
മാനസികാസ്വാസ്ഥ്യമുള്ള കുടുംബനാഥന് പോലീസിന്റെ ക്രൂരമർദ്ദനം; എയ്ഡ് പോസ്റ്റ് ചുമതലയുള്ള 4 പോലീസുകാർക്കെതിരെ ചേർത്തല ഡിവൈഎസ്പിക്ക് പരാതി നൽകി കുടുംബം; ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയ മധ്യവയസ്കനെ ഓട്ടോ ദേഹത്ത് തട്ടിയതിനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്നാണ് മർദ്ദിച്ചത്
ചേർത്തല: മാനസികാസ്വാസ്ഥ്യമുള്ള കുടുംബനാഥനെ പൊലീസ് ക്രൂരമായി മർദിച്ചതായി പരാതി. മായിത്തറ സ്വദേശി എ ടി ഷാർമോനാണ് തുറവൂർ താലൂക്കാശുപത്രിയിലെ എയ്ഡ് പോസ്റ്റ് ചുമതലയുള്ള നാല് പൊലീസുകാർക്കെതിരെ ചേർത്തല ഡിവൈഎസ്പിക്ക് പരാതി നൽകിയിരിക്കുന്നത്. ബുധനാഴ്ച രാവിലെ 11 നാണ് സംഭവം. കണ്ണിന് തടിച്ചിലും ചൊറിച്ചിലും അനുഭവപ്പെട്ട ഷാർമോനെയും കൂട്ടി ഭാര്യ വിമല തുറവൂർ ആശുപത്രിയിൽ എത്തിയതായിരുന്നു.
ആശുപത്രിയില് എത്തിയതിന് ശേഷം ചീട്ട് എടുക്കാൻ വേണ്ടി വിമല ഒപി കൗണ്ടറിലേക്ക് പോയി. ഈ സമയം ആശുപത്രിക്ക് മുൻവശം എത്തിയ ഒരു ഓട്ടോ ഷാർമോന്റെ ദേഹത്ത് തട്ടി.
ഇതിനെച്ചൊലിയുള്ള തർക്കത്തിനിടയിൽ അടുത്തുണ്ടായിരുന്ന ഒരു പൊലീസുകാരൻ എത്തി യാതൊരു പ്രകോപനവുമില്ലാതെ ഷാർമോന്റെ മുഖത്തടിച്ചു. തുടർന്ന് മറ്റ് മൂന്നു പേർ കൂടി എത്തി എല്ലാവരും ചേർന്ന് ഷാര്മോനെ എയ്ഡ് പോസ്റ്റിനുള്ളിലേക്ക് കൊണ്ടു പോയി. ഷർട്ടും മുണ്ടും ഊരി അടിവസ്ത്രം മാത്രം ധരിപ്പിച്ച് ക്രൂരമായി മർദിക്കുകയായിരുന്നെന്ന് ഭാര്യ വിമല നൽകിയ പരാതിയിൽ പറയുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ദേഹമാസകലം മർദിച്ചതിനെ തുടർന്ന് മുഖവും മുതുകും ചതഞ്ഞിട്ടുണ്ട്. ഷാർമോനേ കാണാതെ അന്വേഷിച്ച് എത്തിയ വിമല കാണുന്നത് മേശപ്പുറത്ത് കിടത്തി തന്റെ ഭർത്താവിനെ മർദിക്കുന്നതാണ്. സുഖമില്ലാത്ത ആളാണെന്നും നാലു വർഷമായി മരുന്ന് കഴിക്കുകയാണെന്നും കരഞ്ഞ് കാല് പിടിച്ചിട്ടാണ് വിട്ടതെന്ന് വിമല പറഞ്ഞു. ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടർന്ന് ചേർത്തല താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.
വീട്ടിലേക്ക് മടങ്ങും വഴി വീണ്ടും ശരീരാസ്വാസ്ഥ്യം ഉണ്ടായതിനെ തുടർന്ന് എരമല്ലൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. രോഗിയായ ഭർത്താവിനെ അകാരണമായി മർദിച്ച പൊലീസുകാർക്കെതിരെ നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകാൻ ഒരുങ്ങുകയാണ് വിമല.