
ആവശ്യപ്പെട്ട എല്ലാ രേഖകളും കൈമാറിയിട്ടും വായ്പ അനുവദിച്ചില്ല; ഭർത്താവിൻ്റെ ചികിത്സക്കായി ലോണിന് അപേക്ഷിച്ച യുവതിയോട് ലൈംഗികച്ചുവയോടെ സംസാരവും: ചെറുവത്തൂര്‍ ഫാര്‍മേഴ്‌സ് കോ-ഓപ്പറേറ്റീവ് ബാങ്ക് സെക്രട്ടറിക്കെതിരെ കേസ്….
സ്വന്തം ലേഖിക
തൃക്കരിപ്പൂര്‍: ഭർത്താവിൻ്റെ ചികിത്സക്കായി ലോണിന് അപേക്ഷിച്ച യുവതിയോട് ലൈംഗികച്ചുവയോടെ സംസാരിച്ച ബാങ്ക് സെക്രട്ടറിക്കെതിരെ കേസെടുത്ത് പോലീസ്.
അര്‍ബുദ ബാധിതനായ ഭര്‍ത്താവിന്റെ തുടര്‍ചികിത്സക്കായി ഭര്‍ത്താവിന്റെ അമ്മയുടെ സ്ഥലം ഈടായിവച്ച് ലോണിന് അപേക്ഷിച്ച യുവതിയുടെ പരാതിയിലാണ് കേസ്. ചെറുവത്തൂര്‍ ഫാര്‍മേഴ്‌സ് കോ—ഓപ്പറേറ്റീവ് ബാങ്കിന്റെ സെക്രട്ടറി പിലിക്കോട് വയലിലെ പി കെ വിനയ്കുമാറിനെതിരെയാണ് ചന്തേര പൊലീസ് കേസെടുത്തത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

മടിവയലിലെ യുവതിയാണ് പരാതി നല്‍കിയത്. ഭര്‍ത്താവിന്റെ ചികിത്സക്ക് ജില്ലാ ബാങ്ക് കാലിക്കടവ് ശാഖയില്‍ നിന്ന് വായ്പയെടുത്തിരുന്നു. തിരിച്ചടവ് മുടങ്ങിയതോടെ ബാങ്ക് ജപ്തി നടപടിയിലേക്ക് നീങ്ങി.
കോണ്‍ഗ്രസ് കുടുംബാംഗവും അധ്യാപികയുമായ യുവതി ഒറ്റത്തവണ തീര്‍പ്പാക്കലില്‍ പലിശ ഇളവ് ചെയ്യണമെന്നാവശ്യപ്പെട്ട് സഹകരണ വകുപ്പിന് അപേക്ഷയും നല്‍കി. ഈ സാഹചര്യത്തിലാണ്
ചെറുവത്തൂര്‍ ഫാര്‍മേഴ്‌സ് കോ-ഓപറേറ്റീവ് ബാങ്കില്‍ വായ്‌പക്ക് അപേക്ഷിച്ചത്.
എന്നാല്‍ ആവശ്യപ്പെട്ട എല്ലാ രേഖകളും കൈമാറിയിട്ടും വായ്പ അനുവദിക്കാതെ സെക്രട്ടറി നീട്ടികൊണ്ടുപോയി.
സെക്രട്ടറിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയതിനാല്‍ സ്റ്റേഷനിലെത്തി പരാതി നല്‍കി. തുടര്‍ന്ന് മണ്ഡലം പ്രസിഡന്റിന്റെ നേതൃത്വത്തില്‍ ചില കോണ്‍ഗ്രസ് നേതാക്കള്‍ പരാതി പിന്‍വലിച്ചാല്‍ ലോണ്‍ അനുവദിക്കാമെന്ന് വീട്ടിലെത്തി ഉറപ്പും നല്‍കി.
അടിയന്തര യോഗത്തില്‍ 7.5ലക്ഷം രൂപ വായ്പ അനുവദിക്കാന്‍ തീരുമാനിച്ചെങ്കിലും യുവതി നിരസിച്ചു. ബാങ്കിന് കൈമാറിയ രേഖകള്‍ തിരിച്ചുവാങ്ങി സ്വകാര്യ ബാങ്കിന് വായ്പക്കായി അപേക്ഷ നല്‍കി.
കോണ്‍ഗ്രസ് അനുകൂല സംഘടനയായ കേരള കോ-ഓപറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റാണ് വിനയ്‌കുമാര്‍. ഒത്തുതീര്‍പ്പിനായി കോണ്‍ഗ്രസ് നേതാക്കള്‍ ചര്‍ച്ച നടത്തിയെങ്കിലും ഫലമുണ്ടാകാത്തതിനാല്‍ യുവതിക്കെതിരെ ഭീഷണി മുഴക്കി. ഇതേ തുടര്‍ന്ന് പൊലീസ് സ്റ്റേഷനിലെത്തി മൊഴി നല്‍കുകയായിരുന്നു.
ഭരണസമിതി ചുമതലപ്പെടുത്തിയ ഡയറക്ടറുമാരുടെ അന്വേഷണത്തില്‍ പരാതി ശരിയാണെന്ന് കണ്ടത്തി താല്‍ക്കാലികമായി സെക്രട്ടറിയെ ബാങ്ക് സസ്‌പെന്‍ഡ് ചെയ്തു. പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തതോടെ ഒളിവിലാണ്.