കുട്ടികളാണ് കേരള പൊലീസിന്റെ ‘മാലാഖ’

കുട്ടികളാണ് കേരള പൊലീസിന്റെ ‘മാലാഖ’

സ്വന്തം ലേഖിക

കോട്ടയം :കുട്ടികൾക്കെതിരെ ഉണ്ടാകുന്ന ലൈംഗിക അതിക്രമങ്ങൾ തടയാൻ പുതിയ പദ്ധതിയുമായി കേരള പോലീസ്.കുട്ടികൾക്കെതിരെ ഉണ്ടാകുന്ന ലൈംഗിക അതിക്രമങ്ങൾ തടയുന്നതിന് വേണ്ടി മാലാഖ’ എന്ന പേരിൽ ബോധവൽക്കരണ പരിപാടികൾക്ക് കേരള പോലീസ് രൂപം നൽകി.

രണ്ടര മാസം നീളുന്ന ഈ പദ്ധതിയിലൂടെ കുട്ടികളുടെ സുരക്ഷയുമായി അടുത്ത ബന്ധം പുലർത്തുന്ന രക്ഷകർത്താക്കൾ, അധ്യാപകർ, ബന്ധുക്കൾ, പോലീസുദ്യോഗസ്ഥർ, ഡോക്ടർമാർ, ആരോഗ്യ മേഖലയിലെ ജീവനക്കാർ, മാധ്യമപ്രവർത്തകർ എന്നിവർക്ക് ബോധവൽക്കരണം നൽകാനാണ് ഉദ്ദേശിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജനുവരി 15 മുതൽ മാർച്ച് 31 വരെ നീളുന്ന തരത്തിലാണ് വിവിധ പരിപാടികൾ സംഘടിപ്പിച്ചിരിക്കുന്നത്. അതത് ജില്ലകളിലെ പോലീസ് മേധാവിമാർക്കാണ് പരിപാടികളുടെ മേൽനോട്ട ചുമതല നൽകിയിരിക്കുന്നത്.

കുട്ടികൾക്കുനേരെയുണ്ടാകുന്ന അതിക്രമങ്ങൾക്കെതിരെ സന്ദേശങ്ങൾ പതിപ്പിച്ച ‘വാവ എക്‌സ്പ്രസ്’ എന്ന പേരിലുളള പ്രചരണ വാഹനം സംസ്ഥാനമൊട്ടാകെ യാത്ര ചെയ്ത് ബോധവൽക്കരണം നടത്തും.

ഇതിനുപുറമെ സംസ്ഥാനത്തൊട്ടാകെ ഒപ്പുശേഖരണ പരിപാടി, ഘോഷയാത്രകൾ, സാംസ്‌കാരിക പരിപാടികൾ, നാടകങ്ങൾ, തെരുവു നാടകങ്ങൾ, മണൽ ചിത്രരചന, ചലച്ചിത്ര ടെലിവിഷൻ താരങ്ങളെ പങ്കെടുപ്പിച്ച് നടത്തുന്ന പൊതുപരിപാടികൾ, പോലീസ് ബാൻറ്/കുതിര പോലീസ് എന്നീ വിഭാഗങ്ങളെ പങ്കെടുപ്പിച്ചുകൊണ്ടുളള പൊതുപരിപാടികൾ, പോലീസിലെ കലാകാരൻമാർ അവതരിപ്പിക്കുന്ന പൊതുജന അവബോധ പരിപാടികൾ, സ്റ്റുഡൻറ് പോലീസ് കേഡറ്റുകളെ ഉൾപ്പെടുത്തിക്കൊണ്ടുളള ഘോഷയാത്രകൾ, അംഗൻവാടി ടീച്ചർമാർ, ആശാ വർക്കർമാർ, കുടുംബശ്രീ, ജനശ്രീ പ്രവർത്തകർ, സന്നദ്ധസംഘടനാ പ്രവർത്തകർ എന്നിവരെ ഉൾപ്പെടുത്തിക്കൊണ്ടുളള പൊതുപരിപാടികൾ എന്നിവ നടക്കും. പ്രതിജ്ഞ, കൂട്ടയോട്ടം, മെഴുകുതിരി ജാഥ എന്നിവയിലൂടെ പരമാവധി ജനങ്ങളിലേക്ക് കുട്ടികൾക്കെതിരെയുളള കുറ്റകൃത്യങ്ങൾ തടയുന്നതിന് ആവശ്യമായ അവബോധം നൽകും.

പോലീസിൻറെ ജനമൈത്രി ബീറ്റ് ഓഫീസർമാർ വഴി വീടുവീടാന്തരം ഇത്തരം അവബോധ സന്ദേശങ്ങൾ എത്തിക്കും. ബീറ്റ് ഓഫീസർമാർ വഴി പൊതുജനങ്ങളിൽ നിന്നുളള പ്രതികരണം ലഭ്യമാക്കാനും ശ്രമിക്കും.