Spread the love

തിരുവനന്തപുരം: തിരഞ്ഞെടുപ്പിലേറ്റ കനത്ത തോല്‍വിക്ക് പിന്നാലെ സിപിഎമ്മില്‍ സംസ്ഥാന നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനം. ഓരോ ജില്ലകളിലും നടക്കുന്ന സിപിഎം കമ്മിറ്റി യോഗങ്ങളില്‍ സംസ്ഥാന നേതൃത്വത്തിന്റെ വീഴ്ചകളെയും മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രവര്‍ത്തന ശൈലിയെയും പ്രതിക്കൂട്ടിലാക്കിക്കൊണ്ടുള്ള കടുത്ത പ്രതികരണങ്ങളാണ് പുറത്തുവരുന്നത്.

video
play-sharp-fill

തിരുവനന്തപുരം, ഇടുക്കി, ആലപ്പുഴ ജില്ലാ കമ്മിറ്റികളില്‍ സംസ്ഥാന നേതൃത്വത്തിനെതിരെയും പാര്‍ട്ടി സെക്രട്ടറി എം.വി. ഗോവിന്ദനെതിരെയും അസാധാരണമായ വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്. തിരുവനന്തപുരം ജില്ലാ കമ്മിറ്റി യോഗത്തിലും സെക്രട്ടറിയേറ്റിലും സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരെയും കണ്ണൂര്‍ ലോബിക്കെതിരെയും രൂക്ഷമായ ഭാഷയിലാണ് നേതാക്കള്‍ പ്രതികരിച്ചത്.

സംസ്ഥാന സെക്രട്ടറി എന്ന നിലയില്‍ എം.വി. ഗോവിന്ദന്‍ തികഞ്ഞ പരാജയമാണെന്ന് യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു. തിരഞ്ഞെടുപ്പ് കാലത്ത് പാര്‍ട്ടിക്ക് മികച്ച രീതിയില്‍ നേതൃത്വം നല്‍കുന്നതിന് പകരം, ഭാര്യ മത്സരരംഗത്തുണ്ടായിരുന്നതിനാല്‍ ഗോവിന്ദന്‍ പൂര്‍ണ്ണമായും കണ്ണൂരിലേക്ക് കേന്ദ്രീകരിക്കുകയായിരുന്നുവെന്ന് നേതാക്കള്‍ കുറ്റപ്പെടുത്തി. പാര്‍ട്ടി തിരഞ്ഞെടുപ്പില്‍ തകര്‍ന്നടിയാന്‍ കാരണം കണ്ണൂര്‍ പാര്‍ട്ടിയിലെ ആഭ്യന്തര പ്രശ്‌നങ്ങളാണെന്നും, അതിനാല്‍ കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഉടന്‍ തന്നെ പിരിച്ചുവിടണമെന്നും യോഗത്തില്‍ ആവശ്യമുയര്‍ന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തിരുവനന്തപുരം ജില്ലാ സെക്രട്ടറിയാകാന്‍ തക്കവണ്ണമുള്ള നേതാക്കള്‍ ഇവിടെയില്ലെന്ന എം.വി. ഗോവിന്ദന്റെ മുന്‍ പരാമര്‍ശവും യോഗത്തെ പ്രകോപിപ്പിച്ചു. ഗോവിന്ദന്‍ എന്നാണ് പാര്‍ട്ടി പ്രവര്‍ത്തനം തുടങ്ങിയതെന്ന് തങ്ങള്‍ക്ക് നന്നായി അറിയാമെന്ന് മുതിര്‍ന്ന നേതാവ് എന്‍. രതീന്ദ്രന്‍ യോഗത്തില്‍ തിരിച്ചടിച്ചു.

ഇതിനിടെ തിരുവനന്തപുരം ജില്ലാ സെക്രട്ടറി സ്ഥാനത്തിനായി നേതാക്കള്‍ക്കിടയില്‍ ശക്തമായ പിടിവലിയാണ് നടക്കുന്നത്. മുന്‍ മന്ത്രി വി. ശിവന്‍കുട്ടി, വി. ജോയ്, കെ.എസ്. സുനില്‍കുമാര്‍ എന്നിവരാണ് പ്രധാനമായും രംഗത്തുള്ളത്. നിലവിലെ ജില്ലാ സെക്രട്ടറിയായിരുന്ന വി. ജോയ് വീണ്ടും എംഎല്‍എ ആയി തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് പുതിയ സെക്രട്ടറിയെ കണ്ടെത്തേണ്ടി വന്നത്.

തിരഞ്ഞെടുപ്പ് പരാജയത്തിന്റെ പശ്ചാത്തലത്തില്‍ മുന്‍ തിരുവനന്തപുരം മേയര്‍ക്കെതിരെ വി. ശിവന്‍കുട്ടി യോഗത്തില്‍ പരസ്യമായി രംഗത്തുവന്നു. തിരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് മുന്‍ മേയറെ പ്രചാരണ വാഹനത്തില്‍ കയറ്റിയപ്പോള്‍ സ്ത്രീകള്‍ അടക്കമുള്ള വോട്ടര്‍മാര്‍ കടുത്ത രീതിയില്‍ എതിര്‍ത്തു. കാറിത്തുപ്പുന്നതു പോലെയായിരുന്നു ജനങ്ങളുടെ പ്രതികരണമെന്ന് ശിവന്‍കുട്ടി കുറ്റപ്പെടുത്തി.