണ്. പ്രവർത്തനമികവിന് അനുസരിച്ച് ലീഡർഷിപ്പ് ഉയരുന്നില്ല. അണികളോടൊപ്പം ഉയരാൻ നേതൃത്വത്തിന് സാധിക്കുന്നില്ല. മുസ്ളീം ലീഗിന്റെ അഭിപ്രായം അറിയിച്ചിട്ടുണ്ട്. ഉത്തരേന്ത്യൻ സംസ്ഥാനത്തെ പോലെ കേരളത്തെ അളക്കരുത്.







