
കാസർകോട്: ശൈശവ വിവാഹം നടത്തിയതിന് ഉസ്‌താദ് ഉള്‍പ്പെടെ നാലുപേർക്കെതിരെ കേസെടുത്ത് പൊലീസ്.
കാസർകോട് അഴീക്കല്‍ ജുമാ മസ്‌ജിദിലാണ് സംഭവം നടന്നത്. 28കാരനും 16കാരിയും തമ്മിലുള്ള വിവാഹമാണ് നടന്നത്. സംഭവത്തില്‍ വരൻ എടച്ചാക്കൈ ബദർ നഗറിലെ ഷാബിർ ഷെയ്‌ഖ്, പെണ്‍കുട്ടിയുടെ പിതാവ്, പടന്ന ഗ്രാമ പഞ്ചായത്ത് മെമ്പറും എടച്ചാക്കൈ അഴീക്കല്‍ ജുമാ മസ്‌ജിദ് സെക്രട്ടറിയുമായ പി കെ താജുദ്ദീൻ, ജുമാ മസ്‌ജിദിലെ ഉസ്‌താദ് റഹ്മത്തുള്ള എന്നിവർക്കെതിരെയാണ് ചന്തേര പൊലീസ് കേസെടുത്തത്.
പടന്ന പഞ്ചായത്ത് സ്വദേശിയും പ്രവാസിയുമാണ് വരൻ. ഏപ്രില്‍ 13ന് ഉസ്‌താദിന്റെ കാർമികത്വത്തിലാണ് വിവാഹച്ചടങ്ങ് നടന്നത്. ശൈശവ വിവാഹത്തിന് പള്ളിക്കമ്മിറ്റി ഒത്താശ ചെയ്തുകൊടുത്തുവെന്ന് നാട്ടുകാർ കാസർകോട് ചൈല്‍ഡ് ലൈനില്‍ പരാതിപ്പെടുകയായിരുന്നു. തുടർന്ന് ജില്ലാ ശിശുക്ഷേമ വികസന വകുപ്പിന്റെ കീഴിലുള്ള ശൈശവ വിവാഹ നിരോധന ഓഫീസറുടെ നേതൃത്വത്തില്‍ അന്വേഷണം നടന്നു. തുടർന്നാണ് പൊലീസ് കേസെടുത്തത്. വിഷയത്തില്‍ തുടർ നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷൻ ഓഫീസർ പറഞ്ഞു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പെണ്‍കുട്ടിയുടെ വയസ് തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കാൻ കഴിയാത്തതിനാല്‍ പ്രദേശത്തെ മഹല്ല് കമ്മിറ്റി വിവാഹം നടത്താൻ അനുമതി നല്‍കിയിരുന്നില്ല. തുടർന്നാണ് വരന്റെ നാട്ടില്‍ വിവാഹം നടത്തിയത്.









