Spread the love

തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ യുഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റതിന് പിന്നാലെ കോൺഗ്രസിനുള്ളിലെ അതൃപ്തി പരസ്യമാകുന്നു.

video
play-sharp-fill

പുതുപ്പള്ളി എംഎല്‍എ ചാണ്ടി ഉമ്മനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താത്തതില്‍ കടുത്ത നീരസത്തിലാണ് അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ കുടുംബം. വി.ഡി. സതീശന്‍ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ നിന്ന് ഉമ്മന്‍ചാണ്ടിയുടെ ഭാര്യ മറിയാമ്മ ഉമ്മനും മകള്‍ മറിയ ഉമ്മനും വിട്ടുനിന്നത് ഈ അവഗണനയിലുള്ള പ്രതിഷേധ സൂചനയാണെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങളില്‍ നിന്നുള്ള വിവരം.

ചടങ്ങില്‍ നിന്ന് വിട്ടുനിന്നത് പ്രത്യേക കാരണങ്ങളാലല്ലെന്ന് മകള്‍ മറിയ ഉമ്മന്‍ മാധ്യമങ്ങളോട് വിശദീകരിച്ചെങ്കിലും, കുടുംബത്തിന്റെ ഈ അസാന്നിധ്യം വലിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിട്ടുണ്ട്. സത്യപ്രതിജ്ഞാ വേദിയില്‍ ചാണ്ടി ഉമ്മന്‍ എത്തിയതുപോലും വിഐപി പരിഗണനകളില്ലാതെയായിരുന്നു എന്നതും ശ്രദ്ധേയമായി. സത്യപ്രതിജ്ഞയ്ക്ക് ശേഷം തിങ്കളാഴ്ച വൈകിട്ട് ചാണ്ടി ഉമ്മനും മാതാവ് മറിയാമ്മയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണിയെ അദ്ദേഹത്തിന്റെ വസതിയിലെത്തി കണ്ട് പരാതി ബോധിപ്പിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഉമ്മന്‍ചാണ്ടിയുടെ സ്മരണകള്‍ സജീവമായി നിലനിന്ന സാഹചര്യത്തില്‍, അദ്ദേഹത്തിന്റെ രാഷ്ട്രീയ പാരമ്പര്യം ഉയര്‍ത്തിപ്പിടിക്കുന്ന ചാണ്ടി ഉമ്മനെ മന്ത്രിസഭയില്‍ എടുക്കണമെന്ന ആവശ്യം പാര്‍ട്ടിക്കുള്ളില്‍ ശക്തമായിരുന്നു. ഹൈക്കമാന്‍ഡ് തലത്തിലും തുടക്കത്തില്‍ അനുകൂല സൂചനകളാണ് ലഭിച്ചിരുന്നത്. ചാണ്ടി ഉമ്മനെ മന്ത്രിയാക്കണമെന്ന ശക്തമായ നിര്‍ദേശം എ.കെ. ആന്റണി തന്നെ മുന്‍പ് നേതൃത്വത്തെ അറിയിച്ചിരുന്നതായാണ് സൂചന. എന്നാല്‍ അവസാന നിമിഷം അപ്രതീക്ഷിതമായി ചാണ്ടി ഉമ്മന്‍ മന്ത്രിപ്പട്ടികയില്‍ നിന്ന് പുറത്താക്കപ്പെടുകയായിരുന്നു.

എ.കെ. ആന്റണിയെ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളെ കണ്ട ചാണ്ടി ഉമ്മന്‍ വൈകാരികമായാണ് പ്രതികരിച്ചത്.

മന്ത്രിസ്ഥാനത്തെ ചൊല്ലിയുള്ള വിവാദങ്ങളെ ചാണ്ടി ഉമ്മന്‍ തള്ളിക്കളഞ്ഞു. മന്ത്രിസഭയിലേക്ക് തുടക്കം മുതല്‍ തന്റെ പേര് ഉണ്ടായിരുന്നില്ലെന്നും ഇതെല്ലാം മാധ്യമങ്ങള്‍ ഉണ്ടാക്കിയ വാര്‍ത്തകളാണെന്നും അദ്ദേഹം ആരോപിച്ചു. ‘ജനം വെറുത്തിട്ട് എന്ത് സ്ഥാനം കിട്ടിയിട്ട് എന്ത് കാര്യം?’ എന്ന തന്റെ പിതാവ് ഉമ്മന്‍ചാണ്ടിയുടെ വാക്കുകള്‍ ഓര്‍മ്മിപ്പിച്ച ചാണ്ടി ഉമ്മന്‍, കേരളത്തിന്റെ മുഖ്യമന്ത്രിയാണ് പുതുപ്പള്ളിയുടെയും മന്ത്രിയെന്നും അദ്ദേഹത്തിലൂടെ പുതുപ്പള്ളിക്ക് കൃത്യമായ നീതി ലഭിക്കുമെന്നും കൂട്ടിച്ചേര്‍ത്തു.

സത്യപ്രതിജ്ഞാ ചടങ്ങിനായി പുതുപ്പള്ളി എം.എല്‍.എ നടത്തിയ വേറിട്ട യാത്ര ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിക്കഴിഞ്ഞു. ജഗതിയിലെ വസതിയില്‍ നിന്നും ഒരുകൂട്ടം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പം സത്യപ്രതിജ്ഞ നടക്കുന്ന സെന്‍ട്രല്‍ സ്റ്റേഡിയത്തിലേക്ക് അദ്ദേഹം നടന്നു വരികയായിരുന്നു.

സെന്‍ട്രല്‍ സ്റ്റേഡിയത്തിലേക്കുള്ള യാത്രാമധ്യേ, എന്തുകൊണ്ടാണ് നടന്നുപോകാന്‍ തീരുമാനിച്ചതെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് വികാരാധീനനായാണ് ചാണ്ടി ഉമ്മന്‍ മറുപടി നല്‍കിയത്: ‘എന്റെ പിതാവിന്റെ ഓര്‍മ്മകള്‍ നിലനില്‍ക്കുന്ന സത്യപ്രതിജ്ഞയാണിത് എന്നായിരുന്നു. പതിനഞ്ചു വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇതേ ദിവസമാണ് അദ്ദേഹം മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. എന്റെ നാട്ടിലെ ജനങ്ങള്‍ ഇവിടേക്ക് എത്തിയിട്ടുണ്ട്. അവരെയെല്ലാം കൂട്ടി ഒരുമിച്ച്‌ പോകാമെന്ന് വിചാരിച്ചു. അതുകൊണ്ടാണ് നടന്നുപോകാമെന്ന് തീരുമാനിച്ചത് എന്നായിരുന്നു അദ്ദേഹത്തിൻറെ മറുപടി.

അര്‍ഹിച്ച മന്ത്രിസ്ഥാനം ലഭിച്ചില്ലെങ്കിലും തനിക്ക് പരാതികളില്ലെന്നും, മന്ത്രിസഭയില്‍ അംഗമാകാതെ തന്നെ ജനങ്ങള്‍ക്കിടയില്‍ സജീവമായി പ്രവര്‍ത്തിക്കാനാണ് തന്റെ തീരുമാനമെന്നും ചാണ്ടി ഉമ്മന്‍ വ്യക്തമാക്കി.