ദുരന്ത ബാധിത മേഖലകൾ ഇന്ന് മുഖ്യമന്ത്രി സന്ദർശിക്കും
തിരുവനന്തപുരം: കാലവര്‍ഷം കനത്ത നാശം വിതച്ച ദുരന്ത ബാധിത മേഖലകള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് സന്ദര്‍ശിക്കും. വയനാടും, മലപ്പുറം ജില്ലയിലെ ഭൂദാനവുമാണ് മുഖ്യമന്ത്രി ഇന്ന് സന്ദര്‍ശിക്കുക.
തിരുവനന്തപുരം എയര്‍ഫോഴ്‍സ് ടെക്നിക്കല്‍ ഏരിയയില്‍ നിന്നും യാത്ര തിരിച്ച മുഖ്യമന്ത്രിക്കൊപ്പം റവന്യൂമന്ത്രി ഇ ചന്ദ്രശേഖരൻ, ഡിജിപി ലോക്നാഥ് ബെഹ്റ, ചീഫ് സെക്രട്ടറി ടോം ജോസ്, റവന്യൂസെക്രട്ടറി വി വേണു, ആഭ്യന്തര സെക്രട്ടറി ബിശ്വനാഥ് സിൻഹ എന്നിവരുമുണ്ട്. വ്യോമസേനയുടെ AN32 വിമാനത്തിലാണ് യാത്ര.
ഇന്ന് രാവിലെ വിമാന മാർഗം കരിപ്പൂരിലെത്തുന്ന മുഖ്യമന്ത്രി പിണറായി വിജയൻ അവിടെ നിന്നും ഹെലികോപ്റ്ററിൽ വയനാട്ടിലെത്തും. സുൽത്താൻ ബത്തേരിയിലെ ദുരിതാശ്വാസ ക്യാമ്പാണ് ആദ്യം സന്ദർശിക്കുക. പിന്നീട് റോഡ് മാർഗം ഉരുൾപൊട്ടൽ നാശം വിതച്ച മേപ്പാടിയിലും മുഖ്യമന്ത്രി സന്ദർശനം നടത്തും.ജില്ലയിലെ നാശനഷ്ടങ്ങൾ അവലോകനം ചെയ്യുന്നതിനായി ജനപ്രതിനിധികളുടെ യോഗവും മുഖ്യമന്തിയുടെ നേതൃത്വത്തിൽ ചേരുന്നുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഉച്ച തിരിഞ്ഞ് ഹെലികോപ്റ്ററിൽ മലപ്പുറത്തേക്ക് പോകുന്ന മുഖ്യമന്ത്രി നിലമ്പൂരിലെ ഭൂദാനത്ത് ദുരിതാശ്വാസ ക്യാമ്പിലുളളവരെ സന്ദർശിക്കും. ജനപ്രതിനിധികളുമായുളള കൂടിക്കാഴ്ചയും ഇവിടെ നടക്കും.
മഴക്കെടുതി നേരിട്ട മേഖലകളിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി ജില്ലാ കലക്ടർമാരുമായി മുഖ്യമന്ത്രി ഇന്നലെ വീഡിയോ കോൺഫറൻസിംഗ് നടത്തി. ദുരിതാശ്വാസ ക്യാമ്പിലുളളവർക്ക് പ്രത്യേക ശ്രദ്ധ നൽകണമെന്ന് മുഖ്യമന്ത്രി കലക്ടർമാർക്ക് നിർദേശം നൽകിയിട്ടുണ്ട്.